Connect with us

Eranakulam

സപ്ലൈകോയിലെ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കി: അനൂപ് ജേക്കബ്

Published

|

Last Updated

കൊച്ചി: സപ്ലൈകോയില്‍ അടുത്തകാലത്തുണ്ടായ പരാതികള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സപ്ലൈകോ വിജിലന്‍സ് എസ് പിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്. എറണാകുളം പ്രസ് ക്ലബ്ബിന്റെ ഓണം പൊന്നോണം 2014 മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സപ്ലൈകോയിലെ ടെണ്ടര്‍ ക്രമക്കേടുകള്‍ ഉള്‍പ്പെടെയുള്ളവ അന്വേഷിക്കും. കൂടാതെ വിവാദ വ്യവസായി ടെണ്ടറില്‍ പങ്കെടുത്തത് സംബന്ധിച്ച് തുടര്‍നടപടിക്ക് നിയമവകുപ്പിനോട് ഉപദേശം തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സപ്ലൈകോ ജീവനക്കാരുടെ ഡപ്യൂട്ടേഷന്‍ ഒരു സുപ്രഭാതത്തില്‍ അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു. ഡപ്യൂട്ടേഷന്‍ നിര്‍ത്തുന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് 20 മുതല്‍ സപ്ലൈകോ ജീവനക്കാര്‍ സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജീവനക്കാരെ ചര്‍ച്ചക്ക് വിളിക്കും. സമരത്തിന് തിരഞ്ഞെടുത്ത സമയം ശരിയാണോയെന്ന് ജീവനക്കാര്‍ പുനരാലോചിക്കണം. സമരത്തിന് എതിരല്ലെന്നും ചര്‍ച്ചയിലൂടെ സമവായത്തിന് ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇത്തവണ 50,000 ടണ്‍ അരി ഓണച്ചന്തകള്‍ വഴി വിറ്റഴിക്കും. ഇതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരികയാണ്. സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ വഴി കിലോക്ക് 62 രൂപനിരക്കില്‍ വിറ്റഴിക്കുന്ന വെളിച്ചെണ്ണയുടെ വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തിട്ടുണ്ട്. ഔട്ട്‌ലെറ്റുകളില്‍ വെളിച്ചെണ്ണയുടെ ലഭ്യതക്കുറവുണ്ട്. പൊതുവിപണിയില്‍ കിലോക്ക് 170 രൂപയാണ്. 60 ശതമാനം വരെ സബ്‌സിഡി നല്‍കുന്നത് തുടരാന്‍ കഴിയില്ല. വിലവര്‍ധിപ്പിച്ച് കൂടുതല്‍ പേര്‍ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. മുഴുവന്‍ സബ്‌സിഡിയും ഇല്ലാതാക്കില്ല. 30 ശതമാനം വരെ സബ്‌സിഡി നല്‍കി കൂടുതല്‍ സാധനങ്ങള്‍ വിപണിയിലെത്തിക്കാനുള്ള സാധ്യത പരിശോധിക്കാന്‍ സപ്ലൈകോക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം ഓണവിപണിയില്‍ ഇടപെടുന്നതിന് 50 കോടി രൂപ സര്‍ക്കാര്‍ നല്‍കി. ഇക്കുറി സപ്ലൈകോ 93 കോടിയും കണ്‍സ്യൂമര്‍ഫെഡ് 60 കോടിയും ഹോര്‍ട്ടികോര്‍പ് 20 കോടിയും സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ അടുത്തയാഴ്ച മന്ത്രിസഭായോഗം അന്തിമതീരുമാനമെടുക്കും. പൂഴ്ത്തിവയ്പ് തടയാന്‍ കര്‍മപദ്ധതി തയ്യാറാക്കും. കര്‍ശനപരിശോധനകള്‍ ഓണക്കാലത്തുണ്ടാകും. ഇത്തവണയും ജില്ലാതലത്തില്‍ സ്‌ക്വാഡുകള്‍ പരിശോധന നടത്തും. 20 ലക്ഷം ബി പി എല്‍ കാര്‍ഡുടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ് വിതരണംചെയ്യും. 13ന് ജില്ലാതലമേളകളും സെപ്തംബര്‍ ഒന്നുമുതല്‍ ഓണം പ്രത്യേകമേളകളും ആരംഭിക്കും. ആകെ 1500 ഓണച്ചന്തകള്‍ ഒരുക്കും. 162 ഓണച്ചന്തകളില്‍ ഹോര്‍ട്ടികോര്‍പിന്റെ പച്ചക്കറി സ്റ്റാളുകളുമുണ്ടാകും. കേന്ദ്രസര്‍ക്കാറിനോട് 42,000 ടണ്‍ അരിയും 3,000 ടണ്‍ പഞ്ചസാരയും ആവശ്യപ്പെട്ടിട്ടുണ്ട്. റേഷന്‍കാര്‍ഡ് വിതരണത്തിന് നടപടി തുടങ്ങി. ആറ് മാസത്തിനകം റേഷന്‍ കാര്‍ഡുകള്‍ കൊടുത്തുതീര്‍ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമായി മുന്നോട്ടുകൊണ്ടുപോകാനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം കലൂരിലെ സപ്ലൈകോ ഓണം-റംസാന്‍ ഫെയറില്‍ അരി തീര്‍ന്നുപോയതു സംബന്ധിച്ച് വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.

Latest