Connect with us

Ongoing News

പ്രതിരോധ മേഖലയിലെ വിദേശ നിക്ഷേപം രാജ്യദ്രോഹം: എ കെ ആന്റണി

Published

|

Last Updated

തിരുവനന്തപുരം: പ്രതിരോധ മേഖലയില്‍ നൂറ് ശതമാനം വിദേശ നിക്ഷേപം സ്വീകരിക്കാനുള്ള നരേന്ദ്ര മോദി സര്‍ക്കാറിന്റെ തീരുമാനം ഏറ്റവും വലിയ രാജ്യദ്രോഹമാണെന്ന് എ കെ ആന്റണി. രാജ്യത്തിന്റെ പ്രതിരോധം കോര്‍പറേറ്റുകളെയും ബഹുരാഷ്ട്ര കുത്തകകളെയും ഏല്‍പ്പിക്കുന്നതിന് തുല്യമാണിതെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഭാരവാഹികളുടെ ദക്ഷിണ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മോദി സര്‍ക്കാറിന്റെ ഭാവി നിലവിലെ പ്രവര്‍ത്തനങ്ങളിലൂടെ സംഗ്രഹിക്കാനാകും. ഒരു മാസം കൊണ്ട് അവര്‍ സ്വീകരിച്ചുവരുന്നതെല്ലാം കുത്തകകളെയും കോര്‍പറേറ്റുകളെയും സഹായിക്കുന്ന നിലപാടാണ്. അതോടൊപ്പം പെട്രോളിയം ഉത്പന്നങ്ങള്‍ക്കും പഞ്ചസാരക്കുവരെ വില വര്‍ധിച്ചു കൊണ്ടിരിക്കുന്നു. മാത്രമല്ല, സാമുദായികമായ ചേരിതിരിവിനും ഈ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ കാരണമായേക്കാം.
തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ പേരില്‍ രാഷ്ട്രീയ വനവാസത്തിന് പോകാന്‍ കോണ്‍ഗ്രസിന് കഴിയില്ല. കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവരും. ആ തിരിച്ചുവരവ് ആര്‍ക്കും തടയാനാകില്ല. ദേശീയ തലത്തില്‍ കനത്ത തിരിച്ചടിയുണ്ടായതു കൊണ്ട് തലയും താഴ്ത്തി കണ്ണീരുമായി കഴിയുകയല്ല കോണ്‍ഗ്രസ് പാരമ്പര്യം. ജനാധിപത്യത്തില്‍ സ്ഥിരമായ കസേര ആര്‍ക്കുമുണ്ടാകില്ല.
കേരളം തന്നെയാണ് ഇതിന് മികച്ച ഉദാദരണം. 1967ല്‍ കേരള നിയമസഭയില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ 133 ആയിരുന്നു. പിന്നീടത് വെറും ഒമ്പതായി ചുരുങ്ങി. അന്ന് കോണ്‍ഗ്രസിനെ എഴുതിത്തള്ളിയവരെ അത്ഭുതപ്പെടുത്തിയാണ് പാര്‍ട്ടി തിരിച്ചുവരവ് നടത്തിയത്. ഇന്ന് ഇന്ത്യയില്‍ ഏറ്റവും ശക്തമായ കോണ്‍ഗ്രസ് ഘടകം പ്രവര്‍ത്തിക്കുന്നത് കേരളത്തിലാണ്. സംസ്ഥാനങ്ങളുടെ ഭരണ നേട്ടങ്ങള്‍ വിലയിരുത്തിയാല്‍ ഒന്നാം സ്ഥാനത്ത് കേരള സര്‍ക്കാറാണ്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിലാകട്ടെ രാജ്യത്തൊട്ടാകെ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയേറ്റപ്പോള്‍ കേരളം കോണ്‍ഗ്രസിനൊപ്പം നിന്നത് പാര്‍ട്ടിക്ക് ഇവിടെയുള്ള രാഷ്ട്രീയാടിത്തറ തെളിയിക്കുന്നതാണെന്നും ആന്റണി പറഞ്ഞു.
കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ അധ്യക്ഷത വഹിച്ചു. 1977ലെ ജനതാ പാര്‍ട്ടി സര്‍ക്കാര്‍ നടപ്പിലാക്കിയ നയങ്ങളാണ് ഇപ്പോള്‍ മോദി സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നത്. ഇത് ജനം തിരിച്ചറിയും. പ്രതിരോധ മേഖല, റെയില്‍ മേഖല, മാധ്യമ മേഖല എന്നിവയിലെല്ലാം വിദേശ നിക്ഷേപം കൊണ്ടുവരികയാണ്. രാജ്യത്തെ ബഹുരാഷ്ട്ര കുത്തകകള്‍ക്ക് അടിയറ വെക്കുന്നതിന് തുല്യമാണിതെന്നും സുധീരന്‍ കുറ്റപ്പെടുത്തി.
തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി തെക്കന്‍ ജില്ലകളിലെ ജനപ്രതിനിധികള്‍ പങ്കെടുത്ത ചര്‍ച്ചയും നടന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, എന്‍ പീതാംബര കുറുപ്പ്, വി ഡി സതീശന്‍, എം എം ഹസന്‍, സി വി പത്മരാജന്‍, പത്മജാ വേണുഗോപാല്‍, ലതികാ സുഭാഷ്, ലാലി വിന്‍സന്റ്, പന്തളം സുധാകരന്‍, ശൂരനാട് രാജശേഖരന്‍ സംബന്ധിച്ചു.