Connect with us

Kozhikode

ഉത്രാടപ്പാച്ചിലില്‍ നഗരം സ്തംഭിച്ചു

Published

|

Last Updated

കോഴിക്കോട്: മഴ മാറി നിന്നതോടെ ഉത്രാടപാച്ചിലില്‍ ഇന്നലെ വൈകുന്നേരം നഗരം ജനത്തിരക്കില്‍ വീര്‍പ്പുമുട്ടി. ഏതാനും ദിവസങ്ങളായി നഗരത്തില്‍ അനുഭവപ്പെട്ട ഗതാഗതക്കുരുക്ക് ഇന്നലെ പാരമ്യത്തിലെത്തി. മാനാഞ്ചിറ, പാളയം, മിഠായി തെരുവ് ഭാഗങ്ങളിലേക്കുള്ള വാഹനങ്ങളുടെ തിരക്ക് മൂലം മണിക്കൂറുകളോളം നഗരം സ്തംഭിച്ചു. ട്രാഫിക് നിയന്ത്രിക്കാന്‍ കൂടുതല്‍ പൊലീസിനെ ഓരോ സ്ഥലത്തും നിയോഗിച്ചിരുന്നു. നഗരകേന്ദ്രം ട്രാഫിക് ജാമില്‍ പെടുന്ന സമയത്ത് തെക്ക് മാങ്കാവ് മുതല്‍ വടക്ക് വെസ്റ്റ്ഹില്‍ വരെ വാഹനങ്ങള്‍ മുന്നോട്ടുപോകാനാവാതെ നില്‍ക്കുന്ന അവസ്ഥയായിരുന്നു. വൈകുന്നേരത്തോടെ പോക്കറ്റ് റോഡുകള്‍ പോലും വാഹനങ്ങള്‍ കൊണ്ട് നിറഞ്ഞു. പുതിയ ബസ്സ്റ്റാന്റ്, പാളയം സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്‍ റോഡ്, എല്‍ ഐ സി ജംഗ്ഷന്‍ എന്നിവിടങ്ങളിലെല്ലാം വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ഗതാഗതത്തിരക്ക് കുറക്കുന്നതിന് നഗരത്തിലൂടെ ഒറ്റക്കു കാറില്‍ യാത്രചെയ്യുന്നവര്‍ക്ക് നിയന്ത്രണം ഉള്‍പ്പെടെ ട്രാഫിക് പോലീസ് ശക്തമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. 

ജില്ലയുടെ വിവിധ പ്രദേശങ്ങളിലെ ഓണം മേളകളിലും ഇന്നലെ അഭൂതപൂര്‍വമായ തിരക്കായിരുന്നു. പുസ്തകമേള മുതല്‍ കരകൗശല, വസ്ത്ര മേളകള്‍ വരെ നഗരത്തിലെ വിവിധ സ്ഥലങ്ങളിലായി നടക്കുന്നുണ്ട്. മിഠായിത്തെരുവില്‍ രാവിലെ മുതല്‍ തന്നെ തിരക്കായിരുന്നു.
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ഓണാഘോഷവും നഗരത്തില്‍ നടക്കുന്നുണ്ട്. വെള്ളിയാഴ്ച മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ നടന്ന സെലിബ്രിറ്റി ഫുട്‌ബോള്‍ മത്സരത്തോടെയാണ് ആഘോഷ പരിപാടികള്‍ ആരംഭിച്ചത്. ഇന്നലെ വൈകുന്നേരം ബീച്ചിലെ പ്രധാന വേദിയില്‍ മേയര്‍ എ കെ പ്രേമജം പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. നഗരത്തിലെ 15 വേദികള്‍ക്ക് പുറമെ കൊയിലാണ്ടി, വടകര എന്നിവടങ്ങളിലും ഓണാഘോഷം നടക്കുന്നുണ്ട്.

Latest