Connect with us

Ongoing News

ഗുണ്ടാനിയമം ദുരുപയോഗം ചെയ്യുന്നെന്ന് പ്രതിപക്ഷം; പരിശോധിക്കുമെന്ന് മന്ത്രി

Published

|

Last Updated

തിരുവനന്തപുരം: ഗുണ്ടാ മാഫിയകളെ അടിച്ചമര്‍ത്താന്‍ നിയമസഭ പാസാക്കിയ കാപ്പാ നിയമം ദുരുപയോഗപ്പെടുത്തുന്നുവെന്ന പരാതി പരിശോധിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരെ കാപ്പാ നിയമം പ്രയോഗിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം അവതരണാനുമതി തേടിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ പകപോക്കലിന്റെ പേരില്‍ ആര്‍ക്കെതിരെയും നിയമം പ്രയോഗിച്ചിട്ടില്ല. രാഷ്ട്രീയ പ്രവര്‍ത്തകരെന്ന പേരില്‍ ഗുണ്ടാ പ്രവര്‍ത്തനം നടത്തുന്നവരെ കര്‍ശനമായി നേരിടുമെന്നും ചെന്നിത്തല വ്യക്തമാക്കി.

നിരന്തരം ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ കാഠിന്യം അനുസരിച്ചാണ് പോലീസ് കാപ്പാ നിയമം പ്രയോഗിക്കുന്നത്. വ്യക്തിവിരോധം തീര്‍ക്കാനോ പ്രതിയോഗികളെ അടിച്ചമര്‍ത്താനോ ഈ നിയമത്തിലൂടെ കഴിയില്ല. വ്യക്തിസ്വാതന്ത്ര്യത്തിന് അങ്ങേയറ്റം പരിഗണന നല്‍കുന്ന നിലപാടാണ് സര്‍ക്കാറിന്റെത്. എന്നാല്‍ സാമൂഹിക ഭീഷണി കൈയും കെട്ടി നോക്കിനില്‍ക്കാനാകില്ല. നിയമത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് പരാതി പരിഹരിക്കാനുള്ള വ്യവസ്ഥകളും ഈ നിയമത്തിലുണ്ട്. വിവിധ ഘട്ടങ്ങള്‍ പരിശോധിച്ച ശേഷമാണ് ഉപദേശക സമിതി കാപ്പ നിയമം ചുമത്താന്‍ ശിപാര്‍ശ ചെയ്യുന്നത്. എങ്കിലും ഏതെങ്കിലും തരത്തില്‍ ദുരുപയോഗം നടന്നിട്ടുണ്ടെങ്കില്‍ കര്‍ശനമായി പരിശോധിക്കും. ഏതെങ്കിലും രാഷ്ട്രീയപ്രവര്‍ത്തകരെയോ നേതാക്കളെയോ കാപ്പ നിയമത്തി ല്‍ ഉള്‍പ്പെടുത്തിയതായി ഹൈക്കോടതിയോ സുപ്രീം കോടതിയോ ഇതുവരെ പരാമര്‍ശം നടത്തിയിട്ടില്ല. ഈ നിയമം രാഷ്ട്രീയ ദുരുദ്ദേശ്യപരമായി പ്രയോഗിച്ചിട്ടില്ലെന്നതിന് തെളിവാണിതെന്നും ചെന്നിത്തല പറഞ്ഞു.
അംഗീകൃത രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകരെ ഇത്തരത്തില്‍ വേട്ടയാടുന്നത് സര്‍ക്കാറിന് ഭൂഷണമല്ലെന്ന് നോട്ടീസ് അവതരിപ്പിച്ച ഇ പി യരാജന്‍ ചൂണ്ടിക്കാട്ടി. രാഷ്ട്രീയ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ കാപ്പാ നിയമം ചുമത്താന്‍ പാടില്ലെന്നാണ് നിയമത്തില്‍ പറയുന്നത്. എന്നാല്‍ രാഷ്ട്രീയ പ്രതിയോഗികളെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ നിയമം ഉപയോഗിക്കുന്നത്. കാപ്പാ നിയമം ചുമത്തിയ 34ല്‍ 28 പേരെയും വെറുതെവിട്ടത് നിയമം ദുരുപയോഗം ചെയ്യുന്നതിന് തെളിവാണ്. രാഷ്ട്രീയ ലാഭത്തിന് പോലീസിനെ ഉപയോഗിക്കുകയാണെന്നും ജയരാജന്‍ ആരോപിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് രാഷ്ട്രീയ പ്രതിയോഗികളെ അടിച്ചമര്‍ത്താന്‍ കാപ്പാ നിയമം ആഭ്യന്തര വകുപ്പ് ദുരുപയോഗം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും ആരോപിച്ചു. വിദ്യാര്‍ഥികളെ മാതാപിതാക്കളില്‍ നിന്നകറ്റിയും വിദ്യാഭ്യാസത്തിനുള്ള അവസരം നിഷേധിച്ചും കാപ്പാ നിയമം ദുരുപയോഗം ചെയ്യുന്നുണ്ട്. ക്ഷമിക്കാവുന്നതിനപ്പുറം കടന്നാല്‍ ജനങ്ങള്‍ എന്ത് ചെയ്യുമെന്ന് മുന്‍കൂട്ടി പറയാനാകില്ലെനന്നും വി എസ് ഓര്‍മിപ്പിച്ചു.
ആഭ്യന്തര മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.

 

---- facebook comment plugin here -----

Latest