Kozhikode
ചികിത്സ പൂര്‍ത്തിയാക്കാതെ മഅ്ദനിയെ ജയിലിലേക്ക് മാറ്റി
കോഴിക്കോട്: ബംഗളൂര്‍ മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയെ ജയിലിലേക്ക് മാറ്റി. ചികിത്സ പൂര്‍ത്തിയാക്കാതെ തികച്ചും അപ്രതീക്ഷിതമായി ഉച്ചക്ക് മൂന്ന് മണിയോടെയാണ് മഅ്ദനിയെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്. ബംഗളൂരു സ്‌ഫോടന കേസില്‍ വിചാരണ തടവുകാരനായി കഴിയുന്ന മഅ്ദനിയെ സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് കഴിഞ്ഞ മാസം 29ന് ആശുപത്രിയിലേക്ക് മാറ്റിയത്. എട്ടാഴ്ചത്തെ ചികിത്സ നല്‍കണമെന്നാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ 19 ദിവസത്തെ ചികിത്സ മാത്രം നല്‍കി ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതി കൈവരും മുമ്പാണ് മഅ്ദനിയെ മാറ്റിയത്. മണിപ്പാല്‍ ആശുപത്രിയില്‍ വിവിധ ചികിത്സാവിഭാഗം തലവന്‍മാരായ ഡോ. ബല്ലാള്‍, ഡോ. അര്‍ഥന്‍ ഭട്ടാചാര്യ, ഡോ. സോമണ്ണ, ഡോ. മുരളി എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് മഅ്ദനിയെ ചികിത്സിച്ചിരുന്നത്. ഭാര്യ സൂഫിയ, മകന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി, അടുത്ത ബന്ധു അനീസ് രാജ് എന്നിവര്‍ മഅ്ദനിക്കൊപ്പമുണ്ടായിരുന്നു.