Connect with us

Malappuram

മലപ്പുറത്തിന്റെ മനം മാറുമോ?

Published

|

Last Updated

malappuramമുസ്‌ലിം ലീഗിന്റെ കോട്ടയില്‍ റെക്കോര്‍ഡ് ഭൂരിപക്ഷം നേടുമെന്ന ആത്മവിശ്വാസത്തില്‍ ഇ അഹമ്മദ്. സ്ഥാനാര്‍ഥി നിര്‍ണയത്തിനിടെ ലീഗിലുണ്ടായ തര്‍ക്കങ്ങളും മണ്ഡലത്തില്‍ മാവേലിയാണെന്നും പറഞ്ഞ് അഹമ്മദിനെ തളക്കാനാകുമെന്ന പ്രതീക്ഷയില്‍ പി കെ സൈനബ. രാജ്യത്തിന് ഇനി പ്രതീക്ഷ മോദിയില്‍ മാത്രമാണെന്ന് വോട്ടര്‍മാരെ ഉണര്‍ത്തി എന്‍ ശ്രീപ്രകാശ്. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ മുസ്‌ലിം ലീഗിന് മത്സരം തന്നെ വേണ്ടെന്ന് പറഞ്ഞവര്‍ ആ വാക്ക് പിന്‍വലിച്ചു തുടങ്ങിയിട്ടുണ്ട്. വിയര്‍പ്പൊഴുകാതെ തന്നെ ലീഗിന് വന്‍ ഭൂരിപക്ഷം നേടാമെന്ന സ്ഥിതി മാറി. അതുകൊണ്ടു തന്നെ മീനച്ചൂടിനെയും പ്രായത്തെയും വക വെക്കാതെ ഇ അഹമ്മദും സജീവമായി പ്രചാരണ രംഗത്തുണ്ട്. മണ്ഡലത്തില്‍ പര്യടനം പൂര്‍ത്തിയാക്കിയ സ്ഥാനാര്‍ഥികള്‍ ഇപ്പോള്‍ രണ്ടാം ഘട്ട പ്രചരണ തിരക്കിലാണ്.

1952ലെ മലപ്പുറം ലോക്‌സഭാ മണ്ഡലം 1957ല്‍ ആണ് രൂപവും പേരും മാറി മഞ്ചേരിയായത്. അര നൂറ്റാണ്ടിനുശേഷം, മഞ്ചേരി വീണ്ടും മലപ്പുറമായി. ലീഗിന്റെ ഉറച്ച കോട്ടയാണെങ്കിലും 1999ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് 1.23 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന മഞ്ചേരിയാണ് 2004ല്‍ 47,743 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഇടതു മുന്നണിയെ വിജയിപ്പിച്ചത്. മറിഞ്ഞത് രണ്ട് ലക്ഷത്തോളം വോട്ടുകള്‍. മഞ്ചേരിയിലെ തോല്‍വി മുസ്‌ലിം ലീഗിന്റെ ആദ്യത്തെയും അവസാനത്തേതുമായിരുന്നു. കൊണ്ടോട്ടി, മഞ്ചേരി, മലപ്പുറം, പെരിന്തല്‍മണ്ണ, മങ്കട, വള്ളിക്കുന്ന്, വേങ്ങര നിയമസഭാ മണ്ഡലങ്ങളുള്‍പ്പെട്ടതാണ് മലപ്പുറം ലോക്‌സഭാ മണ്ഡലം. ഏഴും യു ഡി എഫിന്റെ കൈവശവും.
മലപ്പുറത്ത് കഴിഞ്ഞ തവണ ഇ അഹമ്മദ് 1,15,597 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഇത്തവണ ഒന്നര ലക്ഷം വോട്ടുകളെങ്കിലും ഭൂരിപക്ഷം കിട്ടുമെന്നാണ് ആദ്യ ഘട്ടത്തില്‍ വിലയിരുത്തിയിരുന്നത്. മലപ്പുറം പോലുള്ള മണ്ഡലത്തില്‍ അധികം സ്വാധീനമില്ലാത്ത ഒരു വനിതയെ നിര്‍ത്തി ലീഗിന് മത്സരം എളുപ്പമാക്കികൊടുത്തുവെന്ന ആരോപണം അതിന് ബലമേകി. എന്നാല്‍, ഇ അഹമ്മദിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ ലീഗിനുള്ളില്‍, പ്രത്യേകിച്ച് യൂത്ത് ലീഗില്‍ നിന്ന് ഉയര്‍ന്നു വന്നിട്ടുള്ള എതിര്‍പ്പ് ഇപ്പോഴും പൂര്‍ണമായി പരിഹരിക്കാന്‍ ലീഗിനായിട്ടില്ല. കഴിഞ്ഞ ദിവസവും താനൂരില്‍ വോട്ട് ചോദിക്കാനായി എത്തിയ അഹമ്മദിനെതിരെ ലീഗ് പ്രവര്‍ത്തകര്‍ ഗോ ബാക്ക് വിളിച്ചിരുന്നു. മന്ത്രി ആര്യാന്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കന്മാരും മുഖ്യമന്ത്രിയടക്കമുള്ളവരും ഇ അഹമ്മദിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മണ്ഡലത്തിലെത്തിയെങ്കിലും ഇപ്പോഴും പ്രാദേശിക തലത്തിലുള്ള ലീഗ്- കോണ്‍ഗ്രസ് തര്‍ക്കങ്ങള്‍ക്കും പരിഹാരമായിട്ടില്ല. സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരെ വന്ന എതിര്‍പ്പുകളെ വകവെക്കാതെ അഹമ്മദിനെ തന്ന സ്ഥാനാര്‍ഥിയാക്കിയതിനാല്‍ ഇത്തവണ ഭൂരിപക്ഷം കുറഞ്ഞാല്‍ അത് തിരിച്ചടിയാകും. അതുകൊണ്ട് തന്നെ ഒന്നര ലക്ഷത്തിലധികമുള്ള പുതിയ വോട്ടര്‍മാരെ ലക്ഷ്യമിട്ട് ഇ അഹമ്മദ് വിവിധ കോളജുകള്‍ സന്ദര്‍ശിച്ച് പ്രചാരണം കൊഴുപ്പിക്കുന്നുണ്ട്. പെരിന്തല്‍മണ്ണയില്‍ പുതിയ വോട്ടര്‍മാരുടെ സംഗമവും സംഘടിപ്പിച്ചിരുന്നു.
മുസ്‌ലിം ലീഗ് സ്ഥാപന നേതാക്കളിലൊരാളായ ഖാഇദേ മില്ലത്ത് ഇസ്മാഈല്‍ സാഹിബിന്റെ പൗത്രന്‍ ദാവൂദ് മിയാന്‍ഖാന്‍ നാമദിര്‍ദേശ പത്രിക നല്‍കിയത് അഹമ്മദിന് വലിയ ഭീഷണയായിരുന്നു. അവസാന നിമിഷം മിയാന്‍ഖാന്‍ പത്രിക പിന്‍വലിച്ചത് ലീഗ് നേതൃത്വത്തിന് താത്കാലിക ആശ്വാസമായിട്ടുണ്ട്. അഹമ്മദിന്റെ ദേശീയ ഇമേജും വികസന മുന്നേറ്റവും വോട്ടാകുമെന്ന പ്രതീക്ഷയിലാണ് യു ഡി എഫ്.
കേന്ദ്ര മന്ത്രിയെന്ന നിലയില്‍ ചെയ്യാമായിരുന്ന പല കാര്യങ്ങളും ചെയ്യാതെ അഹമ്മദ് മണ്ഡലത്തെ മറന്നുകളഞ്ഞെന്ന് എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി കെ സൈനബ പറയുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിന്റെ കാര്യത്തില്‍ മണ്ഡലത്തില്‍ ഒന്നും നടന്നില്ല. കൊട്ടിഘോഷിക്കുന്ന പലതും കടലാസില്‍ മാത്രമേയുള്ളൂവെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. ലീഗ് – കോണ്‍ഗ്രസ് പിണക്കവും അഹമ്മദിനോടുള്ള എതിര്‍പ്പും വോട്ടാക്കാനുള്ള ശ്രമത്തിലാണ് ഇടതു മുന്നണി. കഴിഞ്ഞ തവണ അഹമ്മദിനെതിരെ മത്സരിച്ച എല്‍ ഡി എഫ് സ്ഥാനാര്‍ഥി ടി കെ ഹംസ 3,12,343 വോട്ടുകള്‍ നേടിയിരുന്നു. വനിതാ സഭകള്‍ സംഘടിപ്പിച്ച് വനിതകളുടെ വോട്ട് നേടിയെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഇടത് മുന്നണി. രണ്ട് തവണ വനിതാ കമ്മീഷന്‍ അംഗമായിരുന്നതിനാല്‍ പി കെ സൈനബ വിജയിച്ചാല്‍ വനിതകളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ കഴിയുന്ന എം പിയായിരിക്കുമെന്ന പ്രചാരണവും നടക്കുന്നു.
മോദി തരംഗവും മണ്ഡലത്തിലെ ബന്ധങ്ങളും വോട്ടാകുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി സ്ഥാനാര്‍ഥി ശ്രീപ്രകാശ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ഥിയായിരുന്ന അഡ്വ. എന്‍ അരവിന്ദന്‍ 36,016 വോട്ടുകള്‍ നേടിയിരുന്നു. ഇത്തവണ അര ലക്ഷം വോട്ടുകളെങ്കിലും നേടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കന്നിയങ്കത്തിനിറങ്ങുന്ന എസ് ഡി പി ഐക്ക് മണ്ഡലത്തില്‍ നല്ല സ്വാധീനമുണ്ട്. എസ് ഡി പി ഐ സ്ഥാനാര്‍ഥിയായി നസ്‌റുദ്ദീന്‍ എളമരവും വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി പ്രൊഫ. പി ഇസ്മാഈലും മത്സരരംഗത്ത് സജീവമാണ്. എസ് ഡി പി ഐ പിടിക്കുന്ന വോട്ടുകള്‍ കഴിഞ്ഞ തവണ യു ഡി എഫിന് ലഭിച്ച വോട്ടുകളാണ്. മലപ്പുറത്തെ ഫലത്തെ കുറിച്ച് ആര്‍ക്കും എതിരഭിപ്രായമില്ല. എങ്കിലും റെക്കോര്‍ഡ് ഭൂരിപക്ഷത്തിന് ജയിക്കാനുള്ള മോഹത്തിന് കടിഞ്ഞാണിടാനാണ് എല്‍ ഡി എഫിന്റെ ശ്രമം.

Latest