Connect with us

Editorial

ഉദ്യോഗസ്ഥ ചേരിപ്പോര് സര്‍ക്കാറിന് കളങ്കം

Published

|

Last Updated

സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഉടലെടുത്ത ചേരിപ്പോര് സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ സ്തംഭിപ്പിക്കുന്ന വിധം രൂക്ഷമാകുകയാണെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നടത്തിയ പ്രസ്താവന വ്യക്തമാക്കുന്നത്. ഐ എ എസ്, ഐ പി എസ് ഉദ്യോഗസ്ഥ തലത്തിലെ ഭിന്നത ഭരണത്തെ ബാധിച്ചാല്‍ കടുത്ത നടപടി വേണ്ടിവരുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. ഒരു ഭാഗത്ത് ചീഫ് സെക്രട്ടരി ഭരത് ഭൂഷണെയും മറുഭാഗത്ത് പ്രിന്റിംഗ് ആന്‍ഡ് സ്റ്റേഷനറി വകുപ്പ് സെക്രട്ടരി രാജുനാരായണ സ്വാമിയെയും കേന്ദ്രീകരിച്ചാണ് ചേരിതിരിവ് രൂപപ്പെട്ടത്. ഐ എ എസ് ഉദ്യോഗസ്ഥരുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ചീഫ് സെക്രട്ടറി ആവശ്യമില്ലാത്ത കാര്യങ്ങള്‍ എഴുതി ചേര്‍ത്തുവെന്ന പരാതിയെ തുടര്‍ന്നാണ് മാസങ്ങളായി രൂപപ്പെട്ട വിഭാഗീയത പുറത്തു വരുന്നത്. ഉദ്യോഗസ്ഥരില്‍ തനിക്കിഷ്ടമില്ലാത്തവരെ തിരഞ്ഞുപിടിച്ച് ഉപദ്രവിക്കുകയാണ് ചീഫ് സെക്രട്ടറിയെന്നും അദ്ദേഹത്തിന് തത്പര്യമുള്ളവര്‍ക്കു മാത്രമാണ് സ്ഥാനക്കയറ്റം നല്‍കുന്നതെന്നും മറുഭാഗം ആരോപിക്കുന്നു. മൂന്നാര്‍ കുടിയൊഴിപ്പിക്കല്‍ ഘട്ടത്തില്‍ ഭരത് ഭൂഷണ്‍ തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും അതിന് വഴങ്ങാത്തതിനാല്‍ തന്നെ പീഡിപ്പിക്കുന്നതായും കുറ്റപ്പെടുത്തി രാജ്‌നാരായണ സ്വാമി ഐ എ എസ് ഓഫീസ് അസോസിയേഷന് നല്‍കിയ കത്ത് ഈ ഭിന്നതക്ക് ആക്കം കൂട്ടുകയും ചെയ്തു. ചീഫ് സെക്രട്ടറി തലത്തിലുള്ള ഒരു ഉദ്യോഗസ്ഥനെതിരെ സഹപ്രവര്‍ത്തകര്‍ ആരോപണം ഉന്നയിക്കുന്നത് സംസ്ഥനത്ത് ഇതാദ്യമായാണ്. രാജുനാരായണ സ്വാമിക്കും ലേബര്‍ ചീഫ് സെക്രട്ടരി ടോം ജോസിനുമെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു കൊണ്ടാണ് ഭരത് ഭൂഷണ്‍ ഇവരുടെ നീക്കത്തെ നേരിട്ടത്.
പ്രശ്‌നം ഇത്രത്തോളം വഷളാക്കിയത് ഉന്നത ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാറിന് സംഭവിച്ച വീഴ്ചയും കഴിവുകേടുമാണ്. ഐ എ എസ്, ഐ പി എസ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ നിയന്ത്രക്കുന്നതിന് പകരം മന്ത്രിമാരെ ഉദ്യോഗസ്ഥര്‍ നിയന്ത്രിക്കുന്ന പ്രവണതയാണ് ഇന്ന് പൊതുവെ കണ്ടു വരുന്നത്. ഭരണ തലപ്പത്തുള്ളവരുടെ ചില ദൗര്‍ബല്യങ്ങള്‍ ചൂഷണം ചെയ്തു അവരെ തങ്ങളുടെ വരുതിയിലാക്കുന്നതില്‍ ഉദ്യോഗസ്ഥരില്‍ ചിലര്‍ക്കുള്ള മിടുക്ക് സോളാര്‍ തട്ടിപ്പ് കേസിലും മറ്റും വ്യക്തമായതാണ്. വിജിലന്‍സ് കേസില്‍ ഉള്‍പ്പെട്ട ഉന്നതോദ്യോഗസ്ഥര്‍ക്ക് പ്രധാന തസ്തികകള്‍ നല്‍കരുതെന്നു കെ പി സി സി പ്രസിഡന്റ് വി.എം. സുധീരന്‍ ആവശ്യപ്പെട്ടിട്ടും പലരും പ്രധാന തസ്തികകളില്‍ തുടരുന്നത് ഈ സ്വാധീനത്തിന്റെ ബലത്തിലാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രശ്‌നം പോലുള്ള അന്തര്‍ സംസ്ഥാന പ്രശ്‌നങ്ങളില്‍ കേരളത്തിന്റെ താത്പര്യങ്ങള്‍ അവഗണിക്കാന്‍ വരെ ഉദ്യോഗസ്ഥ പ്രമുഖര്‍ ധൈര്യപ്പെടുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല. കേരളത്തിലെ നാല് അണക്കെട്ടുകളുടെ ഉടമസ്ഥാവകാശം തമിഴ്‌നാടിന് ലഭ്യമാക്കാന്‍ ഒരു ഉന്നത ഉദ്യോഗസ്ഥ കൂട്ടുനിന്നിട്ടും അവര്‍ക്കെതിരെ നടപടിയുണ്ടാകാത്തത് ശ്രദ്ധേയമാണ്. കേരളത്തിന്റെ പല സ്വപ്‌ന പദ്ധതികളും വൈകിപ്പിച്ചതിലും ഉദ്യോഗസ്ഥ മേധാവിത്വത്തിന്റെ പങ്ക് വെളിപ്പെട്ടിട്ടുണ്ട്. കൊച്ചി മെട്രോ റെയിലിന്് ഏഴ് വര്‍ഷത്തോളം തടസ്സം നിന്ന് സംസ്ഥാനത്തിന് 3182 കോടിയുടെ നഷ്ടം വരുത്തിയത് ഉദ്യോഗസ്ഥ പ്രമുഖരാണെന്ന് ഡല്‍ഹി മെട്രോ റയില്‍ കോര്‍പറേഷന്‍ മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍ വ്യക്തമാക്കിയതാണ്. 2005ല്‍ ഈ പദ്ധതിയുടെ പ്രൊജക്ട് റിപ്പോര്‍ട്ട് തയാറാക്കി നല്‍കുമ്പോള്‍ ചെലവ് 2000 കോടിയില്‍ താഴെയായിരുന്നു. 30 ലക്ഷം ജനങ്ങള്‍ കൊച്ചിയിലില്ലെന്ന കാരണത്താല്‍ കേന്ദ്ര ആസൂത്രണ വകുപ്പ് മേധാവി പദ്ധതിക്കു അനുമതി നല്‍കാതെ വച്ചു താമസിപ്പിച്ചതു മൂലമാണ് പിന്നീട് ചെലവ് 5182 കോടി രൂപയായി ഉയര്‍ന്നത്. കാര്യങ്ങളിങ്ങനെയെങ്കിലും ഐ എ എസുകാരെ തൊട്ടുകളിക്കാനോ, പിണക്കാനോ സംസ്ഥാന ഭരണ നേതൃത്വത്തിന് ഭയമാണ്. വെറുപ്പിച്ചാല്‍ അവര്‍ ഫയലുകളില്‍ തെറ്റായ തീരുമാനങ്ങള്‍ എഴുതിച്ചേര്‍ത്ത് ഭാവിയില്‍ മന്ത്രിമാക്ക് വിജിലന്‍സ് അന്വേഷണം നേരിടേണ്ട സാഹചര്യമുണ്ടാക്കിത്തീര്‍ത്തെന്നു വരും. ഒരര്‍ഥത്തില്‍ കേരളത്തിലുള്‍പ്പെടെ രാജ്യത്തിന്റെ ഭരണം നിയന്ത്രിക്കുന്നത് ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വമാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ജനസമ്പര്‍ക്കപരിപാടി നടത്തേണ്ടി വന്നത് ഉദ്യോഗസ്ഥരുടെ അലംഭാവം മൂലമാണെന്നും ഭരണഘടനാ തത്വങ്ങളും വ്യവസ്ഥകളും നടപ്പാക്കുന്നതില്‍ ഗുരുതരമായ വീഴ്ച കാണിക്കുന്ന ഉദ്യോഗസ്ഥ വൃന്ദം വാങ്ങുന്ന ശമ്പളത്തോട് കൂറുകാട്ടുന്നില്ലെന്നും ഈയിടെ ഹൈക്കോടതി വിലയിരുത്തിയതിന്റെ പശ്ചാത്തലവും ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും മോശമായ ഉദ്യോഗസ്ഥ സംവിധാനം ഇന്ത്യയിലാണെന്ന് ഹോങ്കോംഗ് ആസ്ഥാനമായ ഒരു സംഘടനയുടെ സര്‍വേയില്‍ വിലയിരുത്തിയതും ഇതോട് ചേര്‍ത്തു വായിക്കാകുന്നതാണ്.
കൂട്ടബലാത്സംഗത്തില്‍ പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഈയിടെ യു പി സര്‍ക്കാര്‍ ഐ എ എസ്, ഐ പി എസ്, പ്രിന്‍സിപ്പല്‍ സെക്രട്ടരിമാരടക്കം സംസ്ഥാനത്തെ ഉദ്യോഗസ്ഥ തലത്തില്‍ 200 ലധികം പേര്‍ക്ക് സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികളും സ്ഥലം മാറ്റവും നല്‍കുകയുണ്ടായി. കേരളത്തിലും ആവശ്യമാണ് ഇത്തരമൊരു ഉടച്ചുവാര്‍പ്പെങ്കിലും ഭരണ നേതൃതത്തിന് അതിനുള്ള ആര്‍ജ്ജവമുണ്ടോ എന്നതാണ് പ്രശ്‌നം.

Latest