Connect with us

International

അഗ്നിപര്‍വത സ്‌ഫോടനം; ചാരത്തില്‍ മുങ്ങി ഇന്തോനേഷ്യ

Published

|

Last Updated

_72985214_volcanoജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ കിഴക്കന്‍ ജാവയില്‍ അഗ്നിപര്‍വത സ്‌ഫോടനം. കെലുദ് പര്‍വത നിരകളിലാണ് കനത്ത പൊട്ടിത്തെറിയുണ്ടായത്. 130 കിലോമീറ്റര്‍ പരിധിയില്‍ പുകപടലങ്ങള്‍ പടര്‍ന്നിരിക്കുകയാണ്. സുരാബയ നഗരത്തില്‍ നിന്നടക്കം ലക്ഷക്കണക്കിനാളുകള്‍ പലായനം ചെയ്തതിട്ടുണ്ട്. അഗ്നിപര്‍വതത്തിന് മുന്നോടിയായി ഉയരുന്ന ചാരം വീണ് നിരവധി വീടുകളും കെട്ടിടങ്ങളും മൂടിക്കിടക്കുകയാണ്. കനത്ത ഭാരത്തിലുള്ള ചാരം, വീടിന് മുകളില്‍ വീണതിനെ തുടര്‍ന്ന് സുരാബയില്‍ മൂന്ന് പേര്‍ മരിച്ചിട്ടുണ്ടെന്ന് ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു. അന്തരീക്ഷത്തില്‍ പുകപടലങ്ങള്‍ നിറഞ്ഞതിനെ തുടര്‍ന്ന് സുരാബയ, യോഗ്യാകര്‍ത്ത , സോലോ എന്നിവിടങ്ങളിലെ ഏഴ് വിമാനത്താവളങ്ങള്‍ അടച്ചുപൂട്ടി.
റോഡുകളില്‍ ചാരം മൂടിക്കിടക്കുന്നതിനാല്‍ രക്ഷാ പ്രവര്‍ത്തനം മന്ദഗതിയിലാണ് നടക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള മേഖലയിലാണ് സ്‌ഫോടനം ഉണ്ടായിരിക്കുന്നത്. നറു കണക്കിന് വീടുകള്‍ തകര്‍ന്നിട്ടുണ്ടെന്നും മരണ സംഖ്യ വര്‍ധിക്കാനിടയുണ്ടെന്നും രക്ഷാ പ്രവര്‍ത്തകരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ആയിരം ബോംബ് പൊട്ടിയാലുണ്ടാകുന്ന ശബ്ദത്തിന് സമാനമായ ശബ്ദമാണ് കെലുദില്‍ നിന്ന് കേള്‍ക്കുന്നതെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടനം നടക്കുന്നതിന്റെ 90 മിനുറ്റുകള്‍ക്ക് മുമ്പ് മാത്രമാണ് അഗ്നിപര്‍വ്വതം പൊട്ടിത്തെറിക്കാനിടയുള്ളതായി അഗ്നിപര്‍വ്വത നിരീക്ഷണ ഏജന്‍സിയുടെ മുന്നറിയിപ്പ് വന്നത്. ഇത് രക്ഷാ പ്രവര്‍ത്തനത്തെയും മറ്റും ബാധിച്ചു. കെലുദ് മേഖലയിലെ ഉള്‍പ്രദേശങ്ങളില്‍ ആയിരക്കണക്കിന് ഗ്രാമവാസികള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. പലയാനം ചെയ്‌തെത്തുന്ന ലക്ഷക്കണക്കിനാളുകള്‍ക്ക് സമീപ പ്രവിശ്യകളിലും മറ്റും താത്കാലിക അഭയാര്‍ഥി ക്യാമ്പുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് ഇന്തോനേഷ്യന്‍ ദുരന്തനിവാരണ വിഭാഗം വക്താക്കള്‍ അറിയിച്ചു.
ആഴ്ചകള്‍ക്ക് മുമ്പ് വടക്കന്‍ സുമാത്രയിലെ സിനാബംഗ് മലനിരകളിലും അഗ്നിപര്‍വത സ്‌ഫോടനങ്ങള്‍ ഉണ്ടായിരുന്നു. 16 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തില്‍ 30,000ല്‍ അധികമാളുകള്‍ പലായനം ചെയ്തിരുന്നു.

Latest