Connect with us

Kerala

മാണിക്കെതിരെ കേരള കോണ്‍ഗ്രസില്‍ പടയൊരുക്കം

Published

|

Last Updated

കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിന്റെ അവസാന വാക്കായ കെ എം മാണിക്കെതിരെ ബാര്‍ കോഴ വിവാദം ആളിക്കത്തിക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ ഒരുവിഭാഗം ഒളിഞ്ഞും തെളിഞ്ഞും ഇടപെട്ടെന്ന് വിലയിരുത്തല്‍. ജോസ് കെ മാണിയെ പാര്‍ട്ടിയുടെ കടിഞ്ഞാന്‍ ഏല്‍പ്പിക്കാന്‍ കെ എം മാണി അടുത്തകാലത്ത് നടത്തിവന്ന നീക്കങ്ങളാണ് മാണിക്കെതിരെ ലഭിച്ച അസുലഭ സന്ദര്‍ഭം പരമാവധി ഉപയോഗിക്കാന്‍ ഒരുവിഭാഗം നേതാക്കളെ പ്രേരിപ്പിച്ചിരിക്കുന്നത്.
പാര്‍ട്ടിലെ പ്രമുഖ നേതാവിന്റെ നേതൃത്വത്തിലാണ് ജോസ് കെ മാണിക്കെതിരെ പടയൊരുക്കം ആരംഭിച്ചിരിക്കുന്നത്. ഈ നീക്കത്തിന് കേരള കോണ്‍ഗ്രസിലെ രണ്ടാംനിര നേതാക്കളുടെ പിന്തുണയുമുണ്ട്. പാലായിലെ വീട്ടില്‍ വെച്ച് ബാര്‍ അസോസിയേഷന്‍ ഭാരവാഹികളില്‍ നിന്ന് കോഴപ്പണം മാണി വാങ്ങിയെന്ന് ബിജു രമേശ് വെളിപ്പെടുത്തിയപ്പോള്‍ കോണ്‍ഗ്രസിലെ ഒരുവിഭാഗം നടത്തിയ നീക്കങ്ങളായിട്ടാണ് പി സി ജോര്‍ജ് അടക്കമുള്ളവര്‍ തുടക്കത്തില്‍ ആരോപണം ഉന്നയിച്ചത്. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബാര്‍ കോഴ വിവാദം പരമാവധി മാണിയെ അടിക്കാനുള്ള ആയുധമാക്കാന്‍ കേരള കോണ്‍ഗ്രസിലെ പ്രബല വിഭാഗം തീരുമാനിക്കുകയായിരുന്നു.
കേരള കോണ്‍ഗ്രസിന്റെ സുവര്‍ണ ജൂബിലി സമ്മേളനത്തില്‍ മുതിര്‍ന്ന നേതാക്കളെപ്പോലും അവഗണിച്ച് ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ സമൂഹവിവാഹ ചടങ്ങുകള്‍ നടത്തിയത് ഏറെ അടക്കംപറച്ചിലുകള്‍ക്ക് വഴിവെച്ചിരുന്നു. ബാര്‍ കോഴ വിവാദം ഉയര്‍ന്നപ്പോള്‍ പദവികള്‍ രാജിവെച്ച് പുറത്തു നിന്ന് പിന്തുണ നല്‍കണമെന്ന ആശയം പാര്‍ട്ടിയിലെ ഒരുവിഭാഗം നിലപാട് എടുത്തപ്പോള്‍ ഏറെക്കാലമായി ബദ്ധവൈരികളായി നില്‍ക്കുന്ന ജോസഫും ജോര്‍ജും എതിര്‍പ്പിന്റെ സ്വരം ഒന്നിച്ചെടുത്തതും ഔദ്യോഗിക പക്ഷത്തെ ഞെട്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ ലഭിക്കാത്തതിന്റെ പേരില്‍ മാണിയുമായി അസ്വാരസ്യമുണ്ടായ അര ഡസനിലധികം നേതാക്കള്‍ പാര്‍ട്ടിയിലുണ്ട്. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ പല നേതാക്കളും പ്രതീക്ഷിച്ച ബോര്‍ഡ് കോര്‍പറേഷന്‍ പദവികള്‍ മാണി സ്വന്തം ഇഷ്ടക്കാര്‍ക്ക് മാത്രമായി വീതിച്ചുനല്‍കിയെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.
അടുത്തകാലത്ത് മാണി വിഭാഗത്തില്‍ ലയിച്ച പി ജെ ജോസഫ്, പി സി ജോര്‍ജ് വിഭാഗം നേതാക്കള്‍ മാണിയുടെ ഇത്തരം നടപടികളില്‍ ഏറെ അസംതൃപ്തരാണ്. എന്നാല്‍ പലപ്പോഴും നേതൃത്വത്തിനെതിരെ വിമര്‍ശങ്ങള്‍ ഉയരുമ്പോള്‍ നേതാക്കളെ കെ എം മാണി നേരില്‍ വിളിപ്പിച്ച് സാന്ത്വനിപ്പിച്ച് രംഗം ശാന്തമാക്കുകയാണ് പതിവ്.
ഇതിനിടെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ജോസ് കെ മാണിയെ പാര്‍ട്ടിയുടെ കടിഞ്ഞാന്‍ ഏല്‍പ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ കെ എം മാണിയുടെ അറിവോടെ ജൂബിലി സമ്മേളനത്തിന്റെ മറവില്‍ സജീവമായി നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ഒമ്പതുമാസമായി പാര്‍ട്ടി സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന മുഴുവന്‍ പരിപാടികളുടെയും മുന്‍നിരയില്‍ ജോസ് കെ മാണിയുടെ സാന്നിധ്യവും ഇടപെടലുമുണ്ട്.
കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാവ് കെ എം ജോര്‍ജിന്റെ മകനും പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ഫ്രാന്‍സിസ് ജോര്‍ജ് അടക്കമുള്ള നേതാക്കളെ മുന്‍നിരയില്‍ നിന്ന് പാടേ ഒഴിവാക്കിയാണ് ജോസ് കെ മാണിയെ നേതൃസ്ഥാനത്തേക്ക് കൈപിടിച്ചുയര്‍ത്താന്‍ പാര്‍ട്ടിക്കുള്ളിലെ ഒരുവിഭാഗം നേതാക്കള്‍ ശ്രമിക്കുന്നത്.
ജോസ് കെ മാണിയെ ഉയര്‍ത്തികൊണ്ടുവരുന്നതില്‍ പി ജെ ജോസഫ്, പി സി ജോര്‍ജ് അടക്കമുള്ള നേതാക്കള്‍ക്ക് വൈമനസ്യമുണ്ടെന്ന പരാതി അവഗണിച്ചാണ് മകനുവേണ്ടി മാണി കരുക്കള്‍ നീക്കുന്നത്. ജോസ് കെ മാണിയുടെ അപ്രമാദിത്വം തടയാന്‍ മാണിക്കെതിരായ ബാര്‍ കോഴ വിവാദം പരമാവധി ചര്‍ച്ചയാക്കി പാര്‍ട്ടി നേതൃത്വത്തെ പ്രതിരോധത്തിലാക്കലും ഇതുവഴി ഒരുവിഭാഗം നേതാക്കള്‍ ലക്ഷ്യം വെക്കുന്നു.

Latest