Connect with us

National

സാമൂഹിക ഇടപെടലുകളിലൂടെയുള്ള സാമുദായിക മുന്നേറ്റം അനിവാര്യം: കാന്തപുരം

Published

|

Last Updated

ഗുജറാത്തില്‍ സംഘടിപ്പിച്ച ദേശീയ ഇസ്‌ലാമിക സമ്മേളനത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു

അഹ്മദാബാദ്: സാമൂഹികമായ ഇടപെടലികളിലൂടെയുള്ള സാമുദായിക മുന്നേറ്റമാണ് ഭാരത മുസ്‌ലിംകളുടെ ഏറ്റവും വലിയ ആവശ്യകതയെന്ന് കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍. മര്‍കസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഗുജറാത്തില്‍ സംഘടിപ്പിച്ച ദേശീയ ഇസ്‌ലാമിക സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കാന്തപുരം.

ഈ സമീപനത്തിന്റെ ഗുണഭോക്താക്കള്‍ മുസ്‌ലിംകള്‍ മാത്രമല്ലെന്നും മറ്റു സമുദായങ്ങളും രാഷ്ട്രം പൊതുവിലും ഈ സാമുദായിക മുന്നേറ്റത്തിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കുമെന്നും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. ഇന്ത്യാ വിഭജനം മുസ്‌ലിംകള്‍ക്ക് നല്‍കിയ ഉത്തരവാദിത്തങ്ങള്‍ നിരവധിയായിരുന്നു. പ്രത്യേകിച്ച് ഉത്തരേന്ത്യയിലെ മുസ്‌ലിംകള്‍ക്ക് കുടുംബ ബന്ധം മുതല്‍ അയല്‍ക്കാരനെ വരെ പുതുതായി കണ്ടെത്തേണ്ടിയിരിക്കുന്നു. ഭരണകൂടങ്ങള്‍ക്ക് പലപ്പോഴും മുസ്‌ലിംകളെ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. രാജ്യത്ത് വിവിധ കാലങ്ങളില്‍ വന്ന സര്‍ക്കാറുകള്‍ മുസ്‌ലിംകളോടുള്ള ഉത്തരവാദിത്വം നിര്‍വ്വഹിച്ചില്ല എന്നാണ് സച്ചാര്‍ കമ്മിറ്റി പോലും വ്യക്തമാക്കിയത്. അങ്ങനെയാണ് രാജ്യത്തിന്റെ പലഭാഗങ്ങളിലും മത പണ്ഡിതന്മാര്‍ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങിയതെന്നും കാന്തപുരം പറഞ്ഞു.

ദേശീയ തലത്തിലുള്ള സുന്നി സംഘടനകളുടെയും മര്‍കസ് സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വേണ്ടി വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടന്ന് വരുന്ന സുന്നി സമ്മേളനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ദേശീയ സമ്മേളനത്തില്‍ പതിനായിരക്കണക്കണക്കിന് വിശ്വാസികള്‍ ഒഴുകിയെത്തി.

ഇസ്‌ലാമിക ആദ്ധ്യാത്മിക മൂല്യങ്ങളുടെ വീണ്ടെടുപ്പിന് എന്ന പ്രമേയത്തില്‍ അഹ്മദാബാദിലെ ഷാഹ് ആലം എം.എസ്. ഗ്രൗണ്ടില്‍ നടന്ന സമ്മേളനം മൂന്ന് സെഷനുകളായാണ് ക്രമീകരിച്ചത്. വൈകീട്ട് നാലിന് ആരംഭിച്ച ഇസ്‌ലാമിക സെഷന്‍ ഇദ്‌രീസ് വോറ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. അഹ്മദാബാദ് സര്‍ക്കേജി ഗ്രാന്റ് മസ്ജിദ് ഇമാം അല്ലാമാ അലീമുദ്ദീന്‍ അധ്യക്ഷത വഹിച്ചു. അല്‍ ഇഖ്‌ലാസ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഹാജി അബ്ദുല്‍ നിസാര്‍ ചാച്ച പ്രബന്ധം അവതരിപ്പിച്ചു. ഉബൈദ് ഇബ്‌റാഹീം സ്വാഗതവും അലി സഖാഫി നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന സ്പിരിച്ച്വല്‍ സെഷന്‍ ഗുജറാത്ത് ഗ്രാന്റ് മുഫ്തി മൗലാനാ ശബീര്‍ ആലം ഉദ്ഘാടനം ചെയ്തു. മദനീ വെല്‍ഫെയര്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ സയ്യിദ് ശൗക്കത്തലി ബാബു അശ്‌റഫി അധ്യക്ഷത വഹിച്ചു. ബശീര്‍ നിസാമി സ്വാഗതവും സൈനുല്‍ ആബിദ് നന്ദിയും പറഞ്ഞു. ശേഷം നടന്ന ബുര്‍ദ മജ്‌ലിസ് ഗുജറാത്ത് മുസ്‌ലിംകള്‍ക്ക് നവ്യാനുഭവമായി. മഗ്‌രിബ് നിസ്‌കാരാനന്തരം നടന്ന റിവൈവ് കോണ്‍ഫറന്‍സ് രാജസ്ഥാന്‍ ഗ്രാന്റ് മുഫ്തി അല്ലാമാ ഷേര്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. ശൗക്കത്ത് ബുഖാരി കാശ്മീര്‍ സ്വാഗതം പറഞ്ഞു. ശൈഖുല്‍ ഇസ്‌ലാം ഹസ്‌റത്ത് അല്ലാമാ മുഹമ്മദ് മദിനി മിയാ അല്‍ അശ്‌റഫി അധ്യക്ഷത വഹിച്ചു. ഡോ. ഹുസൈന്‍ മുഹമ്മദ് സഖാഫി, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

unnamed

425

Latest