Connect with us

Editorial

പ്ലാസ്റ്റിക് നിയന്ത്രണം

Published

|

Last Updated

ഫ്‌ളക്‌സുകള്‍ നിരോധിക്കാനും പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിക്കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കയാണ്. തിരുവനന്തപുത്ത് തന്റെ ചിത്രമുള്ള ഫഌക്‌സ് ബോര്‍ഡ് നശിപ്പിച്ചു മുഖ്യമന്ത്രി കേരളത്തെ ഫഌക്‌സ് മുക്തമാക്കാനുള്ള യജ്ഞത്തിന് തുടക്കമിടുകയും ചെയ്തു. ആധുനിക ജീവിതത്തില്‍ മാറ്റിനിര്‍ത്താന്‍ കഴിയാത്ത സ്ഥാനം കൈവരിച്ചിരിക്കുന്നു ഇന്ന് പ്ലാസ്റ്റിക്. ഫഌക്‌സിനെ ഒഴിവാക്കിയുള്ള രാഷ്ട്രീയ പ്രവര്‍ത്തനം രാഷ്ട്രീയ കക്ഷികള്‍ക്കും അചിന്ത്യമായിരിക്കും. ജീവിതത്തിന്റെ എല്ലാ മേഖലകളിലും പ്ലാസ്റ്റിക്കിന്റെ ഉപയോഗം ദൃശ്യമാണിന്ന്. അടുക്കള, കിടപ്പുമുറി, ആശുപത്രി, വാഹനങ്ങള്‍, കാര്‍ഷിക മേഖല തുടങ്ങി വ്യോമയാനം വരെ കീഴടക്കിയിരുന്നു പ്ലാസ്റ്റിക്. 2001ലെ കണക്കനുസരിച്ചു ഇന്ത്യയില്‍ പ്ലാസ്റ്റിക്കിന്റെ പ്രതിവര്‍ഷ ഉപയോഗം 4.37 ദശലക്ഷം ടണ്‍ ആണ്. പ്രതിമാസം 120 മെട്രിക്ക് ടണ്‍ പ്ലാസ്റ്റിക്ക് കവറുകള്‍ കേരളത്തില്‍ തന്നെ ഉപയോഗിക്കുന്നു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം 200 ശതമാനം വര്‍ധച്ചിട്ടുണ്ട് സംസ്ഥാനത്ത്. ഭാരക്കുറവ്, ശുചിത്വം, ഒതുക്കം, ഉപയോഗിക്കാനുള്ള സൗകര്യം, വിലക്കുറവ് തുടങ്ങിയവയാണ് മറ്റു വസ്തുക്കളെ അപേക്ഷിച്ചു പ്ലാസ്റ്റിക്കിനെ ആശ്രയിക്കാന്‍ പ്രധാന കാരണം. അത് സൃഷ്ടിക്കുന്ന ആരോഗ്യ, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ആരും ഗൗരവമായി എടുക്കാറില്ല.
മനുഷ്യ ജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്വാധീനിച്ച പ്ലാസ്റ്റിക് എത്രത്തോളം ഉപകാരിയാണോ അതിനേക്കാളേറെ ഉപദ്രവകാരിയുമാണ്. പ്ലാസ്റ്റിക് ബാഗുകള്‍, കുപ്പികള്‍, കളിപ്പാട്ടങ്ങള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, കുടിവെള്ള കുപ്പികള്‍ തുടങ്ങിയവയിലൂടെ മാരകമായ രാസവവസ്തുക്കള്‍ മനുഷ്യനിലേക്കും ജീവികളിലേക്കും പകരുകയും വിനാശകാരികളായ അസുഖങ്ങള്‍ പിടിപെടുകയും ചെയ്യുന്നു. ഉപയോഗിച്ചു പാഴ്‌വസ്തുവായിക്കഴിഞ്ഞാല്‍ നിര്‍മാര്‍ജനം ചെയ്യാനുള്ള പ്രയാസമാണ് ഈ ഉത്പന്നം ഉയര്‍ത്തുന്ന പ്രധാന വെല്ലുവിളി. മറ്റു മാലിന്യങ്ങള്‍ ജീര്‍ണിച്ചു മണ്ണടിയുമ്പോള്‍ ജൈവ വികടനം സംഭവിക്കാത്ത പ്ലാസ്റ്റിക്ക് ജീര്‍ണിക്കാതെ മണ്ണിന്റെ ഫലപുഷ്ടിക്കും നീര്‍വാര്‍ച്ചക്കും സസ്യങ്ങളുടെ വളര്‍ച്ചക്കും വിഘാതമായി ശതകങ്ങളോളം അവശേഷിക്കുന്നു. കത്തിച്ചു കളയാമെന്ന് വെച്ചാലും രക്ഷയില്ല. ആരോഗ്യത്തിന് ഹാനികരമായ മാരക വിഷങ്ങളാണ് കത്തിക്കുമ്പോള്‍ അതില്‍ നിന്ന് അന്തരീക്ഷത്തില്‍ പടരുന്നത്.
പുരയിടം, തോട്ടങ്ങള്‍, തടാകം, കടല്‍, റോഡുകള്‍ തുടങ്ങി നമുക്ക് ചുറ്റും ഇന്ന് പ്ലാസ്റ്റിക്, ഫഌക്‌സ് മാലിന്യക്കൂമ്പാരങ്ങളാണ്. മനുഷ്യനും വന്യജീവികളും കടല്‍ജീവികളും സസ്യങ്ങളുമെല്ലാം അതിന്റെ കെടുതികള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നു. ആധുനിക ലോകം നേരിടുന്ന മുഖ്യ പ്രതിസന്ധി പ്ലാസ്റ്റിക്ക് മാലിന്യമാണെന്ന് ഐക്യരാഷ്ട്ര സഭയുടെ ഇ പി ഇയര്‍ബുക്ക് മുന്നറിയിപ്പ് നല്‍കുന്നു.ഇന്ത്യ ഉള്‍പ്പെടെ മിക്ക രാജ്യങ്ങളും പ്ലാസ്റ്റിക് നിയന്ത്രണത്തിന് നിയമങ്ങള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. സംസ്‌കരിച്ചെടുക്കാന്‍ പറ്റാത്ത പ്ലാസ്റ്റിക് ഉപകരണങ്ങളുടെ നിര്‍മാണം നിരോധിച്ചു കൊണ്ട് 1999ല്‍ ഇന്ത്യ പുനഃചംക്രമണ പ്ലാസ്റ്റിക് (നിര്‍മാണവും ഉപയോഗവും) നിയമം നടപ്പിലാക്കി. ഇതില്‍ അപാകമുണ്ടെന്ന പരാതിയെ തുടര്‍ന്ന് 2009ല്‍ പ്ലാസ്റ്റിക് (ഉല്‍പ്പാദനം, ഉപയോഗം, മാലിന്യമാനേജ്‌മെന്റ്) നിയമം കൊണ്ടുവന്നു.
ഇതു കൊണ്ടൊന്നും പ്ലാസ്റ്റിക് മലിനീകരണം നിയന്ത്രിക്കാന്‍ സാധിച്ചില്ലെന്നതാണ് അനുഭവം. കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട തുടങ്ങിയ ജില്ലകളെ പ്ലാസ്റ്റിക് മുക്തമാക്കാനുള്ള പദ്ധതികള്‍ പ്രാദേശിക ഭരണ കൂടങ്ങള്‍ ആവിഷ്‌കരിച്ചിരുന്നു. കൊട്ടിഘോഷത്തോടെ നടപ്പാക്കിയ ഈ പദ്ധതികള്‍ക്ക് ദിവസങ്ങളുടെ ആയുസ്സേ ഉണ്ടായുള്ളു. ഫഌക്‌സ് ബോര്‍ഡുകള്‍ നിയന്ത്രിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ നീക്കങ്ങള്‍ രാഷ്ട്രീയ കക്ഷികള്‍ പരാജയപ്പെടുത്തുകയും ചെയ്തു.
പ്ലാസ്റ്റിക്കിന് പകരം അത്രത്തോളം സൗകര്യപ്രദമായ മറ്റൊരു ഉത്പന്നം കണ്ടുപിടിക്കാത്ത കാലത്തോളം അത് പൂര്‍ണമായും നിരോധിക്കുക എളുപ്പമല്ല. പ്ലാസ്റ്റിക് കവറിന് പകരം തുണിസ്സഞ്ചി നടപ്പാക്കാനുള്ള ശ്രമങ്ങള്‍ തുടക്കത്തിലേ പരാജയപ്പെട്ടത് നാം കണ്ടതാണ്. ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക് കൈകാര്യം ചെയ്യാനുള്ള യുക്തിസഹമായ മാര്‍ഗങ്ങള്‍ കണ്ടെത്തി അത് സൃഷ്ടിക്കുന്ന പരിസ്ഥിതിക പ്രശ്‌നങ്ങളും ദൂഷ്യങ്ങളും കുറക്കുക മാത്രമാണ് ഈ ഘട്ടത്തില്‍ സ്വീകരിക്കാവുന്ന മാര്‍ഗം. പ്ലാസ്റ്റിക് കവറുകളും വസ്തുക്കളും മറ്റും ആവശ്യം കഴിഞ്ഞാല്‍ മതിലിനുപുറത്തേക്കും പൊതുവഴിയിലേക്കും വലിച്ചെറിയാതെ പ്രത്യേക സ്ഥലത്ത് നിക്ഷേപിക്കാനുള്ള ബോധം ജനങ്ങളില്‍ വളര്‍ത്തിയെടുക്കണം. അവ ശേഖരിച്ചു വേണ്ടിടത്ത് എത്തിക്കാനുള്ള സംവിധാനം തദ്ദേശ ഭരണ സ്ഥാപനങ്ങളും നടപ്പാക്കണം. നിലവില്‍ ഇത്തരം പദ്ധതികളുണ്ടെങ്കിലും അവ ഫലപ്രദമല്ലെന്നാണ് നമുക്ക് ചുറ്റും കൂമ്പാരമായി കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ബോധ്യപ്പെടുത്തുന്നത്.