Connect with us

International

ഫലസ്തീന്‍ ഗോത്രവര്‍ഗക്കാരെ കുടിയിറക്കാന്‍ ഇസ്‌റാഈല്‍ നീക്കം: യു എന്‍

Published

|

Last Updated

യു എന്‍: ഫലസ്തീനിയന്‍ ഗോത്ര വിഭാഗക്കാരെ മധ്യ വെസ്റ്റ് ബാങ്കില്‍ നിന്ന് കൂട്ടത്തോടെ മാറ്റാനുള്ള ഇസ്‌റാഈല്‍ നീക്കത്തിനെതിരെ യു എന്‍ ഏജന്‍സി. ജൂത കുടിയേറ്റം ശക്തമാക്കുന്നതിനുള്ള ഈ നീക്കം യു എന്‍ ചാര്‍ട്ടറിന്റെ ലംഘനമാണെന്ന് യുനൈറ്റഡ് നാഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക്‌സ് ഏജന്‍സി വ്യക്തമാക്കി. ഇത് ബലം പ്രയോഗിച്ചുള്ള കുടിയിറക്കാണെന്നും നാലാം ജനീവ കണ്‍വെന്‍ഷന്റെ ലംഘനമാണെന്നും യു എന്‍ ആര്‍ ഡബ്ലിയു എ കമ്മീഷണര്‍ ജനറല്‍ പിയറി ക്രാഹന്‍ബൂല്‍ പറഞ്ഞു. ദ്വിരാഷ്ട്ര പരിഹാരത്തിലേക്ക് സഞ്ചരിക്കുന്നതിന് ഈ നീക്കം വിഘാതമാണ്. ആത്യന്തികമായി ഫലസ്തീന്‍ മണ്ണ് കവര്‍ന്നെടുക്കുകയാണ് ഇസ്‌റാഈല്‍ ചെയ്യുന്നത്. നിയമവിരുദ്ധ ജൂത കുടിയേറ്റത്തിനാണ് ഫലസ്തീന്‍ ബദുക്കളെ സ്വന്തം വാസസ്ഥലത്ത് നിന്ന് മാറ്റുന്നതെന്നും പിയറി പറഞ്ഞു. ഈ ഉദ്യമത്തില്‍ നിന്ന് ഇസ്‌റാഈല്‍ പിന്‍മാറണം. സ്വമേധയാ അതിന് തയ്യാറാകുന്നില്ലെങ്കില്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കൂടുതല്‍ സൗകര്യങ്ങളുള്ള ജെറിക്കോ പോലുള്ള പ്രദേശങ്ങളിലേക്ക് ഇവരെ മാറ്റുകയാണ് ചെയ്യുന്നതെന്ന് ഇസ്‌റാഈല്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇത് സംബന്ധിച്ച് ഗോത്ര നേതാക്കളുമായി നിരവധി തവണ ചര്‍ച്ച നടത്തിയിരുന്നുവെന്നും അവര്‍ക്കാര്‍ക്കും ഇതില്‍ എതിര്‍പ്പില്ലെന്നും ഇസ്‌റാഈല്‍ അധികൃതര്‍ അവകാശപ്പെടുന്നു. എന്നാല്‍ ഇസ്‌റാഈല്‍ സുപ്രീം കോടതി നിര്‍ദേശിച്ച തരത്തിലുള്ള ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് ഹാരത്‌സ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ഗോത്രവിഭാഗത്തെ മാത്രം മാറ്റാനായിരുന്നു നേരത്തേ പരിപാടി തയ്യാറാക്കിയത്. എന്നാല്‍ പിന്നീട് ജഹാലിന്‍, കാബ്‌നേ, റശൈദ വിഭാഗത്തില്‍ പെട്ട 12,500 ഓളം വരുന്ന കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനായി പദ്ധതി വിപുലീകരിക്കുകയായിരുന്നുവെന്നും പത്രം വ്യക്തമാക്കുന്നു.

Latest