Connect with us

Wayanad

മൊബൈല്‍ ഫോണ്‍ ദുരുപയോഗം കുടുംബ ബന്ധം തകര്‍ക്കും: വനിതാ കമ്മീഷന്‍

Published

|

Last Updated

കല്‍പ്പറ്റ: മൊബൈല്‍ ഫോണ്‍ ദുരുപയോഗം ഭാര്യ-ഭര്‍തൃ ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുമെന്ന് വനിതാകമ്മീഷന്‍ അധ്യക്ഷ കെ സി റോസക്കുട്ടി ടീച്ചര്‍. വയനാട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന മെഗാ വനിതാ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍. കമ്മീഷന്റെ മുന്നിലെത്തുന്ന പരാതികളില്‍ ഇത്തരത്തിലുള്ള കേസുകളുടെ എണ്ണം വര്‍ധിച്ച് വരികയാണ്. അസമയത്തും തുടര്‍ച്ചയായുമുള്ള ഫോണ്‍ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് പിന്നീട് ബ്ലാക്ക്‌മെയില്‍ ചെയ്യാനുള്ള സാധ്യതയും കൂടുതലാണ്. ഇത് വിവാഹ മോചനത്തിനും പരസ്പര വിശ്വാസം തകരുന്നതിനുമിടയാക്കുമെന്നും വനിതാകമ്മീഷന്‍ അദ്ധ്യക്ഷ പറഞ്ഞു.
ഭര്‍ത്താവും ഭര്‍ത്താവിന്റെ മാതാപിതാക്കളും സഹോദരിയും ആസൂത്രിതമായി പീഡിപ്പിക്കുന്നുവെന്ന പരാതിയില്‍ പരാതിക്കാരിക്ക് സൗജന്യ നിയമസഹായം നല്‍കും. അക്കൗണ്ടന്റായി ജോലിചെയ്ത ഓഫീസ് ജീവനക്കാരി പണം അപഹരിച്ചെന്ന തൊഴിലുടമ വ്യാജപരാതി ഉന്നയിക്കുകയും അതിന് സ്ഥലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കൂട്ടുനില്‍ക്കുകയും ചെയ്തുവെന്ന യുവതിയുടെ പരാതിയില്‍ നിയമ നടപടികള്‍ സ്വീകരിക്കാനും കമ്മീഷന്‍ തീരുമാനിച്ചു. കേസുമായി മുന്നോട്ട്‌പോവുന്നതിന് യുവതിക്ക് ആവശ്യമായ സഹായവും കമ്മീഷന്‍ നല്‍കും.
ലഭിച്ച 52 പരാതികളില്‍ 38 എണ്ണം തീര്‍പ്പാക്കി. രണ്ട് പരാതികളില്‍ കൗണ്‍സലിങ് നല്‍കാനും 12 കേസുകള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കാനും തീരുമാനിച്ചു. വനിതാകമ്മീഷന്‍ ഡയറക്ടര്‍ അനില്‍കുമാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഡി.വൈ.എസ്.പി. പ്രിന്‍സ് അബ്രഹാം, വനിതാസെല്‍ സി.ഐ. ഉഷാകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.

Latest