Connect with us

National

സമ്പദ്‌വ്യവസ്ഥക്ക് വേണ്ടി കയ്പുള്ള മരുന്ന് കഴിക്കേണ്ടി വരുമെന്ന് വെങ്കയ്യ നായിഡു

Published

|

Last Updated

ഹൈദരാബാദ്: ട്രെയിന്‍ യാത്രാക്കൂലി കുത്തനെ കൂട്ടിയ നടപടിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയരുന്നതിനിടെ നിരക്ക് വര്‍ധനവിനെ ന്യായീകരിച്ചും യു പി എ സര്‍ക്കാറിനെ കുറ്റപ്പെടുത്തിയും പാര്‍ലിമന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു രംഗത്ത്. സമ്പദ്‌വ്യവസ്ഥക്ക് വേണ്ടി കയ്പുള്ള മരുന്ന് കഴിക്കേണ്ടിവരുമെന്ന് പറഞ്ഞ അദ്ദേഹം ട്രെയിന്‍ യാത്രാക്കൂലി വര്‍ധനവ് യു പി എ സര്‍ക്കാറിന്റെ പത്ത് വര്‍ഷത്തെ ജനങ്ങളെ മറന്നുള്ള നയങ്ങള്‍ മൂലം അടിച്ചേല്‍പ്പിക്കപ്പെട്ടതാണെന്നും അവകാശപ്പെട്ടു.
റെയില്‍വേ, ചോര വാര്‍ന്നുകൊണ്ടിരിക്കുന്ന അവസ്ഥയിലാണ്. ഇടക്കാല ബജറ്റില്‍ ട്രെയിന്‍ യാത്രാക്കൂലി വര്‍ധിപ്പിക്കാന്‍ വേണ്ടി മുന്‍ റെയില്‍വേ മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗേ പ്രധാനമന്ത്രിയുടെ അംഗീകാരം തേടിയിരുന്നു. റെയില്‍വേ മന്ത്രിയും പ്രധാനന്ത്രിയും ചേര്‍ന്നെടുത്ത തീരുമാനം ബി ജെ പി സര്‍ക്കാര്‍ പ്രാബല്യത്തില്‍ വരുത്തി എന്നേ ഉള്ളൂ. ട്രെയിന്‍ നിരക്ക് കൂട്ടിയത് കയ്‌പേറിയ മരുന്നാണ്. സമ്പദ്‌വ്യവസ്ഥയുടെ ആരോഗ്യത്തിന് ആ മരുന്ന് കഴിക്കേണ്ടിവരും. യു പി എ സര്‍ക്കാറിന്റെ ദുര്‍ഭരണം മൂലമാണ് ഇത് ആവശ്യമായി വന്നത്. ഫെബ്രുവരി ആറിന് നിരക്ക് വര്‍ധിപ്പിക്കാനുള്ള നീക്കം നടന്നിരുന്നു. മെയ് 16ന് ഇത് പ്രഖ്യാപിക്കാനിരുന്നതാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പ്രഖ്യാപിച്ച 12,000 ട്രെയിനുകളില്‍ 4000ത്തോളം ട്രെയിനുകള്‍ മാത്രമേ സര്‍വീസ് നടത്തിയുള്ളൂ.
പുതിയ റെയില്‍വേ പദ്ധതിക്ക് അഞ്ച് ലക്ഷം കോടി രൂപ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. യു പി എ സര്‍ക്കാര്‍ സമ്പദ്ഘടനയുടെ താളം തെറ്റിച്ചു. പ്രയാസമേറിയ തീരുമാനങ്ങളിലൂടെയേ സമ്പദ്ഘടനയെ മുന്നോട്ട് നയിക്കാന്‍ കഴിയൂ. ജനങ്ങള്‍ വസ്തുതകള്‍ മനസ്സിലാക്കുമെന്നാണ് പ്രതീക്ഷയെന്നും നായിഡു വ്യക്തമാക്കി.

Latest