Connect with us

Gulf

ഗള്‍ഫില്‍ മരണമടയുന്ന ഇന്ത്യക്കാരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ വെളിപ്പെടുത്തണം

Published

|

Last Updated

മസ്‌കത്ത്: ഗള്‍ഫ് നാടുകളില്‍ വെച്ച് മരണമടയുന്ന ഇന്ത്യക്കാരുടെ വിവരങ്ങള്‍ കൂടുതല്‍ വ്യക്തതയോടെ വെളിപ്പെടുത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്ന് രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷനല്‍ ആവശ്യപ്പെട്ടു. ആംനസ്റ്റിയുടെ ഇന്ത്യന്‍ ഘടകമാണ് കഴിഞ്ഞ ദിവസം ഈ ആവശ്യം സര്‍ക്കാറിനു മുന്നില്‍ വെച്ചത്.

ഒരു വര്‍ഷത്തിനിടെ ഖത്തറില്‍ മരണമടഞ്ഞ ഇന്ത്യക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ദി ഗാര്‍ഡിയന്‍ പത്രം വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടതനുസരിച്ച് ലഭിച്ച വിവരം രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ എ എഫ് പി പ്രസിദ്ധപ്പെടുത്തി. ഈ സാഹചര്യത്തിലാണ് ഗള്‍ഫ് നാടുകളില്‍ മരിക്കുന്നവരെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ശേഖരിച്ച് വെളിപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ കൂടുതല്‍ സുതാര്യത കാണിക്കണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷനല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഖത്തറിലെ ഇന്ത്യന്‍ ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ മരണസംഖ്യ സാധാരണമാണെന്നാണ് ഇന്ത്യന്‍ എംബസി അധികൃതരുടെ വിലയിരുത്തല്‍. ഭൂരിഭാഗം മരണങ്ങളും സ്വാഭാവികമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
എന്നാല്‍ ഇത്ര ലളിതമായി സ്വാഭാവിക മരണമെന്ന് പറയുന്നതിനു പകരം, വ്യക്തവും സുതാര്യവുമായ വിവരങ്ങള്‍ നല്‍കാന്‍ സര്‍ക്കാറിനു കഴിയണമെന്നാണ് ആംനസ്റ്റിയുടെ നിലപാട്. നിര്‍മാണസ്ഥലത്തു വെച്ച്, ലേബര്‍ ക്യാമ്പില്‍ വെച്ച്, റോഡപകടംമൂലം, അസുഖം ബാധിച്ച് ഇങ്ങിനെ ഏതു കാരണത്താലാണ് മരണം സംഭവിക്കുന്നതെന്ന് ഇപ്പോഴത്തെ സ്ഥിതിയില്‍ പറയാന്‍ കഴിയുന്നില്ലെന്ന് ആംനസ്റ്റി ഇന്റര്‍നാഷനല്‍ ഇന്ത്യ വ്യക്താവ് നിഖില്‍ ഈപ്പന്‍ പറഞ്ഞു. എങ്ങിനെ മരിച്ചു എന്നതു പോലെ തന്നെ എത്രകാലമായി അവര്‍ അവിടെ തുടരുന്നു, എന്തു ജോലി ചെയ്യുകയായിരുന്നു, മരണം സംഭവിച്ചതെങ്ങിനെ തുടങ്ങിയ വിവരങ്ങള്‍ അറിയേണ്ടതുണ്ട്.
ഗള്‍ഫ് നാടുകളില്‍ വെച്ച് ഇന്ത്യക്കാര്‍ തൊഴില്‍ പീഡനങ്ങള്‍ക്കു വിധേയമാകുന്ന സംഭവങ്ങളില്‍ അടിയന്തര ഇടപെടലിന് സര്‍ക്കാര്‍ സന്നദ്ധമാകണം. ഇന്ത്യക്കാരുടെ തൊഴില്‍ പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ കുറേക്കൂടി ഗൗരവം കാണിക്കേണ്ടതുണ്ട്. ഇന്ത്യയില്‍വെച്ചു നടക്കുന്ന റിക്രൂട്ട്‌മെന്റും തൊഴിലിനായി എത്തിച്ചേരുന്ന രാജ്യത്തെ സുരക്ഷിതത്വവും ഉറപ്പു വരുത്താന്‍ കഴിയണം. ഇതിനായി ഇന്ത്യക്കാര്‍ ജോലി തേടിപ്പോകുന്ന ഗള്‍ഫ് നാടുകളുമായി അടുത്ത ബന്ധം പുലര്‍ത്തുകയും നയതന്ത്ര ഇടപെടലിലൂടെ പൗരന്‍മാരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനു നിരന്തരമായ പരിശ്രമമുണ്ടാകേണ്ടതുണ്ടെന്നും ആംനസ്റ്റി ഇന്റര്‍നാഷനല്‍ ആവശ്യപ്പെടുന്നു.
ഗള്‍ഫ് നാടുകളിലെ നിര്‍മാണ മേഖലയില്‍ നടക്കുന്ന തൊഴില്‍ പ്രശ്‌നങ്ങളെക്കുറിച്ച് ആംനസ്റ്റി നേരിട്ടു നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയ പ്രശ്‌നങ്ങള്‍ സര്‍ക്കാറിനു സമര്‍പ്പിച്ചിരുന്നു. ഖത്തര്‍ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. വേതനം ലഭിക്കാതെയും മതിയായ താമസ സൗകര്യങ്ങളില്ലാതെയും ചികിത്സാ സൗകര്യങ്ങളില്ലാതെയും കഷ്ടപ്പെടുന്നവരെ കണ്ടെത്തിയെന്നും ഖത്തര്‍ കേന്ദ്രീകരിച്ചു നടത്തിയ പഠനത്തില്‍ ആംനസ്റ്റി ചൂണ്ടിക്കാട്ടുന്നു. ഇത്തരം സാഹചര്യങ്ങള്‍ക്ക് അറുതി വരുത്താന്‍ വിദേശ നാടുകള്‍ ഇന്ത്യയുമായും ധാരണയിലെത്തേണ്ടതുണ്ടെന്നും ആംനസ്റ്റി ഇന്റര്‍നാഷനല്‍ നിര്‍ദേശിക്കുന്നു.

---- facebook comment plugin here -----

Latest