Connect with us

Malappuram

വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന: യുവാവ് അറസ്റ്റില്‍

Published

|

Last Updated

വണ്ടൂര്‍: അട്ടപ്പാടിയില്‍ നിന്ന് കഞ്ചാവ് വന്‍തോതില്‍ സംഭരിച്ച് വില്‍പന നടത്തുന്നയാള്‍ ഏഴ് കിലോ കഞ്ചാലുമായി പിടിയില്‍. മണ്ണാര്‍ക്കാട് പൊറ്റശേരി കല്ലന്‍മല എരുമയൂര്‍ മോഹനനെ(48)യാണ് കാളികാവ് എക്‌സൈസ് സംഘം അറസ്റ്റു ചെയ്തത്. ഗുഡ്‌സ് ഓട്ടോയില്‍ കടത്തുന്നതിനിടെ കരുവാരക്കുണ്ടിനടുത്ത് ഭവനംപറമ്പില്‍ വച്ചാണു കാളികാവ് റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. അട്ടപ്പാടിയില്‍ നിന്നു കഞ്ചാവ് കൊണ്ടുവന്നു മൊത്തവില്‍പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മോഹനന്‍ നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയും
എക്‌സൈസിന്റെ നിരീക്ഷണത്തിലുമായിരുന്നു. കഞ്ചാവ് കേസില്‍ ഒന്നര വര്‍ഷത്തെ തടവ് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി വീണ്ടും കഞ്ചാവ് കച്ചവടത്തില്‍ സജീവമാകുകയായിരുന്നു. മലപ്പുറം, പാലക്കാട് ജില്ലകളിലെ ഏജന്റുമാര്‍ക്കാണ് ഇയാള്‍ പ്രധാനമായും കഞ്ചാവ് എത്തിച്ചുകൊടുത്തിരുന്നത്. കൂടാതെ കോളജ്, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് നാലു ഗ്രാം വീതമുള്ള പാക്കറ്റുകള്‍ 100 രൂപക്കും എട്ടു ഗ്രാം വീതമുള്ള പാക്കറ്റുകള്‍ 200 രൂപക്കും ചില്ലറ വില്‍പ്പന നടത്തിയിരുന്നു. ഫോണ്‍ മുഖാന്തിരം ബന്ധപ്പെട്ടാണ് പ്രതി ആവശ്യക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുത്തിരുന്നത്.
ഒരു കിലോ കഞ്ചാവ് അട്ടപ്പാടിയില്‍ നിന്നും 9000 രൂപക്ക് വാങ്ങി ചില്ലറ വില്‍പ്പനക്കാര്‍ക്ക് കിലോക്ക് 20,000 രൂപക്ക് വില്‍ക്കുകയാണ് പ്രതിയുടെ രീതി. കഞ്ചാവുമായി മോഹനന്‍ എത്തുമെന്ന് രഹസ്യ വിവരം കിട്ടിയ എക്‌സൈസുകാര്‍ പ്രതിയെ തന്ത്രപൂര്‍വം പിടികൂടുകയായിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍ ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നും കഞ്ചാവ് എത്തിക്കുന്ന വന്‍കിട ഏജന്റുമാരെ കുറിച്ചുള്ള വിവരങ്ങള്‍ എക്‌സൈസിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ കാളികാവ് എക്‌സൈസ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥര്‍ 27 കിലോയോളം കഞ്ചാവും കഞ്ചാവ് കടത്താനുപയോഗിച്ച നാല് വാഹനങ്ങളും വിവിധ ഭാഗങ്ങളില്‍ നിന്ന് പിടികൂടിയിട്ടുണ്ട്. ജില്ലയിലെ സ്‌കൂള്‍, കോളജ് പരിസരങ്ങള്‍ നിരീക്ഷിക്കാന്‍ എക്‌സൈസിന്റെ പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.മഹേഷ്, അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍.അശോകന്‍, പ്രിവന്റീവ് ഓഫീസര്‍ ടി.ഷിജുമോന്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രശാന്ത്.പി.കെ, കെ.എം.ശിവപ്രകാശ്, അരുണ്‍കുമാര്‍. കെഎസ്‌സി. ശ്രീകുമാര്‍, പി.സുധാകരന്‍, പി.വി.സുഭാഷ്, എന്‍.ശങ്കരനാരായണന്‍, പി.അശോക്, എക്‌സൈസ് ഡ്രൈവര്‍ കെ.രാജീവ് എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്.

 

Latest