Connect with us

Thrissur

മോഡല്‍ ബോയ്‌സ് സ്‌കൂള്‍ 175-ാം വാര്‍ഷികാഘോഷം നാളെ മുതല്‍

Published

|

Last Updated

തൃശൂര്‍: കൊച്ചി പ്രജാരാജ്യത്തെ ആദ്യ രണ്ട് വിദ്യാലയങ്ങളിലൊന്നായ തൃശൂര്‍ മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 175-ാം വാര്‍ഷികാഘോഷം അടുത്ത മാസം ഒന്ന്, മൂന്ന്, നാല് തിയതികളില്‍ വിപുലമായ പരിപാടികളോടെ നടത്തും. ആഘോഷങ്ങളുടെ വിളംബരം അറിയിച്ചുള്ള സ്മൃതി ഘോഷയാത്ര ഒന്നിന് ഉച്ചകഴിഞ്ഞ് മൂന്നിന് തേറമ്പില്‍ രാമകൃഷ്ണന്‍ എംഎല്‍ എ ഫഌഗ് ഓഫ് ചെയ്യും. ഘോഷയാത്രയില്‍ സാംസ്‌കാരിക, സാമൂഹിക, വിദ്യാഭ്യാസ നായകര്‍ക്കു പുറമേ പുലിക്കളി, നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്‍മാര്‍, നിശ്ചല ദൃശ്യങ്ങള്‍, മുത്തുക്കുടകള്‍, കാവടികള്‍ തുടങ്ങിയവ അണിനിരക്കുമെന്ന് ആഘോഷ കമ്മിറ്റി വൈസ് ചെയര്‍മാന്‍ ഡോ. എം ഉസ്മാന്‍, പ്രിന്‍സിപ്പല്‍ സി എ ചെമ്പകവല്ലി എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ആഘോഷത്തിന്റെ ഭാഗമായി ആരംഭിച്ചിട്ടുള്ള ചരിത്ര പ്രദര്‍ശനം അടുത്ത മാസം നാലിന് സമാപിക്കും.
മൂന്നിന് ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന സമ്മേളനം ഐ എസ്ആര്‍ ഒ ചെയര്‍മാന്‍ പത്മഭൂഷണ്‍ ഡോ. കെ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പി സി ചാക്കോ എം പി മുഖ്യാതിഥിയായിരിക്കും. മന്ത്രി സി എന്‍ ബാലകൃഷ്ണന്‍, പൂര്‍വ വിദ്യാര്‍ഥി കൂടിയായ ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ മോഹന്‍ദാസ് ഉപഹാര സമര്‍പണം നടത്തും. ജില്ലാ കലക്ടര്‍ എം എസ് ജയ, ഡെപ്യൂട്ടി മേയര്‍ പി വി സരോജിനി, മുന്‍ മേയര്‍ ഐ പി പോള്‍, മോണ്‍. ഫ്രാന്‍സിസ് ആലപ്പാട്ട് തുടങ്ങിയവര്‍ പ്രസംഗിക്കും. ആഘോഷങ്ങളുടെ ഭാഗമായി പൂര്‍വ വിദ്യാര്‍ഥി-അധ്യാപക സംഗമം, കലാ-കായിക പ്രതിഭകളെ ആദരിക്കല്‍, പുസ്തക പ്രകാശനം, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയറിലേക്കുള്ള സമാഹരണ തുകയുടെ കൈമാറ്റം എന്നിവ നടത്തും.
175-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 175 വിദ്യാര്‍ഥികളെ അണിനിരത്തി പൂര്‍വ വിദ്യാര്‍ഥിയും സംഗീത സംവിധായകനുമായ വി എ സജീവിന്റെ നേതൃത്വത്തില്‍ സംഘഗാനാലാപനം ഉണ്ടായിരിക്കും. പത്രസമ്മേളനത്തില്‍ ആഘോഷ കമ്മിറ്റി കണ്‍വീനര്‍ ഷോബി ടി വര്‍ഗീസ്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എം പി ഫ്രാന്‍സിസ്, പ്രോഗ്രാം കണ്‍വീനര്‍ എം എസ് ഗോവിന്ദന്‍കുട്ടി എന്നിവരും പങ്കെടുത്തു.

Latest