Connect with us

International

സദ്ദാമിന്റെ ജന്മഗ്രാമം ഇറാഖ് സൈന്യം തിരിച്ചുപിടിച്ചു

Published

|

Last Updated

ബഗ്ദാദ്: കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെ സദ്ദാം ഹുസൈന്റെ ജന്‍മഗ്രാമം ഇറാഖീ സൈന്യം തിരിച്ചുപിടിച്ചത് സുന്നി തീവ്രവാദികള്‍ക്ക് മേല്‍ സൈന്യം നേടിയ പ്രതീകാത്മക വിജയമായി. തോക്ക് ഘടിപ്പിച്ച ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചും ശിയാ സന്നദ്ധ പ്രവര്‍ത്തകരുടെയും പിന്തുണയോടെയും മണിക്കൂറുകള്‍ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് അവ്ജ ഗ്രാമം സൈന്യം തീവ്രവാദികളില്‍ നിന്ന് തിരിച്ചുപിടിച്ചതെന്ന് ഔദ്യോഗിക മാധ്യമം റിപോര്‍ട്ട് ചെയ്തു.
വടക്കന്‍ ഇറാഖില്‍ സുന്നി തീവ്രവാദികള്‍ മുന്നേറ്റം തുടങ്ങിയ കഴിഞ്ഞ മാസം മുതല്‍ തിക്‌രീതിന് എട്ട് കിലോ മീറ്റര്‍ അകലെയുള്ള അവ്ജ ഗ്രാമം ഐ എസ് ഐ എല്ലിന്റെ കീഴിലായിരുന്നു. ജൂണ്‍ 28 മുതല്‍ തിക്‌രീത് നഗരം തിരിച്ചുപിടിക്കാന്‍ സൈന്യം ശ്രമിക്കുന്നുണ്ടെങ്കിലും വിജയം കണ്ടിരുന്നില്ല. അവ്ജ ഗ്രാമം ശുദ്ധീകരിക്കപ്പെട്ടതായും പോരാട്ടത്തില്‍ 30 തീവ്രവാദികള്‍ കൊല്ലപ്പെട്ടതായും സൈനിക വക്താവ് വ്യക്തമാക്കി. ജലശുദ്ധീകരണ പ്ലാന്റിന്റെതടക്കം പ്രധാനപ്പെട്ട സര്‍ക്കാര്‍ കെട്ടിടങ്ങളുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തതായി വക്താവ് ഖാസിം അത്വാ പറയുന്നുണ്ടെങ്കിലും സൈന്യത്തിന് ഇപ്പോഴും തിക്‌രീതിലേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. വടക്കു നിന്ന് സമാറ നഗരത്തിലേക്കുള്ള ഹൈവേയുടെ അമ്പത് കിലോമീറ്റര്‍ നിയന്ത്രണത്തിലാക്കിയതായി സൈന്യം പറഞ്ഞു. അതേസമയം ബാഗ്ദാദിന് നേരെയുള്ള പോരാട്ടത്തെ ചെറുക്കാന്‍ ഇറാഖീ സൈന്യത്തിനാകുന്നുണ്ടെങ്കിലും സേവനങ്ങളും ഉപകരണങ്ങളും എത്തിച്ചുകൊടുക്കാന്‍ സാധിക്കാത്തതിനാല്‍ നിയന്ത്രണം നഷ്ടപ്പെട്ട ഭൂരിഭാഗം പ്രദേശങ്ങളും തിരിച്ചുപിടിക്കാന്‍ സൈന്യത്തിനാകുന്നില്ലെന്നാണ് ഇറാഖിലെത്തിയ അമേരിക്കന്‍ സൈനിക ഉപദേശകര്‍ വിലയിരുത്തുന്നത്.

Latest