Connect with us

Thrissur

കവര്‍ച്ചാ കേസുകളിലെ പ്രതി അറസ്റ്റില്‍

Published

|

Last Updated

തൃശൂര്‍: നിരവധി കവര്‍ച്ചാകേസുകളിലെ പ്രതിയെ ഷാഡോ പോലീസും വിയ്യൂര്‍ പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ പ്രതി കളവുനടത്തിയത് മുപ്പതോളം വീടുകളില്‍. സ്വര്‍ണ്ണവും പണവും വിലപിടിപ്പുള്ള സാധനങ്ങളുമാണ് മോഷ്ടിച്ചവയില്‍ ഏറേയും.
തമിഴ്‌നാട് വാല്‍പ്പാറ പുത്തന്‍പീടികയില്‍ അന്‍വര്‍ സാദത്തിനെ(30)യാണ് സിറ്റിപോലീസ് കമ്മീഷണര്‍ ജേക്കബ്ബ് ജോബിന്റെ നിര്‍ദ്ദേശാനുസരണം ഷാഡോ പോലീസും വിയ്യൂര്‍ പോലീസും ചേര്‍ന്ന് അറസ്റ്റുചെയ്തത്. മോഷണം നടത്തിയത് ഏറേയും വടക്കാഞ്ചേരി വിയ്യൂര്‍, മുളംകുന്നത്തുകാവ് ഭാഗങ്ങളില്‍നിന്നും.
മുളംകുന്നത്തുകാവില്‍ പോസ്റ്റോഫീസ് കുത്തിപ്പൊളിച്ച് പണവും മുളംകുന്നത്തുകാവില്‍തന്നെയുള്ള മുരളീധരന്റെ വീട് കുത്തിതുറന്ന് എട്ടര പവന്‍ സ്വര്‍ണ്ണാഭരണങ്ങളും വാഴക്കോട് ഫ്രാന്‍സിസ് എന്ന ആളുടെ വീട് കുത്തിതുറന്ന് 9000 രൂപയും വടക്കാഞ്ചേരിയില്‍ റെയില്‍വേ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന രാജന്റെ വീട് കുത്തിതുറന്ന് സ്വര്‍ണ്ണ മോതിരവും പത്താംകല്ല് സ്വദേശി ഷെറീഫിന്റെ വീട്ടില്‍നിന്നും രണ്ടര പവന്‍ സ്വര്‍ണ്ണാഭരണങ്ങളും മറ്റൊരു വീട്ടില്‍ നിന്നും വിലപിടിപ്പുള്ള ക്യാമറയും മോഷ്ടിച്ചതായി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. കൂടാതെ വടക്കാഞ്ചേരി, വിയ്യൂര്‍, മുളംകുന്നത്തുകാവ് മേഖലയില്‍ എട്ടോളം വീടുകളില്‍ മോഷണം നടത്തിയതായും ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
ഇന്നലെ മുളംകുന്നത്തുകാവ് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വെച്ചാണ് പേരാമംഗലം സി ഐ അബ്ദുള്‍ മുനീറിന്റെ മേല്‍നോട്ടത്തില്‍ വിയ്യൂര്‍ എസ് ഐ മോഹന്‍ദാസ്, ഷാഡോ പോലീസ് അംഗങ്ങളായ എ എസ് ഐ മാരായ ഡേവീഡ്, വിജയന്‍, അന്‍സാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സുവ്രതകുമാര്‍, പി എം റാഫി, ഗോപാലകൃഷ്ണന്‍, സി പി ഒ മാരായ പഴനിസ്വാമി, ഉല്ലാസ്, ലികേഷ് എന്നിവരടങ്ങിയ സംഘം പ്രതിയെ അറസ്റ്റുചെയ്തത്. പ്രതിയുടെ പക്കല്‍നിന്നും 34 ഗ്രാം സ്വര്‍ണ്ണം കണ്ടെടുത്തു. ബാക്കികളവുമുതലുകള്‍ കണ്ടെടുക്കാന്‍ പോലീസ് ശ്രമം ആരംഭിച്ചു.

 

Latest