Connect with us

Kannur

കോളജുകളില്‍ പ്രചാരണം നടത്തുന്നത് തടഞ്ഞു

Published

|

Last Updated

കണ്ണൂര്‍: സ്ഥാനാര്‍ഥികള്‍ കോളജുകളില്‍ കയറി പ്രചാരണം നടത്തുന്നത് തടഞ്ഞ് ജില്ലാ വരണാധികാരിയായ കലക്ടര്‍ ഉത്തരവിട്ടു.
പൊതുസ്ഥാപനങ്ങളില്‍ കയറി പ്രചാരണം പാടില്ലെന്ന ചട്ടം ചൂണ്ടിക്കാട്ടിയാണ് കോളജുകളില്‍ കയറരുതെന്ന് നിര്‍ദേശിച്ചിരിക്കുന്നത്. സര്‍ക്കാര്‍-എയ്ഡഡ്-സ്വകാര്യ കോളജുകളില്‍ ഇത് ബാധകമാണ്. കലക്ടറുടെ ഉത്തരവിനെ തുടര്‍ന്ന് കോളജുകള്‍ സന്ദര്‍ശിച്ചുള്ള പ്രചാരണം സ്ഥാനാര്‍ഥികള്‍ നിര്‍ത്തിവെച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ കോളജുകളില്‍ കയറി പ്രചാരണം നടത്തിയതിനു സ്ഥാനാര്‍ഥികളോടു വിശദീകരണം ചോദിച്ച് നോട്ടീസ് നല്‍കുമെന്ന് അധികൃതര്‍ പറഞ്ഞു.
യുവ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഇത്തവണ എല്ലാ സ്ഥാനാര്‍ഥികളും കോളജുകളെ കേന്ദ്രീകരിച്ചാണ് പ്രചാരണം ആരംഭിച്ചത്. കണ്ണൂര്‍ ജില്ലയില്‍ 48,000 പുതിയ വോട്ടര്‍മാരുണ്ട്. ഇവരിലേറെയും കോളജ് വിദ്യാര്‍ഥികളാണ്. തിരഞ്ഞെടുപ്പില്‍ പുതിയ വോട്ടര്‍മാര്‍ നിര്‍ണായക ഘടകമാകുമെന്നാണു വിലയിരുത്തല്‍. യുവ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ സ്ഥാനാര്‍ഥി കിണഞ്ഞു ശ്രമിക്കുന്നതിനിടയില്‍ കോളജുകളിലെ പ്രചാരണം തടഞ്ഞതു തിരിച്ചടിയായിട്ടുണ്ട്. ഹൈടെക് രീതിയിലുള്ള പ്രചാരണ തന്ത്രങ്ങളിലൂടെ യുവ വോട്ടര്‍മാരെ കൈയിലെടുക്കാനായിരിക്കും ഇനി സ്ഥാനാര്‍ഥികളുടെ ശ്രമം.
കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി കെ സുധാകരന്‍ കഴിഞ്ഞ ദിവസം മട്ടന്നൂര്‍ കോളജില്‍ വോട്ട് തേടിയെത്തിയപ്പോള്‍ സംഘര്‍ഷമുണ്ടായിരുന്നു. എസ് എഫ് ഐയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ തടയാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. സംഘര്‍ഷത്തില്‍ ഒമ്പത് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
കോളജുകള്‍ കേന്ദ്രീകരിച്ചുള്ള പ്രചാരണം കൂടുതല്‍ സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കുമെന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് പ്രചാരണം തടഞ്ഞിരിക്കുന്നത്.

Latest