Connect with us

Wayanad

മലയോര മേഖലക്ക് ആശ്വാസമായി പാടന്തറ മര്‍കസിന്റെ 20 ഇന പദ്ധതികള്‍

Published

|

Last Updated

ഗൂഡല്ലൂര്‍: പാടന്തറ മര്‍കസ് ഇരുപതാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് പാടന്തറ മര്‍കസ് കമ്മിറ്റി നടപ്പിലാക്കുന്ന ഇരുപതിന പദ്ധതികള്‍ ശ്രദ്ധേയമായി.
നീലഗിരി ജില്ലയിലെ നിര്‍ധനരായ നിരവധി കുടുംബങ്ങള്‍ക്ക് സ്ഥാപനം കൈതാങ്ങായി. മലയോരമേഖലയായ നീലഗിരിയില്‍ പാവപ്പെട്ട കുടുംബങ്ങളാണ് ഏറെയും അതിവസിക്കുന്നത്. മതസാമൂഹിക സാംസ്‌കാരിക വൈജ്ഞാനിക മേഖലകളില്‍ നിസ്തുലമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന പ്രസ്തുത സ്ഥാപനം ജില്ലയില്‍ ഇതുവരെ ഒരു സ്ഥാപനവും നടത്താത്ത ക്ഷേമപദ്ധതികളാണ് നടപ്പിലാക്കുന്നത്. ജാതിമത-ഭാഷാ ഭേദമന്യേ എല്ലാവരുടെയും പ്രയാസങ്ങള്‍ സ്ഥാപനം മനസിലാക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിമിധികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് ചെയ്യാവുന്നതെല്ലാം ചെയ്തുവരുന്നുമുണ്ട്.
108 പേര്‍ക്ക് തയ്യല്‍ മെഷീനും 20 പേര്‍ക്ക് ഊന്നുവടിയും 20പേര്‍ക്ക് വീല്‍ചെയറും 31 പേര്‍ക്ക് ആടും മുപ്പത്തിയഞ്ച് പേര്‍ക്ക് നിസ്‌കാര കുപ്പായവും നിരവധി പേര്‍ക്ക് പശുക്കളും ഇതിനകം വിതരണം ചെയ്തിട്ടുണ്ട്. ചികിത്സ, റേഷന്‍, കിണര്‍, സ്‌കോളര്‍ഷിപ്പ്, യത്തീമുകളെ ദത്തെടുക്കല്‍ തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുമുണ്ട്. 57 പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹം കഴിഞ്ഞമാസം അതിവിപുലമായി നടന്നിരുന്നു.
സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്നവരെ സഹായിക്കാനോ അവരെ ആശ്വസിപ്പിക്കാനോ ഇന്ന് ആരും ശ്രമിക്കാറില്ല. ആരാരുമില്ലാത്തവരെ പാടന്തറ മര്‍കസ് സഹായിക്കുമെന്ന തരത്തിലേക്ക് പ്രവര്‍ത്തനങ്ങള്‍ എത്തിയിട്ടുണ്ട്. ജനസേവനരംഗത്ത് മര്‍കസ് എല്ലാവര്‍ക്കും ഉത്തമ മാതൃകയാണ്. പാടന്തറ മര്‍കസില്‍ യതീംഖാന, ദഅ#്‌വാകോളജ്, ശരീഅത്ത് കോളജ്, ഇംഗ്ലീഷ് മീഡിയം, ഹിഫഌല്‍ഖുര്‍ആന്‍ കോളജ്, ബനാത്ത് യതീംഖാന തുടങ്ങിയ സ്ഥാപനങ്ങളിലായി കേരളം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ രണ്ടായിരത്തോളം വിദ്യാര്‍ഥികള്‍ പഠനം നടത്തുന്നുണ്ട്.
ലത്വീഫി സംഗമം
ഗൂഡല്ലൂര്‍: പാടന്തറ മര്‍കസില്‍ നടന്ന നീലഗിരി ജില്ലാ ലത്വീഫി സംഗമം സമാപിച്ചു. ഇ ടി അഷ്‌റഫ് ലത്വീഫി അധ്യക്ഷതവഹിച്ചു. മുഹമ്മദ് ലത്വീഫി പ്രാര്‍ഥന നടത്തി. ഉസ്മാന്‍ ലത്വീഫി ഉദ്ഘാടനം ചെയ്തു. ശെമീര്‍ ലത്വീഫി സ്വാഗതം പറഞ്ഞു. ലത്വീഫി സംഗം ജില്ലാ ഭാരവാഹികളായി അഷ്‌റഫ് ലത്വീഫി പാക്കണ (പ്രസി) ശെമീര്‍ ലത്വീഫി കുറ്റിമൂച്ചി (ജന.സെ) ബഷീര്‍ ലത്വീഫി എല്ലമല (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
തര്‍ബിയ ക്യാമ്പ്
ഗൂഡല്ലൂര്‍: എസ് എസ് എഫ് കല്ലിങ്കര യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തര്‍ബിയ ക്യാമ്പ് നടത്തി. പ്രസിഡന്റ് അബ്ദുര്‍റഷീദ് അസ് ലമി അധ്യക്ഷതവഹിച്ചു. ഫൈസല്‍ സഅദി ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് സഖാഫി ക്ലാസെടുത്തു. റസാഖ് മദനി, ഷംസുദ്ധീന്‍ കല്ലിങ്കര, അസീസ്, ശാജഹാന്‍, താരിഖ്, എ പി മുസ്തഫ തുടങ്ങിയവര്‍ സംബന്ധിച്ചു.

തുറപ്പള്ളി-കക്കനഹള്ള ദേശീയ പാത തകര്‍ന്നു
ഗൂഡല്ലൂര്‍: ഗൂഡല്ലൂര്‍-മൈസൂര്‍ ദേശീയ പാതയിലെ തുറപ്പള്ളി മുതല്‍ തൊപ്പക്കാട് വരെയുള്ള പാത പാടെ തകര്‍ന്നു. തൊപ്പക്കാട്, കാര്‍ക്കുടി ഭാഗങ്ങളില്‍ വലിയ ഗര്‍ത്തങ്ങളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അഞ്ച് വര്‍ഷമായി റോഡിന്റെ അറ്റകുറ്റ പ്രവൃത്തികള്‍ പോലും നടത്താന്‍ ഹൈവേവകുപ്പ് അധികൃതര്‍ തയ്യാറായിട്ടില്ല. മുതുമല കടുവാസങ്കേതത്തിലൂടെ കടന്ന് പോകുന്ന പാതയുടെ സ്ഥിതിയാണിത്. ഇരുചക്രവാഹനങ്ങള്‍ക്ക് പോലും പ്രയാസംകൂടാതെ ഇതുവഴി സഞ്ചരിക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. തമിഴ്‌നാട്-കര്‍ണാടക അതിര്‍ത്തി പങ്കിടുന്ന പ്രധാന പാതയാണിത്. റോഡ് പുനര്‍നിര്‍മിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Latest