Connect with us

Kozhikode

കൊയിലാണ്ടിയില്‍ അവസാന നിമിഷം മേള മുടങ്ങുന്നത് ഇത് രണ്ടാം തവണ

Published

|

Last Updated

കൊയിലാണ്ടി: വിദ്യാര്‍ഥി മേളകള്‍ കൊയിലാണ്ടിയില്‍ മുടങ്ങുന്നത് ഇത് രണ്ടാം തവണ. 2002ല്‍ റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം പോലീസിന്റെ കാര്‍ക്കശ്യം മൂലമാണ് മുടങ്ങിയതെങ്കില്‍ ഇന്നലെ കായികമേള മുടങ്ങിയത് കായിക വിദ്യാര്‍ഥികളുടെ പ്രതിഷേധം മൂലം.
2002ലെ കലോത്സവത്തിന്റെ പ്രഥമ ദിവസം രാത്രിയില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ അന്നത്തെ റൂറല്‍ പോലീസ് സൂപ്രണ്ട് സുരേഷ് രാജ് പുരോഹിത് ശ്രമിച്ചത് സംഘര്‍ഷത്തിനു വഴിവെച്ചിരുന്നു. ഇതേത്തുടര്‍ന്ന് കലോത്സവം മാറ്റിവെക്കേണ്ടിവന്നു. ഈ കലോത്സവം, സര്‍ക്കാര്‍ തന്നെ ഫണ്ട് അനുവദിച്ച് പിന്നീട് സംഘടിപ്പിക്കുകയായിരുന്നു.
12 വര്‍ഷങ്ങള്‍ക്ക് മുമ്പ് കലോത്സവം അരങ്ങേറിയ വേദിക്കു വിളിപ്പാടകലെ ജില്ലാ കായികമേള അനിശ്ചിതമായി നീട്ടിവെക്കേണ്ടിവന്നത് അധ്യാപക തസ്തികയിലെ തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ കായിക വിദ്യാര്‍ഥികളുടെ പരാതികള്‍ പരിഗണിച്ചില്ലെന്ന പരിഭവത്തെ തുടര്‍ന്നുള്ള പ്രതിഷേധം മൂലമാണ്.
ഡിസംബര്‍ 20ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന കായികമേളയില്‍ പങ്കെടുക്കാന്‍ അതിനു മുമ്പ് ജില്ലാ മത്സരം തീര്‍ക്കേണ്ടതുണ്ട്. എറണാകുളം, കോട്ടയം, മലപ്പുറം ജില്ലകളിലും കായികമേള തടസ്സപ്പെട്ടിരുന്നു.

Latest