Connect with us

Articles

വൈകിയെത്തുന്ന (അ)നീതികള്‍

Published

|

Last Updated

ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് നാല് വര്‍ഷമായി ജയിലില്‍ കഴിയുന്ന അബ്ദുന്നാസര്‍ മഅ്ദനിക്ക് സുപ്രീം കോടതി ഒരു മാസക്കാലത്തെ താത്ക്കാലിക ജാമ്യം അനുവദിച്ചു. മഅ്ദനി പുറത്തിറങ്ങുന്നത് തടയാന്‍ ശക്തമായി ശ്രമിച്ച കര്‍ണാടക സര്‍ക്കാറിന്റെ വാദങ്ങളോട് സുപ്രീംകോടതി വിയോജിപ്പ് പ്രകടിപ്പിച്ചത് രണ്ട് നിരീക്ഷണങ്ങളില്‍ ഊന്നിയാണ്.
1) മഅ്ദനി എന്ന പൗരന്‍ നാല് വര്‍ഷമായി വിചാരണത്തടവുകാരനായിക്കഴിയുന്നു എന്ന വസ്തുത കാണാതിരുന്നു കൂടാ.
2) ജാമ്യമാണ് നിയമം.
വധശിക്ഷ വിധിക്കപ്പെട്ട് ദയാ ഹരജി നല്‍കി കാത്തുകഴിയുന്ന ഏതാനും പേര്‍ നല്‍കിയ ഒരു ഹരജിയിലും സുപ്രിം കോടതി ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സമാനമായ നിരീക്ഷണങ്ങള്‍ നടത്തുകയുണ്ടായി. ദയാ ഹരജിയില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതില്‍ അനാവശ്യ കാലതാമസമുണ്ടായാല്‍ പ്രസ്തുത വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്യണമെന്നായിരുന്നു കോടതി ഉത്തരവിട്ടത്.
വധശിക്ഷക്ക് വിധിക്കപ്പെട്ടവരുടെ കാര്യത്തില്‍ മാത്രമല്ല, മുന്‍സിഫ് കോടതികള്‍ തൊട്ട് മുകളിലോട്ടുള്ള സിവില്‍ ക്രിമിനല്‍ നീതി നിര്‍വഹണ സ്ഥാപനങ്ങളിലെ അക്ഷന്ത്യവ്യമായ കാല വിളംബത്തെ ആത്മ വിമര്‍ശനത്തോടെ പരിശോധിക്കാനും കോടതി നടപടിക്രമങ്ങളിലെ അതിസാവകാശം അവസാനിപ്പിക്കാനും സുപ്രീം കോടതിയുടെതുള്‍പ്പടെയുള്ള ഇടപെടലുകള്‍ അനിവാര്യമായിരിക്കുന്നു. നീതി നിര്‍വഹണത്തിലെ കാലതാമസം പലപ്പോഴും കടുത്ത അനീതിയായിത്തീരുന്നുവെന്ന തിരിച്ചറിവ് കോടതികള്‍ തന്നെ പങ്ക് വെക്കുന്നത് ആശ്വാസകരമാണ്.
കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ കോടതികളിലുണ്ടാവുന്ന കാലതാമസം ഫലത്തില്‍ നിയമ വ്യവസ്ഥയുടെ അന്തഃസത്തയെ കളങ്കപ്പെടുത്തുന്നതാണ്. 1984ലെ ഭോപ്പാല്‍ ദുരന്തത്തിന്റെ ഇരകളിലൊരാളായ നസ്‌റിന്‍ ബീവി ഈയടുത്ത കാലം വരെയും നീതി തേടി കോടതികളിലെത്തിയിരുന്നു. ദുരന്തം നടക്കുമ്പോള്‍ 25 വയസ്സ് പ്രായമുണ്ടായിരുന്ന നസ്‌റിന്‍ ഇപ്പോള്‍ ഒരു വല്ല്യുമ്മയാണ്. രാജ്യം നടുങ്ങിയ മഹാ ദുരന്തത്തിന്റെ ഇരകള്‍ക്കു പോലും മതിയായ നീതി ലഭ്യമാക്കാന്‍ നമ്മുടെ സംവിധാനങ്ങള്‍ക്കു സാധിച്ചില്ലെന്നു സാരം. കോടതി വരാന്തകളില്‍ തീര്‍ന്നുപോയ നസ്‌റിന്‍ ബീവിയുടെ ആയുസ്സ് ആര്‍ക്കാണ് തിരിച്ചു നല്‍കാനാകുക? എട്ടര കൊല്ലം കോയമ്പത്തൂര്‍ ജയിലിലടക്കപ്പെട് ഒടുവില്‍ നിരപരാധിയാണെന്നു കണ്ടെത്തി വിട്ടയക്കപ്പെട്ട അബ്ദുന്നാസര്‍ മഅ്ദനിയുടെ യൗവനം കവര്‍ന്നെടുത്ത വ്യവസ്ഥിതി വികലാംഗനായ ആ പൗരന് പകരം നല്‍കിയതെന്താണ്?
ഒച്ചിലിഴയുന്ന കോടതി നടപടികള്‍ നിമിത്തം വ്യവഹാരങ്ങള്‍ പലതും തലമുറകളിലേക്ക് നീളുന്ന സംഭവങ്ങളേറെ. മാതാപിതാക്കളില്‍ നിന്നും മക്കള്‍ അന്തരമായെടുക്കേണ്ടി വരുന്നത് വ്യവഹാരങ്ങള്‍. ഒരു സാധാരണക്കാരന്റെ ആയുസ്സും സമ്പാദ്യവും പോരാ പലപ്പോഴും അവനു നീതി ലഭിക്കാന്‍ എന്ന ദുര്യോഗമാണ് ഇത് വെളിപ്പെടുത്തുന്നത്.
ലോകത്ത് ഏറ്റവും കൂടുതല്‍ കേസുകളുടെ ബാക്ക്‌ലോഗുള്ള രാജ്യമാണ് നമ്മുടേതെന്ന് നാല് വര്‍ഷം മുമ്പ് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പാര്‍ലിമെന്റില്‍ വെളിപ്പെടുത്തുകയുണ്ടായി. മൂന്ന് കോടി കേസുകള്‍ രാജ്യത്ത് കെട്ടിക്കിടക്കുന്നതായാണ് അദ്ദേഹം വെളിപ്പെടുത്തിയ കണക്ക്. അതില്‍ അറുപത്തയ്യായിരം കേസുകള്‍ സുപ്രീം കോടതിയിലാണ്. 40 ലക്ഷം കേസുകള്‍ വിവിധ ഹൈക്കോടതികളിലായി തീര്‍പ്പ് കാത്ത് കഴിയുന്നു. ബാക്കിയുള്ളവ രാജ്യത്തെ വിവിധ കീഴ്‌കോടതികളിലായി ശാപമോക്ഷം കാത്ത് കഴിയുകയാണ്.
വിചാരണ നടപടികള്‍ നീണ്ടുപോകുന്നത് നിമിത്തം നമ്മുടെ ജയിലുകള്‍ വിചാരണത്തടവുകാരെ കൊണ്ട് നിറയുന്നു. ഇന്ത്യയിലെ വിവിധ ജയിലുകളിലായി കഴിയുന്നവരില്‍ മുന്നില്‍ രണ്ട് ഭാഗവും വിചാരണാ തടവുകാരാണത്രെ! നാഷനല്‍ ക്രൈം ബ്യൂറോയുടെ കണക്ക് പ്രകാരം തടവില്‍ കഴിയുന്നവരില്‍ 40 ശതമാനം മൂന്ന് മാസം വരെ ജയില്‍വാസമനുഷ്ഠിക്കുന്നവരാണ്. 59 ശതമാനം മൂന്ന് മാസം മുതല്‍ അഞ്ച് വര്‍ഷം വരെയായി ജയിലറകളില്‍ കഴിയേണ്ടിവരുന്നു. ബാക്കിയുള്ളവരാകട്ടെ അഞ്ച് വര്‍ഷത്തില്‍ കൂടുതലായി തടവറകളില്‍ ജീവിക്കുന്നു.
കുറ്റാരോപിതരെ കൊടും കുറ്റവാളികളെ പോലെ ശിക്ഷിക്കുന്ന വ്യവസ്ഥിതി പലപ്പോഴും അനീതിയുടെ നടത്തിപ്പുകാരായിത്തീരുന്നു. ആരോപിക്കപെട്ട കുറ്റങ്ങള്‍ തെളിയിക്കപ്പെടുകയും അതിനു പരമാവധി ശിക്ഷ വിധിക്കപെടുകയും ചെയ്താല്‍ ലഭിച്ചേക്കാവുന്ന തടവുകാലത്തേക്കാള്‍ കൂടുതല്‍ വിചാരണക്കാലം ജയിലില്‍ കഴിയുന്ന അനേകായിരം ഹതഭാഗ്യരുടെ ഗദ്ഗദങ്ങള്‍ വ്യവസ്ഥിതിയുടെ കാതുകളില്‍ പതിക്കാതെ പോകുന്നത് എത്ര സങ്കടകരമാണ്.
ജനാധിപത്യ വ്യവസ്ഥയുടെ സാധ്യവും നൂതനവുമായ രീതികള്‍ പരീക്ഷിക്കാന്‍ രാജ്യം മുമ്പിലുണ്ടെങ്കിലും നീതി നിര്‍വഹണ രംഗത്തെ ആധുനീകരണത്തിന് ഇനിയും വഴിയൊരുങ്ങിയിട്ടില്ല എന്നത് ഖേദകരമാണ്. കൊളോണിയല്‍ നീതിന്യായ രീതികളുടെ പരിഷ്‌കരിക്കപ്പെടാത്ത തനിയാവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു എന്ന് സാരം. കുറ്റകൃത്യങ്ങളേയും കുറ്റവാളികളാക്കപ്പെട്ടവരേയും വ്യത്യസ്തമായി കാണുന്നതിലും നീതിയുടെ ആഖ്യാനങ്ങളെ മാനവിക പരിപ്രേക്ഷത്തിലൂടെ വിഭാവനം ചെയ്യുന്നതിലും നമ്മുടെ നീതിന്യായ വ്യവസ്ഥ പലപ്പോഴും പരാജയപ്പെടന്നുവെന്നത് അതിനാല്‍ പുതുമയുള്ള കാര്യമല്ല.
ഇന്ത്യയിലെ നിലവിലുള്ള നീതിന്യായ സംവിധാനത്തിന്റെ ഗുണഭോക്താക്കള്‍ മൊത്തം ജനസംഖ്യയുടെ നാല് ശതമാനം മാത്രമാണെന്നും ബാക്കി വരുന്ന 96 ശതമാനം ജനങ്ങള്‍ക്ക് അവ പ്രാപ്യമോ, താങ്ങാനാകുന്നതോ അല്ലെന്നും മുന്‍ കേന്ദ്ര നിയമ കാര്യ വകുപ്പ് മന്ത്രി വീരപ്പ മൊയ്‌ലി പറയുന്നു. നീതിന്യായ വ്യവസ്ഥയുടെ ഗുണഫലങ്ങള്‍ താഴേത്തട്ടുകളിലെ ജനവിഭാഗങ്ങള്‍ക്ക് എപ്രകാരം ലഭ്യമാകുന്നു എന്നതിനെക്കുറിച്ച് ഈയിടെ നടന്ന ഒരു പഠനത്തെ മുന്‍ നിര്‍ത്തിയാണ് മന്ത്രി ഇങ്ങനെ പ്രസ്താവിച്ചത്. നീതി നിഷേധത്തിനു തുല്യമായ വൈകിയെത്തുന്ന നീതി രാജ്യത്തെ നീതിന്യായ സംവിധാനത്തിനു മുന്നിലുള്ള കനത്ത വെല്ലുവിളിയാണെന്നു പറഞ്ഞ മന്ത്രി സമയബന്ധിതമായി നീതി ലഭ്യമാക്കണമെന്നു നിഷ്‌കര്‍ഷിക്കുന്ന ഒരു നിയമ നിര്‍മ്മാണത്തിന്റെ ആവശ്യകതയും ഊന്നിപ്പറയുകയുണ്ടായി.
ജുഡിഷ്യല്‍ ഉദ്യോഗസ്ഥരുടെ കുറവ് കോടതി നടപടികളുടെ കാലവിളംബത്തിന് പ്രധാന കാരണങ്ങളിലൊന്നാണ്. 10 ലക്ഷം പൗരന്‍മാര്‍ക്ക് 15 ന്യായാധിപന്‍മാര്‍ എന്നതാണ് രാജ്യത്ത് നിലവിലുള്ള തോത്. ഈ തോത് അമ്പതാക്കി ഉയര്‍ത്തുമെന്ന് 2008ല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു വെങ്കിലും പ്രാവര്‍ത്തികമായിട്ടില്ല. എന്നാല്‍ അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ 10 ലക്ഷം പൗരന്‍മര്‍ക്ക് 100 ന്യായാധിപന്‍മാര്‍ എന്ന അനുപാതത്തിലാണ് കോടതികള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.
സുതാര്യത, ഉത്തരവാദിത്വം, നവീകരണം എന്നിവയാണ് നമ്മുടെ നീതിന്യായ സംവിധാനത്തെ ഉടച്ചുവാര്‍ക്കുന്നതിനു അടിയന്തിരമായി നടപ്പിലാക്കേണ്ട മൂന്ന് കാര്യങ്ങള്‍. അഴിമതി തടയുന്നതിനുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളോടും കോടതിയോടും ഉത്തരം പറയാന്‍ ബാധ്യതയുള്ളവയാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഏതൊരു സ്ഥാപനവും. അക്കൗണ്ടബ്ള്‍ ആയിരിക്കുക എന്നത് ജനാധിപത്യ വ്യവസ്ഥയുടെ അടിസ്ഥാന വിഭാവനകളില്‍ ഒന്നുമാണ്. എന്നാല്‍ ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം അത് ജനങ്ങളോടോ മറ്റേതെങ്കിലും സ്ഥാപനങ്ങളോടോ ഉത്തരം പറയേണ്ടതില്ല എന്നത് ജുഡിഷ്യറിയെ അഴിമതിയുടെ പുഴുക്കുത്തുകള്‍ ബാധിക്കുന്നതിന് കാരണമായി ചൂണ്ടികാണിക്കപ്പെടുന്നു. കോടതി വിധികള്‍ മേല്‍ കോടതികളുടെ തീര്‍പ്പുകള്‍ക്കോ വിശകലനങ്ങള്‍ക്കോ വിധേയമാകുക എന്നതിനപ്പുറം ജുഡിഷ്യല്‍ ഉദ്യോഗസ്ഥര്‍ തങ്ങളുടെ കോടതി നടപടികള്‍ക്ക് / വിധികള്‍ക്ക് വ്യക്തിപരമായി ഉത്തരം പറയാന്‍ ബാധ്യതപ്പെടുന്ന രീതിയില്‍ നിയമ സംവിധാനങ്ങളെ മാറ്റി എഴുതണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. പ്രസിദ്ധമായ പല കേസുകളിലും പൗര സമൂഹത്തിന്റെ സാമാന്യ ബോധത്തിനു മനസ്സിലാകാത്ത വിധം കോര്‍പറേറ്റുകള്‍ക്കും വന്‍കിടക്കാര്‍ക്കും അനുകൂലമായ വിധിന്യായങ്ങള്‍ പുറത്തുവരുന്ന പ്രവണത ഈ പശ്ചാതലത്തില്‍ ആലോചിക്കപ്പെടെണ്ടതാണ്.
സുതാര്യമായ നീതിന്യായ വ്യവസ്ഥ ഓരോ പൗരന്റെയും അവകാശമാണ്. നിയമം സാമൂഹിക പരിവര്‍ത്തനത്തിനുള്ള ആയുധമാക്കിമാറ്റുന്നതിന് സര്‍ക്കാറിന്റെ ഭാഗത്തുനിന്നും സര്‍ഗാത്മകവും ക്രിയാത്മവുമായ പരിശ്രമങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്.
നീതി ലഭിക്കുക എന്നത് പൗരന്റെ അവകാശമാണെന്നത് പോലെ അതു സമയബന്ധിതമായി ലഭിക്കുക എന്നത് കൂടെ നിയമം മൂലം വ്യവസ്ഥ ചെയ്യപ്പെടണം. കേസുകള്‍ നിശ്ചിത കാലാവധികള്‍ക്കുള്ളില്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് വിധി പറയണമെന്നു നിഷ്‌കര്‍ഷിക്കുന്ന രീതിയില്‍ നിയമ നിര്‍മാണങ്ങളുണ്ടാകേണ്ടത് അത്യാവശ്യമാണ്. വിചാരണ ത്തടവുകാരന്റെ ജാമ്യം ജഡ്ജിയുടെ വിവേചനാധികാരമാണെന്ന സാഹചര്യം മാറ്റപ്പെടേണ്ടതുണ്ട്. നിശ്ചിത കാലം ജയിലില്‍ കഴിഞ്ഞ വിചാരണ ത്തടവുകാരന് ജാമ്യം അവകാശമായി മാറുന്ന രീതിയില്‍ നിയമ നിര്‍മാണത്തിനും നിലവിലുള്ള നിയമങ്ങളുടെ പുനരാഖ്യാനത്തിനും വഴി തുറക്കപ്പെടട്ടെ. ജീര്‍ണിച്ചതും ജനാധിപത്യ വിരുദ്ധവുമായ കീഴ് വഴക്കങ്ങളില്‍ നിന്ന് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ രക്ഷപ്പെടുത്തി; അതിനു മാനവികസ്പര്‍ശം നല്‍കുമ്പോള്‍ മാത്രമേ രാജ്യത്തിന്റെ യശസ്സുയരുകയുള്ളൂ.

Latest