Connect with us

Kerala

അണക്കെട്ടിന് ബലക്ഷയമില്ലെന്ന് മേല്‍നോട്ട സമിതി

Published

|

Last Updated

തൊടുപുഴ: 142 അടിയാക്കി ജലനിരപ്പ് നിലനിര്‍ത്തിയാലും മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്ഷയമുണ്ടാകില്ലെന്ന് സുപ്രീം കോടതി നിയോഗിച്ച മേല്‍നോട്ട സമിതി. ബേബി ഡാമില്‍ കാണുന്നത് ചോര്‍ച്ചയല്ല, ഡാമിലെ ഈര്‍പ്പമാണെന്നും സമിതി വിലയിരുത്തി. അണക്കെട്ട് സുരക്ഷിതമല്ലെന്ന കേരളത്തിന്റെ നിലപാട് അപ്പാടെ തള്ളി, തമിഴ്‌നാടിന് പൂര്‍ണ പിന്തുണ നല്‍കിക്കൊണ്ടാണ് ഇന്നലെ അണക്കെട്ട് സന്ദര്‍ശിച്ച ശേഷം സമിതി നിലപാടെടുത്തത്. സമിതി അധ്യക്ഷനും തമിഴ്‌നാട് സ്വദേശിയുമായ കേന്ദ്ര ജല കമ്മീഷന്‍ ചീഫ് എന്‍ജിനീയര്‍ എല്‍ എ വി നാഥന്‍, തമിഴ്‌നാടിന്റെ പ്രതിനിധിയും പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം ശശികുമാര്‍ എന്നിവര്‍ കൈക്കൊണ്ട ഏകപക്ഷീയ നിലപാടിനെ കേരളത്തിന്റെ പ്രതിനിധിയായ അഡീഷനല്‍ ചീഫ് സെക്രട്ടറി വി ജെ കുര്യന്‍ പ്രതിരോധിച്ചെങ്കിലും ഫലമുണ്ടായില്ല. നാഥന്റെ നിഷ്പക്ഷതയെക്കുറിച്ച് കേരളത്തിന്റെ ആക്ഷേപം നിലനില്‍ക്കുന്നതായി വി ജെ കുര്യന്‍ തുറന്നടിക്കുകയും ചെയ്തു.
മുല്ലപ്പെരിയാറില്‍ ക്രമാതീതമായി ജലനിരപ്പുയര്‍ത്തുന്ന തമിഴ്‌നാടിന് മേല്‍നോട്ട സമിതി അധ്യക്ഷന്‍ നേരത്തെ താക്കീത് നല്‍കിയിരുന്നു. ജലനിരപ്പ് ഉയര്‍ന്ന് 142 അടിയില്‍ എത്തിയാല്‍ നിയന്ത്രിക്കാന്‍ തമിഴ്‌നാടിനാകില്ലെന്നും മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാറില്‍ നിന്ന് വെള്ളം തുറന്നു വിടരുതെന്നും മേല്‍നോട്ട സമിതി അധ്യക്ഷന്‍ തമിഴ്‌നാടിനോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇതിന് കടകവിരുദ്ധമായ സമീപനമാണ് ഇന്നലെ സമിതി അധ്യക്ഷന്‍ കൈക്കൊണ്ടത്.
അണക്കെട്ടിന്റെ സുരക്ഷക്കായി കേന്ദ്ര സേനയെ വിനിയോഗിക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യം നിരാകരിക്കപ്പെട്ടു എന്നതാണ് കേരളത്തിനുണ്ടായ ഏക നേട്ടം. കേരള പോലീസിന്റെ സുരക്ഷാ സംവിധാനം വര്‍ധിപ്പിക്കാനും തീരുമാനമായി. സുരക്ഷ സംസ്ഥാന വിഷയമാണെന്ന് സമിതി വിലയിരുത്തി. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും.
കഴിഞ്ഞയാഴ്ച ഇ എസ് ബിജിമോള്‍ എം എല്‍ എയുടെ സന്ദര്‍ശനത്തിനിടെ ഉണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും രജിസ്റ്റര്‍ സൂക്ഷിക്കാനും തീരുമാനമായി. ജലനിരപ്പ് 136ല്‍ താഴെയെത്തുമ്പോള്‍, ബേബി ഡാമിലെ സ്വീപേജ് ജലത്തിന്റെ അളവ് കൃത്യമായി ശേഖരിക്കുന്നതിനായി ചാല്‍ നിര്‍മിക്കും. നിഷ്പക്ഷത ഉറപ്പാക്കുന്നതിനായി സ്വീപേജ് വെള്ളത്തിന്റെ രാസപരിശോധന കൊച്ചിയിലും കോയമ്പത്തൂരിലും നടത്തും.
സ്വീപേജ് ജലത്തിന്റെ അളവ് കൈമാറുന്നതില്‍ കേരളവും തമിഴ്‌നാടും തമ്മില്‍ ഭിന്നതയില്ലെന്നും നാഥന്‍ അവകാശപ്പെട്ടു. അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കുന്നതില്‍ തീരുമാനം എടുക്കേണ്ടത് കോടതിയാണെന്നും ഇക്കാര്യം സമിതിയുടെ പരിധിയിലല്ലെന്നും അധ്യക്ഷന്‍ അറിയിച്ചു.

Latest