Connect with us

Kozhikode

വിദ്യാര്‍ഥികളുടെ എണ്ണം കൂടിയത് സര്‍ക്കാര്‍ സ്‌കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങളായതിന് തെളിവ്: വിദ്യാഭ്യാസ മന്ത്രി

Published

|

Last Updated

കോഴിക്കോട്: കഴിഞ്ഞ അധ്യയനവര്‍ഷം സര്‍ക്കാര്‍ സ്‌കൂളുകളിലുണ്ടായ വിദ്യാര്‍ഥികളുടെ വര്‍ധന സ്‌കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങളായതിന് ഉദാഹരണമാണെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ്. കാരപ്പറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രിസം പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും സമ്മാനദാനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ സ്‌കൂളുകളുടെ നിലവാരം വര്‍ധിപ്പിക്കുന്നതിനായി ഒട്ടേറെ പദ്ധതികള്‍ സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നുണ്ടെന്നും ഘട്ടംഘട്ടമായി പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. ഒരു മന്ത്രിയോ എം എല്‍ എയോ മാത്രം വിചാരിച്ചാല്‍ സ്‌കൂളിനെ മാതൃകാ വിദ്യാലയമായി ഉയര്‍ത്താനാകില്ല. അധ്യാപകരുടെയും പി ടി എയുടെയും വിദ്യാര്‍ഥികളുടെയും സമഗ്രമായ പങ്കാളിത്തവും ബഹുമുഖമായ ഇടപെടലും അതിനാവശ്യമാണ്.
എം എല്‍ എമാരുടെ ആസ്തി വികസന ഫണ്ട് വര്‍ധിപ്പിച്ച സര്‍ക്കാറിന്റെ നടപടിയിലൂടെ വിദ്യാഭ്യാസ മേഖലയില്‍ വിപ്ലവകരമായ മാറ്റമുണ്ടാക്കാന്‍ എം എല്‍ എമാര്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എ പ്രദീപ്കുമാര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. മേയര്‍ പ്രൊഫ. എ കെ പ്രേമജം മുഖ്യാതിഥിയായിരുന്നു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ടി കെ അജിതകുമാരി, പി ഡബ്ല്യൂ ഡി കെട്ടിട വിഭാഗം സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ വി ബാലകൃഷ്ണന്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി ഉഷാദേവി, കൗണ്‍സിലര്‍മാരായ ടി കൃഷ്ണദാസ്, പൂളയ്ക്കല്‍ ശ്രീകുമാര്‍, വി സുധീര്‍, മുന്‍ മേയര്‍മാരായ കോളിയോട്ട് ഭരതന്‍, എം ഭാസ്‌കരന്‍, ഡി ഡി ഇ ഗിരീഷ് ചോലയില്‍, ഡി ഇ ഒ. പി സി ജയശ്രീ, ഹയര്‍ സെക്കന്‍ഡറി വിഭാഗം റീജ്യണല്‍ ഡയറക്ര്‍ കെ നൗഷാദ് പ്രസംഗിച്ചു.

Latest