Connect with us

Articles

മഹാരാഷ്ട്രയില്‍ നിന്നുള്ള പ്രധാന വാര്‍ത്തകള്‍

Published

|

Last Updated

പൊട്ടിത്തെറികള്‍ തീര്‍ത്ത വീറും വാശിയുമാണ് ഇത്തവണത്തെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്. പാമ്പ് ഓല കൊണ്ടുള്ളതാണെങ്കിലും ഒരു മാത്ര ഞെട്ടാന്‍ അത് ധാരാളം മതിയല്ലൊ. അത്രയേ ശിവസേനയും ചെയ്തുള്ളൂ. “എന്റെ പ്രദേശത്ത് ഞാന്‍ തന്നെ രാജാവ്” എന്ന മിഥ്യാധാരണയെ തത്വവത്കരിക്കുകയും രാഷ്ട്രീയത്തില്‍ പ്രയോഗിക്കുകയും ചെയ്തതു ശിവസേനയുടെ ഉദ്ധവ് താക്കറെ. “എല്ലായിടത്തും നിങ്ങള്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നു, നടപ്പില്‍ വരുത്തുന്നു; ഞങ്ങള്‍ കാഴ്ചക്കാരാകുന്നു. എന്നാല്‍, ഇവിടെ ഞങ്ങള്‍ തീരുമാനിക്കും, പ്രയോഗത്തില്‍ വരുത്താന്‍ നിങ്ങളുടെ സഹായം വേണം.”
തീരുമാനം കൈക്കൊള്ളാനും പ്രഖ്യാപിക്കാനുമുള്ള അധികാരത്തില്‍ കൈയിട്ടപ്പോള്‍ പത്തിക്കടിയേറ്റ പരിവത്തിലായി ബി ജെ പി. പിന്നെ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറാകാതെ കൂട്ടുകെട്ട് തന്നെ ഉപേക്ഷിച്ചു. 25 വര്‍ഷം തോളില്‍ കൈയിട്ട് നടന്നതല്ലേ, ഇങ്ങനെയൊക്കെ ചെയ്യാമോയെന്ന് ശിവസേന പരിദേവനം കൊണ്ടെങ്കിലും അമിത് ഷായും സംഘവും അനങ്ങിയില്ലെന്ന് മാത്രമല്ല, മഹായുതി സഖ്യത്തിലെ ചെറു കക്ഷികളെ മെരുക്കിയെടുക്കുകയും ചെയ്തു. മണ്ണിന്റെ മക്കള്‍ വാദത്തിന്റെയും വെറുപ്പിന്റെയും വിത്തുകള്‍ വിതച്ച് ശക്തനാകുകയും മാതോശ്രീയെന്ന സമാന്തര ഭരണ കാര്യാലയം നിര്‍മിക്കുകയും ചെയ്ത “ഹിന്ദു ഹൃദയ സാമ്രാട്ട്” ബാലാ സാഹെബ് താക്കറെ മരിച്ച ശേഷമുള്ള ആദ്യ നിയസമഭാ തിരഞ്ഞെടുപ്പില്‍ തന്നെ ശിവസേന നിഷ്പ്രഭമാകുമോയെന്നതാണ് പ്രസക്തമാകുന്ന ചോദ്യം.
സമാന ആശയധാരയില്‍ പ്രവര്‍ത്തിക്കുന്നവരായിട്ടും അധികാരത്തര്‍ക്കത്തില്‍ താക്കറെയോട് തെറ്റിപ്പിരിഞ്ഞ് മഹാരാഷ്ട്ര നവ നിര്‍മാണ സേന (എം എന്‍ എസ്) ഉണ്ടാക്കിയ “മരുമകന്‍” രാജ് താക്കറെയുടെ സഹായം ബി ജെ പി ഉറപ്പാക്കിയിട്ടുണ്ടെന്നാണ് പറയുന്നത്. കോണ്‍ഗ്രസുമായുള്ള ഒന്നര പതിറ്റാണ്ട് നീണ്ട സഖ്യത്തില്‍ നിന്ന് വിട പറഞ്ഞ എന്‍ സി പിയും ഒരു പക്ഷേ താമരക്കുളത്തിലേക്ക് ചുവട് മാറ്റിയേക്കാമെന്നും സംസാരമുണ്ട്. എന്തായാലും അടുത്തിടെയൊന്നും കാണാത്ത ഒരു കൂട്ടം ഘടകങ്ങളാല്‍ മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് രാഷ്ട്ര ശ്രദ്ധയാകര്‍ഷിക്കുകയാണ്.
സ്വന്തം അധികാരവും സ്വാധീനവും നിര്‍ണയിക്കുന്ന അതിര്‍ത്തിയില്‍ ചെക്ക് പായിന്റ് നിര്‍മിക്കുകയായിരുന്നു ശിവസേനയും എന്‍ സി പിയും. 130 സീറ്റുകളും മുഖ്യമന്ത്രിപദത്തിന് അര്‍ഹതയുമുണ്ടെന്ന മുന്നേറ് ബൂമറാംഗായി ശിവസേനക്ക്. ലോക്‌സഭാ, നിയസഭാ ഉപതിരഞ്ഞെടുപ്പ് ഫലം ബി ജെ പിക്ക് എതിരായത് ശിവസേന മുതലാക്കി. “കേന്ദ്രത്തില്‍ മോദിയെ അധികാരത്തിലേറ്റാന്‍ ഞങ്ങള്‍ വിയര്‍പ്പൊഴുക്കി. മഹാരാഷ്ട്ര വന്‍ വിജയമാണ് ബി ജെ പിക്ക് നല്‍കിയത്. അതിനാല്‍, ഇപ്രാവശ്യം ഞങ്ങളെ അധികാരത്തിലേറ്റാന്‍ നിങ്ങള്‍ സഹകരിക്കണം” ഈ സന്ദേശം പ്രസരിപ്പിക്കുകയായിരുന്നു ശിവസേന. തനിക്ക് മുഖ്യമന്ത്രിയാകാന്‍ ആഗ്രഹമുണ്ടെന്ന ഉദ്ധവിന്റെ അഭിപ്രായ പ്രകടനം അതിന്റെ ഭാഗമാണ്. ബി ജെ പിക്ക് കനത്ത താക്കീത് നല്‍കുന്നതും പാര്‍ട്ടിയുടെ ശക്തി പറഞ്ഞുറപ്പിക്കുന്നതും ആയിരുന്നു ഉദ്ധവിന്റെ അന്നത്തെ സംസാര ശൈലി. ആരുടെ “മുഖം” (മുഖ്യമന്ത്രി) വേണമെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. ഒരു പദവിക്ക് പിന്നാലെയും പോകുന്നില്ല. എന്നാല്‍ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയുമില്ല. ആ “മുഖം” ശിവസേനയില്‍ നിന്നാണെങ്കിലോ എന്ന ചോദ്യത്തിന്, ശിവസേനയില്‍ നിന്ന് മാത്രമായിരിക്കുമെന്നായിരുന്നു ഉദ്ധവിന്റെ മറുപടി. നേതൃപാടവത്തിന്റെ ഉത്തോലകം അദ്ദേഹം വെച്ചത് ബാലെ സാഹിബിന്റെ മകനെന്നതിലായിരുന്നു. രാഷ്ട്രീയത്തിലെ കുടുംബവാഴ്ച അരക്കിട്ടുറപ്പിക്കുകയായിരുന്നു ഉദ്ധവ്.
2009ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 160 സീറ്റുകളില്‍ ശിവസേന മത്സരിച്ചെങ്കിലും 44 എണ്ണത്തില്‍ മാത്രമേ ജയിച്ചുള്ളൂ. അതേസമയം, 119 സീറ്റുകളില്‍ മത്സരിച്ച ബി ജെ പി 46 എണ്ണം നേടി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി 23 സീറ്റുകള്‍ നേടിയപ്പോള്‍ ശിവസേന 18 എണ്ണമാണ് നേടിയത്. ഈ യാഥാര്‍ഥ്യമാണ് ബി ജെ പി മുന്നോട്ടുവെച്ചത്. ഉദ്ധവ് പറഞ്ഞത് മറ്റൊന്നാണ്; അടിത്തറ സുദൃഢമാക്കാന്‍ ലക്ഷ്യമിടുന്ന ഏതൊരു പാര്‍ട്ടിയും നിലവിലെ യാഥാര്‍ഥ്യമനുസരിച്ചാണ് തീരുമാനങ്ങള്‍ കൈക്കൊള്ളുക. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മാറ്റത്തിനുള്ള ഒരു “മുഖം” (മോദി) കണ്ടാണ് ജനങ്ങള്‍ വോട്ട് ചെയ്തത്. മഹാരാഷ്ട്രയിലെ വിജയത്തില്‍ ശിവസേനയുടെ സംഭാവന അവഗണിക്കാന്‍ സാധിക്കില്ല. തമിഴ്‌നാട്, പഞ്ചാബ്, ഒഡീഷ, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ മോദി തരംഗമുണ്ടാക്കിയോ? അത് സഖ്യകക്ഷികളുമായി ബന്ധപ്പെട്ടതാണ്. ഇങ്ങനെ നീണ്ടു ഉദ്ധവിന്റെ അന്നത്തെ ഉപദേശം.
ഈ ഉണ്ടയില്ലാ വെടിയുടെ വാരാന്ത്യത്തില്‍ തന്നെ ബി ജെ പി പ്രതികരിച്ച് തുടങ്ങി. ശിവസേന വെച്ചുനീട്ടിയ 119 സീറ്റുകള്‍ പ്രധാന രാജാവിനെ അപമാനിക്കുന്നതിന് തുല്യമാണെന്നും മാറിയ സാഹചര്യത്തില്‍ ശിവസേന കുറച്ചുകൂടി പക്വമതിയാകേണ്ടിയിരുന്നെന്നും ബി ജെ പി വിലയിരുത്തി. ലോക്‌സഭയിലേക്ക് ബി ജെ പി മിഷന്‍ 272+ പ്രഖ്യാപിച്ചു. ഇവിടെ ഞങ്ങള്‍ മിഷന്‍ 150+ പ്രഖ്യാപിക്കുന്നുവെന്ന സമാധാനിപ്പിക്കലൊന്നും അമിത് ഷാ അംഗീകരിച്ചില്ല. ഒടുവില്‍ 128 സീറ്റു തരാം 155ല്‍ തങ്ങള്‍ മത്സരിക്കുമെന്ന മഹായുതിയിലെ ചെറു കക്ഷികളെ കാഴ്ചക്കാരാക്കുന്ന ഫോര്‍മുല മാതോശ്രീയില്‍ നിന്ന് വിളംബരം ചെയ്‌തെങ്കിലും പിറ്റേന്ന് വൈകുന്നേരത്തോടെ എല്ലാം വിട്ടെറിഞ്ഞ് ബി ജെ പി പടിയിറങ്ങി. അതോടെ മറാത്തക്കാരുടെ സംരക്ഷകനായി മുഖ്യമന്ത്രി കസേര മാതോശ്രീയിലേക്ക് മാറ്റാമെന്ന ഉദ്ധവിന്റെയും മകന്‍ ആതിദ്യ താക്കറെയുടെയും ഒരു പിടി സ്വപ്‌നങ്ങള്‍ ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നടിയുകയായിരുന്നു. കോണ്‍ഗ്രസില്‍ നിന്നും എന്‍ സി പിയില്‍ നിന്നും മറു കണ്ടം ചാടിയ വലിയൊരു സംഘത്തിന് അപ്പക്കഷ്ണം നീട്ടിക്കൊടുത്തിരിക്കുകയാണ് ബി ജെ പി. പലയിടത്തും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ മത്സരിക്കുന്നത് വിമതരാണ്. പൃഥ്വിരാജ് ചവാനെതിരെ ബി ജെ പി മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസ് വിമതന്‍ അതുല്‍ ഭോസ്‌ലെയെയാണ്.
ഏറെക്കുറെ സമാന കാരണങ്ങള്‍ തന്നെയാണ് കോണ്‍ഗ്രസുമായി എന്‍ സി പിയും അകലാന്‍ കാരണം. കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ സീറ്റുകള്‍ കൂടുതല്‍ േവണമെന്നും സര്‍ക്കാറില്‍ നേതൃസ്ഥാനം വേണമെന്നുമാണ് എന്‍ സി പിയുടെ ആവശ്യം. എന്നാല്‍ 118 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് മേധാവിത്വം സ്ഥാപിക്കാന്‍ ശ്രമിച്ചത് എന്‍ സി പിയെ ചൊടിപ്പിച്ചു. സഖ്യം കാറ്റില്‍ പറക്കുകയും ചെയ്തു. ഇരു സഖ്യങ്ങളുടെയും തകര്‍ച്ച സമ്പൂര്‍ണമായത് ഒരേ ദിവസമായത് മാധ്യമങ്ങള്‍ക്ക് ചാകരയായി. 144 സീറ്റുകളാണ് എന്‍ സി പി ആവശ്യപ്പെട്ടത്. പരമാവധി 124 മാത്രമെന്ന് കോണ്‍ഗ്രസും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വട്ടപ്പൂജ്യമായത് നിരന്തരം ചൂണ്ടിക്കാട്ടി സോണിയയെയും രാഹുലിനെയും അസ്തപ്രജ്ഞരാക്കിയാണ് ശരത് പവാറും പ്രഫുല്‍ പട്ടേലും അജിത് പവാറും സീറ്റുകളില്‍ കടുംപിടുത്തം പിടിച്ചത്. രാഹുലുമായി പ്രചാരണ വേദി പങ്കിടില്ലെന്ന് പവാര്‍ പ്രഖ്യാപിച്ചിരുന്നു. കേന്ദ്രത്തിലെ അഴിമതി പരമ്പരകള്‍ക്ക് പുറമെ ആദര്‍ശ് ഫഌറ്റ് കുംഭകോണത്തില്‍ സ്ഥാനം നഷ്ടമായ ശിവരാജ് സിംഗ് ചൗഹാന്റെ വിധി ഉയര്‍ത്തിക്കാണിക്കുകയാണ് എന്‍ സി പി. എന്നാല്‍, അജിത് പവാര്‍ ഉള്‍പ്പെട്ട ജലസേചന പദ്ധതി ക്രമക്കേടും തുടര്‍ന്ന് നടത്തിയ രാജി നാടകവും കോണ്‍ഗ്രസിന് മറുപടിയായി. അതിനിടെയുണ്ടായ ഉപതിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ ആത്മവിശ്വാസത്തിന്റെ തിരയിളക്കമുണ്ടാക്കി. ഇതോടെ പൃഥ്വിരാജ് ചവാനും മണിക്‌റാവു താക്കറെയും സ്വരം കടുപ്പിച്ചു. എസ് പിയുടെ സൈക്കിള്‍ “കൈ”കള്‍ക്ക് ബലമേകുമെന്നാണ് കേള്‍ക്കുന്നതെങ്കിലും ഇരുകൂട്ടരും അത് നിഷേധിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ്- എന്‍ സി പി പൊട്ടിത്തെറിയേക്കാള്‍ ബി ജെ പി- ശിവസേന വേര്‍പിരിയലാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. അധികാരപ്പടവുകളില്‍ സമാസമം ചേരുവ ചേര്‍ക്കാനുള്ളതാണ് രാഷ്ട്രീയക്കാര്‍ക്ക് എല്ലാ പ്രത്യയശാസ്ത്രങ്ങളും. തങ്ങള്‍ക്ക് പ്രതികൂലമാണെങ്കില്‍ എല്ലാം വലിച്ചെറിയാന്‍ അസാധ്യ മെയ്‌വഴക്കം പ്രകടിപ്പിക്കാന്‍ ശീലിച്ചവര്‍. അവിടെ ഒരേ ചരടിലെ കണ്ണികളാണെന്നതോ ദീര്‍ഘകാലം സമാന ചിന്താഗതിയിലും ആശയപ്രചാരണത്തിലും ഒന്നിച്ചവരാണെന്നതോ ഉള്ള വിചാരങ്ങള്‍ക്കൊന്നും അശേഷം സ്ഥാനമില്ല. സാഹചര്യം പരമാവധി അനുകൂലമാക്കി ആടിത്തിമിര്‍ക്കുന്ന കലയായി അധഃപതിച്ചിരിക്കുന്നു രാഷ്ട്രീയ ഗോദ. തീവ്ര ഹിന്ദുത്വയോടൊപ്പം ബി ജെ പിയില്‍ നിന്ന് വ്യത്യസ്തമാ പ്രാദേശിക വാദം കൂടിയുണ്ട് ശിവസേനക്ക്. ഈ തീവ്രതക്ക് ചുറ്റും കറങ്ങുന്ന ഉപഗ്രഹങ്ങളാണ് ബി ജെ പിയും ശിവസേനയും മറ്റ് പാര്‍ട്ടികളും. ഉപഗ്രഹ പ്രദക്ഷിണത്തില്‍ അന്ധമായി വിശ്വസിക്കുന്ന ഒരു കൂട്ടം ഇവര്‍ക്ക് ജയ്‌ഹോ പാടുകയും ചെയ്യുന്നു. തിരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും തീവ്രത പരീക്ഷിക്കാന്‍ ഈ കക്ഷികള്‍ അതീവ താത്പര്യം കാണിക്കുന്നു. തീവ്രതയുടെ ഉരകല്ലായി തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ മാറുന്നു. (ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉത്തര്‍ പ്രദേശില്‍ അമിത് ഷാ എത്തിയതും ഷായുടെ പ്രസ്താവനകളും ഏറ്റവും ഒടുവില്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണ ചുക്കാന്‍ എം പി കൂടിയായ യോഗി ആദിത്യനാഥിനെ ഏല്‍പ്പിച്ചതും ചേര്‍ത്തുവായിക്കുക). അത്തരം തീവ്ര പരീക്ഷണങ്ങളില്‍ തകരുന്നത് സമൂഹമാണ്; അതിന്റെ ആത്യന്തിക ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുന്നത് രാജ്യവും.

 

Latest