Connect with us

Editorial

ഇവര്‍ കേരളത്തെയും തീറെഴുതിയേക്കും

Published

|

Last Updated

ഉദ്യോഗസ്ഥരെ സ്വാധീനിച്ചു മുല്ലപ്പെരിയാര്‍ കേസില്‍ തമിഴ്‌നാട് വിജയം നേടിയതിന് പിന്നാലെ മുല്ലപ്പെരിയാര്‍, പറമ്പിക്കുളം, പെരിവാരിപള്ളം, തുണക്കടവ് എന്നീ അണക്കെട്ടുകളുടെ ഉടമസ്ഥാവകാശവും തമിഴ്‌നാട് കൈവശപ്പെടുത്തിയതായുള്ള വാര്‍ത്ത മലയാളി സമൂഹത്തെ ഞെട്ടിക്കുന്നതാണ്. ഈ നാല് ഡാമുകളുടെ ഉടമസ്ഥാവകാശം തങ്ങളുടെ പേരിലാക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യം 2013 നവംബറില്‍ ചേര്‍ന്ന ദേശീയ ഡാം സുരക്ഷാ സമിതിയുടെ 32-ാമത് യോഗം അംഗീകരിച്ച കാര്യം ജമീലാ പ്രകാശം എം എല്‍ എ നിയമസഭയില്‍ ഉണര്‍ത്തിയതോടെയാണ് പുറംലോകമറിയുന്നത്. യോഗത്തില്‍ കേരളത്തിന്റെ പ്രതിനിധിയായി ജലസേചന വകുപ്പ് ചീഫ് എന്‍ജിനീയറും പങ്കെടുത്തിരുന്നുവെങ്കിലും തമിഴ്‌നാടിന്റെ ആവശ്യത്തോട് അവര്‍ വിയോജിപ്പ് പ്രകടിപ്പിക്കാത്തതിനെ തുടര്‍ന്ന് യോഗം അതംഗീകരിക്കുകയായിരുന്നു. ദേശീയ ഡാം സുരക്ഷാ സമിതി യോഗത്തിന്റെ മിനുട്‌സും കേന്ദ്ര ജല കമ്മീഷന്റെ കത്തുമടക്കമുള്ള രേഖകള്‍ സഹിതമാണ് എം എല്‍ എ പ്രശ്‌നം സഭയുടെ മുമ്പാകെ അവതരിപ്പിച്ചത്.
എം എല്‍ എയുടെ ആരോപണം ശരിയല്ലെന്നും 2009 മുതല്‍ നാഷനല്‍ രജിസ്റ്റര്‍ ഓഫ് ലാര്‍ജ് ഡാംസിന്റെ രേഖകളില്‍ തമിഴ്‌നാടിന്റെ പട്ടികയിലായിരുന്ന ഈ നാല് അണക്കെട്ടുകളെ, കേന്ദ്ര ജല കമ്മീഷനില്‍ നിരന്തരമായി സമ്മര്‍ദം ചെലുത്തി 2012ല്‍ കേരളത്തിന്റ പട്ടികയിലേക്ക് മാറ്റിച്ചേര്‍പ്പിച്ചിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കഴിഞ്ഞ യോഗത്തില്‍ ഡാമുകളുടെ ഉടമാവകാശം തമിഴ്‌നാടിന് അനുവദിച്ചിട്ടുണ്ടെങ്കില്‍ അത് തിരുത്തിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി. യോഗതീരുമാനം തിരുത്തിക്കാന്‍ കേരളത്തിനാകുമോ എന്ന് കണ്ടറിയണം. കേരളം അങ്ങനെ ആവശ്യമപ്പെട്ടാല്‍ നമ്മുടെ ഉദ്യോഗസ്ഥരെ പോലെ കൈയും കെട്ടി വെറുതെ കേട്ടിരിക്കുന്നവരല്ല തമിഴ്‌നാട് ഉദ്യോഗസ്ഥര്‍. സ്വന്തം നാടിന്റെ താത്പര്യത്തിന് ഹാനികരമായ നിര്‍ദേശങ്ങളെ ഏതുവിധേയനും അവര്‍ ചേറുത്തുതോല്‍പ്പിക്കുമെന്നാണ് മുന്‍കാല അനുഭവങ്ങള്‍ കാണിക്കുന്നത്. മാത്രമല്ല, ഉഭയകക്ഷി കരാര്‍ പ്രകാരം ഡാമുകള്‍ പ്രവര്‍ത്തിപ്പിക്കാനും നോക്കിനടത്തനുമുള്ള ചുമതല തങ്ങള്‍ക്കാണെന്നത് പോലെ ഡാമിന്റെ ഉടമസ്ഥാവകാശവും തങ്ങള്‍ക്കാണെന്ന് 1886 ലേയും 1958 ലേയും കരാറുകളുടെ പിന്‍ബലത്തോടെ തമിഴ്‌നാട് വാദിക്കുന്നുമുണ്ട്. പറമ്പിക്കുളം ഡാമുകളുടെ സുരക്ഷ പരിശോധിക്കാന്‍ എത്തിയ കേരള ഉദ്യോഗസ്ഥരെ തമിഴ്‌നാട് തടഞ്ഞത് ഈ അവകാശവാദത്തിന് ഊന്നലേകാനായിരുന്നു.
ദേശീയ ഡാം സുരക്ഷാ സമിതി യോഗ തീരുമാനം കേരളത്തിന് തിരുത്തിക്കാനായാല്‍ തന്നെയും എന്തുകൊണ്ട് തമിഴ്‌നാടിന്റെ നീക്കത്തെ യോഗത്തില്‍ ചീഫ് എന്‍ജിനീയര്‍ പ്രതിരോധിച്ചില്ലെന്ന ചോദ്യത്തിന് സര്‍ക്കാര്‍ വ്യക്തമായി മറുപടി നല്‍കേണ്ടതുണ്ട്. മുഖ്യമന്ത്രി അവകാശപ്പെട്ടതു പോലെ ഇത് കേവലം ഉദ്യോഗസ്ഥരുടെ ജാഗ്രതാകുറവായി സമാധാനിക്കാകുന്നല്ല. തമിഴ്‌നാടിന്റെ സ്വാധീനത്തിന് വഴങ്ങിയാണ് ചീഫ് എന്‍ജിനീയര്‍ യോഗത്തില്‍ മൗനം പാലിച്ചതെന്നാണ് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത്. ദേശീയ ഡാം സുരക്ഷാ സമിതി യോഗ തീരുമാനവും അതില്‍ ചീഫ് എന്‍ജിനീയറുടെ സംശയാസ്പദമായ മൗനവും സംബന്ധിച്ചു മാസങ്ങള്‍ക്കു മുമ്പേ സര്‍ക്കാറിന് വിവരം ലഭിച്ചിട്ടുും പ്രശ്‌നം മുടി വെച്ചു ഉദ്യോഗസ്ഥയെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും ആരോപണമുണ്ട്. അണക്കെട്ടുകളുമായി ബന്ധപ്പെട്ട് തമിഴ്‌നാട് അടിക്കടി കൈയേറ്റങ്ങള്‍ നടത്തുകയും പുതിയ പുതിയ അവകാശവാദങ്ങളുമായി രംഗത്തു വരികയും ചെയ്യുമ്പോള്‍, ഉത്തരവാദപ്പെട്ട ഒരു ഉന്നതോദ്യോഗസ്ഥ കേരളത്തിന്റെ താത്പര്യങ്ങളെ ഹനിക്കുന്ന നിലപാട് സ്വീകരിച്ചിട്ടും സര്‍ക്കാര്‍ അര്‍ഹിക്കുന്ന ഗൗരവത്തോടെ അത് കാണാതിരിക്കുന്നത് ഈ ആരോപണത്തിന് ബലമേകുന്നുണ്ട്.
മുല്ലപ്പെരിയാര്‍ ഡാമിന്റെ ഉയരം വര്‍ധിപ്പിക്കുന്നതിന് തമിഴ്‌നാടിന് അനുമതി നല്‍കാന്‍ സുപ്രീം കോടതിക്ക് പ്രചോദനം ഡാം സുരക്ഷിതമാണെന്ന കേരള ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടും ചില മലയാള പത്രങ്ങളുടെ നിലപാടുകളുമായിരുന്നല്ലോ. കേരളത്തിന് ദോഷകരമായ പ്രസ്തുത റിപ്പോര്‍ട്ടുകള്‍ക്ക് പിന്നില്‍ വന്‍ സ്വാധീനമുണ്ടെന്നാണ് പറയപ്പെടുന്നത്. ഇക്കാര്യത്തില്‍ തമിഴ്‌നാടിനെ സഹായിച്ചവരുടെ ബന്ധുക്കളുടെ പേരില്‍ തമിഴ്‌നാട്ടില്‍ ഏക്കര്‍ കണക്കിന് തെങ്ങിന്‍തോപ്പുകളും കോടികള്‍ വിലമതിക്കുന്ന ഫഌറ്റുകളും വിദേശ കറന്‍സികളും ലഭിച്ചതായാണ് വിവരം. മുമ്പും പല പ്രശ്‌നങ്ങളിലും സംസ്ഥാനത്തിന്റെ താത്പര്യത്തിന് വിരുദ്ധമായ നീക്കങ്ങള്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായിട്ടും അതിനെതിരെ കര്‍ശന നടപടി സ്വീകരിക്കാത്തതാണ് വീണ്ടും വീണ്ടും ഈ പ്രവണത തുടരാന്‍ അവര്‍ക്ക് ധൈര്യമേകുന്നത്. സമ്പാദിച്ചു കൂട്ടാന്‍ ഏതു ഹീന മാര്‍ഗവും സ്വീകരിക്കാന്‍ ഒരുമ്പെടുന്ന ഇത്തരക്കാര്‍ കേരളത്തെ തന്നെ തീറെഴുതിക്കൊടുക്കാന്‍ മടിക്കില്ല. സംസ്ഥാനത്തിന് നാണക്കേടും ശാപവുമാണ് ഈ വിഭാഗം.

Latest