Connect with us

Kerala

ബേബിയുടെ രാജി ആവശ്യം സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് തള്ളി

Published

|

Last Updated

തിരുവനന്തപുരം: കൊല്ലത്തെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ എം എ ബേബി മുന്നോട്ടു വെച്ച രാജി ആവശ്യം സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തള്ളി. ബേബിയുടെ രാജി ആവശ്യം പാര്‍ട്ടിക്ക് ഗുണകരമാകില്ലെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി. രാജി വെക്കാനുള്ള സാഹചര്യം ഇപ്പോഴില്ലെന്നും എന്നാല്‍ വിഷയം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്യാനും യോഗം തീരുമാനിച്ചു. ദേശീയ തലത്തിലും തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിലുള്ള രാജി ആവശ്യങ്ങള്‍ തള്ളിയിട്ടുണ്ട്. അതുകൊണ്ടു തന്നെ എം എ ബേബിയുടെ വ്യക്തിപരമായ നിലപാടിന് വഴങ്ങാന്‍ പാര്‍ട്ടിക്ക് ബാധ്യതയില്ല. ഇത് തെറ്റായ കീഴ്‌വഴക്കങ്ങള്‍ സൃഷ്ടിക്കുമെന്നും സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. എന്നാല്‍ ബേബിയുടെ രാജി ആവശ്യം ചര്‍ച്ച ചെയ്യുന്ന വേളയില്‍ രൂക്ഷമായ വിമര്‍ശങ്ങളുണ്ടായി. വൈക്കം വിശ്വന്‍, ഇ പി ജയരാജന്‍, ആനത്തലവട്ടം ആനന്ദന്‍ എന്നിവര്‍ ബേബിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. എം എ ബേബി സ്ഥാനാര്‍ഥിയായ സാഹചര്യം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വിശദീകരിച്ചു.
സംസ്ഥാന നേതൃത്വത്തിന്റേതായിരുന്നില്ല തീരുമാനം. പോളിറ്റ് ബ്യൂറോയുടെ തീരുമാന പ്രകാരമാണ് ബേബി സ്ഥാനാര്‍ഥിയായത്. ഇത് സംബന്ധിച്ച കൂടുതല്‍ ചര്‍ച്ചകളുടെ ആവശ്യമില്ലെന്നും പിണറായി വിജയന്‍ വിശദീകരിച്ചു. തിരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആവശ്യമെങ്കില്‍ നടത്താവുന്നതാണ്. കൊല്ലം ജില്ലാ കമ്മിറ്റിയുടെ വിശലകനത്തിന്റെ കൂടി അടിസ്ഥാനത്തില്‍ സാഹചര്യം ചര്‍ച്ച ചെയ്യാം. അതല്ലാതെ രാജി വെക്കാന്‍ അനുവദിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നത് ഉത്തരവാദപ്പെട്ട ഒരു നേതാവിന് യോജിച്ച നടപടിയല്ലെന്നും സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാതെ വിട്ടു നിന്നതും വിമര്‍ശിക്കപ്പെട്ടു.
പാര്‍ട്ടി വിപ്പിന്റെ ചുമതലയുള്ള ബേബിയുടെ അഭാവത്തില്‍ പാര്‍ട്ടി ലീഡര്‍ എന്ന നിലയില്‍ കോടിയേരി ബാലകൃഷ്ണനാണ് വിപ്പ് നല്‍കിയത്. ബേബിക്കും വിപ്പ് നല്‍കിയെങ്കിലും അംഗീകരിച്ചില്ല. രണ്ടു ദിവസം മാത്രമാണ് ബേബി സഭയിലെത്തിയത്. ഇത് വിവാദമാക്കുകയും ചെയ്തു. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുകയും രാഷ്ട്രീയ എതിരാളികള്‍ക്ക് ആയുധം നല്‍കുകയും ചെയത് സമീപനം ശരിയായില്ലെന്ന വിമര്‍ശനവും യോഗത്തില്‍ ഉയര്‍ന്നു. താന്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യണമെന്ന് എം എ ബേബി ആവശ്യപ്പെട്ടു. ധാര്‍മികമായ നിലപാടെന്ന രീതിയിലാണു രാജി ആവശ്യം ഉന്നയിച്ചത്. ഇതു സംബന്ധിച്ചു പരസ്യ പ്രതികരണം നടത്തിയിട്ടില്ലെന്നും ബേബി വിശദീകരിച്ചതായി സൂചനയുണ്ട്. ഇന്ന് മുതല്‍ ആരംഭിക്കുന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ സെക്രട്ടേറിയറ്റിന്റെ തീരുമാനങ്ങള്‍ ചര്‍ച്ച ചെയ്യും.
സംസ്ഥാന സമിതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ബേബിയുടെ ആവശ്യം പരിഗണിക്കുക. ഇന്നും നാളെയുമാണ് സംസ്ഥാന സമിതി യോഗം ചേരുന്നത്. ഇടതുപക്ഷത്തു നിന്നും വിട്ടു പോയ ആര്‍ എസ് പിയുടെ എന്‍ കെ പ്രേമചന്ദ്രനോട് കൊല്ലം മണ്ഡലത്തിലാണ് എം എ ബേബി പരാജയപ്പെട്ടത്. സ്വന്തം മണ്ഡലമായ കുണ്ടറയിലും പിന്നോട്ടു പോയതോടെയാണ് രാജി ആവശ്യവുമായി എം എ ബേബി മുന്നോട്ടു വന്നത്. സംസ്ഥാന സമിതിയുടെ തീരുമാനം പൊളിറ്റ്ബ്യൂറോയില്‍ അറിയിക്കും. ബേബി പോളിറ്റ്ബ്യൂറോ അംഗമായത് കൊണ്ടും രാജി ആവശ്യം പി ബിയില്‍ ഉന്നയിച്ചത് കൊണ്ടും അന്തിമ തീരുമാനം സ്വീകരിക്കേണ്ടത് പി ബിയിലാണ്. നേരത്തെ അവയ്‌ലബിള്‍ പി ബി യോഗം രാജി ആവശ്യം തള്ളിയിരുന്നു.

 

Latest