Connect with us

Gulf

സ്വപ്‌നങ്ങള്‍ ബാക്കിവെച്ച് അഹ്മദ് യാത്രയായി

Published

|

Last Updated

അബുദാബി: സ്വപ്‌നങ്ങള്‍ നിറവേറ്റാനാകാതെ ബി എ അഹ്മദ് ഈ ലോകത്തോട് വിട പറഞ്ഞു. അബുദാബി ഹംദാന്‍ സ്ട്രീറ്റില്‍ വാഹനാപകടത്തില്‍പെട്ട് ഏറെ ദിവസമായി ചികിത്സയിലായിരുന്ന തളങ്കര ഖാസിലൈന്‍ സ്വദേശി അഹ്മദിന് നിരവധി സ്വപ്‌നങ്ങളുണ്ടായിരുന്നു. 28 വര്‍ഷമായി പ്രവാസിയാണ്. ഇദ്ദേഹത്തിന്റെ വലിയ സ്വപ്‌നമായിരുന്നു ഭാര്യയെ ഗള്‍ഫ് കാണിച്ചു കൊടുക്കുക എന്നത്. വര്‍ഷങ്ങള്‍ നീണ്ട ആഗ്രഹങ്ങള്‍ക്കൊടുവില്‍ ഭാര്യ ഖദീജ നാട്ടില്‍ നിന്നു അബുദാബിയില്‍ എത്തിയ ദിവസമാണ് അഹ്മദ് അപകടത്തില്‍പെട്ടത്. 28 വര്‍ഷമായി കര്‍ണാടക സ്വദേശിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന അറബ് ഉഡുപ്പി റസ്റ്റോറന്റില്‍ ഡെലിവറി ബോയിയായി ജോലി ചെയ്യുന്ന അഹമദ് ഭാര്യയെ കൊണ്ട് വരണമെന്ന ആഗ്രഹം ഉടമയുടെ മുന്നില്‍ അവതരിപ്പിച്ചപ്പോള്‍ ആവശ്യം അംഗീകരിച്ചത് കൂടാതെ താമസ സൗകര്യം ഹോട്ടല്‍ മാനേജ്‌മെന്റ് നല്‍കിയിരുന്നു.

വൈകുന്നേരം ആറുമണിയോട് കൂടി ഹംദാന്‍ സ്ട്രീറ്റില്‍ ബസ് സ്റ്റോപ്പിനടുത്ത് സുഹൃത്തിനെ കാത്തുനില്‍ക്കുകയായിരുന്ന അഹ്മദിന് നേരെ നിയന്ത്രണം വിട്ട് എത്തിയ കാര്‍ ഇടിക്കുകയായിരുന്നു. മൂന്നാഴ്ചയോളം ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കിടന്ന ഇദ്ദേഹം ഇന്നലെയാണ് മരിച്ചത്.
ഭാര്യ ഖദീജ കഴിഞ്ഞ ദിവസമാണ് നാട്ടിലേക്ക് പോയത്. മകളുടെ ഭര്‍ത്താവ് സമീര്‍ അബുദാബിയിലുണ്ട്.
കല്യാണം കഴിയാത്ത രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമുണ്ട് അഹമദിന്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മരണത്തില്‍ അബുദാബി ഇന്ത്യന്‍ ഇന്റര്‍നാഷനല്‍ കള്‍ച്ചറല്‍ സെന്റര്‍ ഭാരവാഹികള്‍ അനുശോചിച്ചു.

 

 

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

Latest