Connect with us

Malappuram

അനധികൃത ഓട്ടോകള്‍ സര്‍വീസ് നടത്തുന്നു

Published

|

Last Updated

കോട്ടക്കല്‍: ടൗണില്‍ അനധികൃത ഓട്ടോകള്‍ പെരുകിയിട്ടും നടപടിയില്ലാതെ പോലീസ്. ദിനം പ്രതി ഒട്ടേറെ അനധികൃത ഓട്ടോകളാണ് ടൗണില്‍ ഓടാനെത്തുന്നത്. ഇവ ഉപയോഗിച്ച് സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ നിരവധി കുറ്റകൃത്യങ്ങള്‍ നടക്കുന്നുണ്ടെന്നറിഞ്ഞിട്ടും പോലീസിന് കുലുക്കമില്ലെന്നാണ് ആരോപണം. പെര്‍മിറ്റുള്ള നൂറ് കണക്കിന് ഓട്ടോ തൊഴിലാളികളെ നോക്കുകുത്തിയാക്കിയാണ് ഇവ ടൗണില്‍ ഓടുന്നത്.
പോലീസ് പ്രഖ്യാപിച്ച ഒരു നിര്‍ദേശവും ഇവക്ക് ബാധകമാകുന്നില്ലെന്ന് ടൗണിലെ ഓട്ടോ തൊഴിലാളികള്‍ പറയുന്നു. അനധികൃത ഓട്ടോകളെ കൈയോടെ പിടിച്ച് നല്‍കിയിട്ടും യാതൊരു നടപടിയുമില്ലാതെ വിട്ടയക്കുന്ന സമീപനമാണ് പോലീസിന്. ഉയര്‍ന്ന പോലീസ് വകുപ്പില്‍ വരെ പരാതി നല്‍കിയിട്ടും പരാതികാരനെ പ്രതിയാക്കുന്ന നിലപാടാണ് കോട്ടക്കല്‍ പോലീസിന്റെതെന്നും ഇവര്‍ ആരോപിക്കുന്നു. നേരത്തെ ടൗണിലെ അനധികൃത ഓട്ടോകളെ തിരിച്ചറിയാന്‍ പോലീസ് സ്വീകരിച്ച നടപടികള്‍ ഇപ്പോള്‍ പോലീസ് തന്നെ താളം തെറ്റിച്ചെന്നാണ് മറ്റൊരാരോപണം. ഡ്രൈവര്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നടപ്പിലാക്കിയിരുന്നെങ്കിലും ഇതുപയോഗിക്കുന്നുണ്ടോ എന്ന് പോലും പരിശോധിക്കുന്നില്ല.
പല പ്രദേശത്ത് നിന്നും നിരവധി ഓട്ടോകള്‍ ടൗണില്‍ വന്ന് ഓടുന്നതിനാല്‍ അംഗീകൃത തൊഴിലാളികള്‍ കഷ്ടത്തിലാണിപ്പോള്‍. പോലീസിന്റെ കണ്ണ് വെട്ടിക്കാനായി നമ്പറില്ലാതെ സ്റ്റിക്കര്‍ മാത്രം പതിച്ചും അല്ലാതെയും ഇത്തരക്കാര്‍ ടൗണില്‍ ഓടുന്നുണ്ട്. അനധികൃത മദ്യവില്‍പ്പന തുടങ്ങിയവയും ഇത്തരം ഓട്ടോകള്‍ ഉപയോഗിച്ച് ടൗണില്‍ നടക്കുന്നുണ്ട്.
അമിത ചാര്‍ജ് ഈടാക്കുന്നതിനാല്‍ മാന്യമായി ഓട്ടം നടത്തുന്നവര്‍ പോലും ആക്ഷേപത്തിന് അര്‍ഹരാവുകയാണ്. ഇത്തരം കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കോട്ടക്കല്‍ പോലീസിനും മറ്റും പരാതി നല്‍കിയിട്ടും മറുപടിപോലും തരാന്‍ പോലീസിനായിട്ടില്ലെന്നും തൊഴിലാളികള്‍ ആരോപിക്കുന്നു. ചില യൂനിയനുകളും ഇത്തരക്കാര്‍ക്ക് കൂട്ട് നില്‍ക്കുന്നതാണ് ഇവര്‍ക്ക് രക്ഷ. ട്രാഫിക്ക് ഉപദേശക സമിതി പ്രശ്‌നം ചര്‍ച്ച ചെയ്യുന്നില്ലെന്നും തൊഴിലാളികള്‍ ആരോപിക്കുന്നു. യാത്രക്കാരെയും അംഗീകൃത തൊഴിലാളികളെയും കഷ്ടത്തിലാക്കുന്ന അനധികൃത ഓട്ടോകള്‍ക്കെതിരെ നടപടി എടുക്കാത്ത വകുപ്പ് അധികൃതര്‍ക്കെതിരെ പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ് ഓട്ടോ തൊഴിലാളികള്‍.