Connect with us

National

മോദി ജപ്പാനില്‍; വാരാണസി- ക്യോട്ടോ കരാര്‍ ഒപ്പ് വെച്ചു

Published

|

Last Updated

ടോക്യോ: പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലെത്തി. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുകയും തന്ത്രപ്രധാന ആഗോള പങ്കാളിത്തം ഉയര്‍ത്തുകയുമെന്ന പദ്ധതികളാണ് സന്ദര്‍ശനത്തിലൂടെ മോദി ലക്ഷ്യമിടുന്നത്. സ്മാര്‍ട്ട് സിറ്റികളോട് കൂടി പൈതൃകങ്ങളെ സംരക്ഷിക്കുന്ന പദ്ധതിയായ വാരാണസി- ക്യോട്ടോ കരാറില്‍ ഇരു രാഷ്ട്രങ്ങളും ഒപ്പ് വെച്ചു. ക്യോട്ടോ മേയര്‍ ദൈസാകു കടോകാവയും ജപ്പാനിലെ അംബാസഡര്‍ ദീപ ഗോപാലന്‍ മധ്‌വയും കരാറില്‍ ഒപ്പ് വെച്ചതായി വിദേശകാര്യ മന്ത്രാലയം വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ അറിയിച്ചു.
മോദിയുടെ മണ്ഡലം കൂടിയായ വാരാണസിയെ ക്യോട്ടോയുടെ പരിചയവും സഹകരണവും ഉപയോഗിച്ച് സ്മാര്‍ട്ട് ഹെറിറ്റേജ് സിറ്റിയാക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പൈതൃകവും ആധുനികതയും സമ്മേളിച്ച ജപ്പാനിലെ സ്മാര്‍ട്ട് സിറ്റിയാണ് ക്യോട്ടോ. മോദി ക്യോട്ടോ സന്ദര്‍ശിച്ചു. ഇന്ത്യയില്‍ 100 സ്മാര്‍ട്ട് സിറ്റികള്‍ നിര്‍മിക്കുകയെന്നതാണ് മോദിയുടെ ലക്ഷ്യം.
നാളെ മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും ചര്‍ച്ച നടത്തും. പ്രതിരോധം, സിവില്‍ ആണവോര്‍ജം, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളിലാണ് ഇരു നേതാക്കളും ചര്‍ച്ച നടത്തുക. പ്രതിരോധം, സിവില്‍ ആണവോര്‍ജം അടക്കമുള്ള ഏതാനും മേഖലകളിലെ കരാറുകളില്‍ ഇരുവരും ഒപ്പുവെക്കും. ആണവ കരാറിലൂടെ 8500 കോടി ഡോളറിന്റെ നിക്ഷേപമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. 2008ലെ യു എസ് സിവില്‍ ആണവ കരാര്‍ മാതൃകയിലാണ് ജപ്പാനുമായി കരാറിലാകുന്നത്. ചില നിബന്ധനകളോട് ജപ്പാന് എതിര്‍പ്പുണ്ട്.

Latest