Connect with us

Articles

വണ്ടീ, വണ്ടീ വയറിലെനിക്കും തീയാണേ...

Published

|

Last Updated

നല്ല ദിനങ്ങള്‍ വരാനിരിക്കുന്നു എന്നാണ് പറഞ്ഞത്. പൊന്നു പോലത്തെ വര്‍ത്തമാനം കേട്ട് കോരിത്തരിച്ചു, നമ്മുടെ നാട്ടുകാര്‍. രാമരാജ്യമാണോ? കള്ളവും ചതിയുമില്ലാത്ത മഹാബലിയുടെ നാളുകളാണോ? മോടിയുള്ള നാളുകളാണോ?
പത്ത് വര്‍ഷമായി അവന്‍മാര്‍ എന്തൊക്കെയാ കളിച്ചത്? അഴിമതിയും വിലക്കയറ്റവും ആവോളം. മന്ത്രിമാര്‍ വായ തുറക്കുമ്പോഴേ പേടിയാ. ഇനി ഏതിന്റെ വിലയാണാവോ കൂടാന്‍ പോകുന്നത്!
കല്‍ക്കരിയില്‍ കൈയിട്ടു വാരി. സ്‌പെക്ട്രത്തിലും ഇട്ടു കൈകള്‍. ഈ കൈ ഭരണം ഒന്ന് പോയിക്കിട്ടിയിരുന്നെങ്കില്‍… നാട്ടുകാരുടെ പ്രാര്‍ഥന ഫലിച്ചു. പകരക്കാര്‍ വന്നു. പൂക്കാലം വരാന്‍ പോകുന്നു എന്നായിരുന്നു പ്രതീതി. മാറ്റം ഉണ്ടാകുമെന്ന് ഏവരും പ്രതീക്ഷിച്ചു. വിലക്കയറ്റം പിടിച്ചു നിര്‍ത്തും എന്ന് നയപ്രഖ്യാപനം. ആശ്വാസം. പത്ത് കൊല്ലം ഭരിച്ചവര്‍ക്ക് സാധിക്കാത്തത് ഇവര്‍ക്കു സാധിക്കുമല്ലോ.
നിത്യോപയോഗ സാധനങ്ങളുടെ വില കുറയും, പാചകവാതക വില കുറയും, എണ്ണ വില കുറയും, എല്ലാവര്‍ക്കും സുഖം വരും. ഒരു മാസമായില്ല, അവരും തുടങ്ങി. റെയില്‍വേയിലാണ് ആദ്യം. യാത്രാക്കൂലിയും ചരക്കുകൂലിയും കൂട്ടി. നാട്ടുകാരുടെ നടുവൊടിയാന്‍ പിന്നെ എന്താണ് വേണ്ടത്.! വണ്ടീ, വണ്ടീ നിന്നെ പോലെ വയറിലെനിക്കും തീയാണേ…
സാധന വില ഉയരാന്‍ പോകുന്നു. പാചകവാതക വില ഉയരാന്‍ പോകുന്നു. വല്ലാത്ത പാതകം തന്നെ. പഞ്ചസാരയുടെ വിലയും കൂടാന്‍ പോകുന്നു. ഷുഗര്‍ രോഗികള്‍ക്ക് സുഖം. മറ്റുള്ളവരുടെ കാര്യമോ? ചായക്കടയുടെ കാര്യമോ? ചായക്കടയും പറഞ്ഞ് അധികാരത്തിലേറിയവരാണ്. ആദ്യം പൂട്ടുന്നത് ചായക്കട തന്നെ! നമോ ചായക്കടയുമായി നടന്നതല്ലേ?
ഇപ്പോള്‍ നാട്ടുകാര്‍ പറയും, ഹമ്മോ ചായക്കട! കേറിയില്ലേ വില. കനമുള്ള കീശയുമായേ ഇനി കടയില്‍ കയറാനാകൂ. ഉള്ളി വിലയും കുതിക്കുകയാണല്ലോ. കരയുകയല്ലാതെ എന്ത് ചെയ്യാന്‍?
ഏയ്, ഇവിടെ വില കുറവുള്ള എന്തെങ്കിലും ഉണ്ടോ?
ഭരണകക്ഷിയുടെ പ്രകടനപത്രിക ഉണ്ട്. ഒന്നെടുക്കട്ടെ. ഗൗരവാനന്ദന്‍ ചോദിച്ചു.

Latest