Connect with us

Wayanad

കുടിവെള്ള വിതരണ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും: മന്ത്രി

Published

|

Last Updated

കല്‍പ്പറ്റ: കുടിവെള്ള വിതരണ പദ്ധതികള്‍ കാലതാമസം കൂടാതെ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി പി ജെ ജോസഫ്.
നബാര്‍ഡിന്റെ സഹായത്തോടെ ജില്ലയില്‍ ആറ് പഞ്ചായത്തുകളില്‍ നടപ്പാക്കുന്ന സമഗ്ര കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. പൈപ്പ് പൊട്ടി ജലം പാഴായിപ്പോകുന്ന പ്രശ്‌നം പരിഹരിക്കാന്‍ ഉന്നതനിലവാരമുള്ള പൈപ്പുകള്‍ മാത്രം ഉപയോഗിക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.
ആദ്യഘട്ടത്തില്‍ കിണര്‍, റോവാട്ടര്‍ പമ്പിങ്ങ് മെയിന്‍, ശുദ്ധീകരണശാല, ക്ലിയര്‍ വാട്ടര്‍ പമ്പിങ്ങ് മെയിന്‍, പ്രധാന ജലസംഭരണികള്‍ എന്നിവ നിര്‍മ്മിക്കും. പദ്ധതി പൂര്‍ണ്ണമായി നടപ്പാക്കുന്നതിന് 162.80 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. മൂന്ന് ഘട്ടങ്ങളും പൂര്‍ത്തിയാക്കി 2016 ല്‍ പദ്ധതി കമ്മീഷന്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ 6 പഞ്ചായത്തുകളിലെ 2,53,000 പേര്‍ക്ക് ശുദ്ധജലം ലഭ്യമാകും.
ജലവിതരണ പദ്ധതികളുടെ പ്രധാന പ്രശ്‌നം സ്രോതസ്സുകളില്‍ ജലലഭ്യത കുറയുന്നുവെന്നതാണ്.
ഇത് പരിഹരിക്കാന്‍ മണ്ണിന്റെ ജലസംഭരണ ശേഷി വര്‍ദ്ധിപ്പിക്കാനാവശ്യമായ നടപടികള്‍ അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
എം.വി. ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. റഷീദ്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റുക്കിയ ടീച്ചര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അനിത, ഒ.എം.ജോര്‍ജ്, അജിത, റംല കുഞ്ഞാപ്പ, പി. ഗഗാറിന്‍, നബാര്‍ഡ് ജില്ലാ മാനേജര്‍ സജികുമാര്‍.എന്‍.എസ്, ജലഅതോറിറ്റി ചീഫ് എഞ്ചിനീയര്‍ പി.ഡി. രാജു, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ കെ.മോഹന്‍, എക്‌സി.എന്‍ജിനീയര്‍ കെ.വി. ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Latest