Connect with us

Gulf

നിര്‍മാണം ഉടന്‍ ആരംഭിക്കും: മത്തര്‍ അല്‍ തായര്‍

Published

|

Last Updated

ദുബൈ: പുതുതായി നിര്‍മിക്കാന്‍ തീരുമാനിച്ച ഫെഡറല്‍ മ്യൂസിയത്തിന്റ നിര്‍മാണ പ്രവര്‍ത്തികള്‍ ഉടന്‍ ആരംഭിക്കുമെന്ന് ആര്‍ ടി എ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മത്തര്‍ അല്‍ തായര്‍. 1971 ഡിസംബര്‍ രണ്ടിന് യു എ ഇ ഏകരാജ്യമായി പ്രഖ്യാപിച്ചുകൊണ്ട് ചരിത്രപ്രസിദ്ധമായ ഒപ്പുവെക്കല്‍ ചടങ്ങിനു സാക്ഷിയായ ദുബൈ സത്‌വക്കു സമീപമുള്ള യൂണിയന്‍ ഹൗസ് സ്ഥിതിചെയ്യുന്ന സ്ഥലത്താണ് പുതിയ മ്യൂസിയം വരുന്നത്.

നിലവില്‍ ദുബൈയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ യൂണിയന്‍ ഹൗസിന്റെ മുന്നിലാണ് 40 മീറ്റര്‍ നീളവും 20 മീറ്റര്‍ വീതിയുമുള്ള രാജ്യത്തെ രണ്ടാമത്തെ വലിയ ദേശീയ പതാക സ്ഥാപിച്ചിരിക്കുന്നത്. ഇവിടെയാണ് ഏഴ് എമിറേറ്റുകള്‍ ചേര്‍ന്ന് ഐക്യ അറബ് എമിറേറ്റ്‌സ് രൂപവത്കരണ കരാറില്‍ ഒപ്പുവെക്കല്‍ നടന്നത്.
ആറ് മീറ്റര്‍ ഉയരത്തിലുള്ള ചുറ്റു മതില്‍ നിര്‍മാണം ആരംഭിച്ചു കഴിഞ്ഞു. അഞ്ച് ഭാഗങ്ങളാണ് മ്യൂസിയം നിര്‍മാണം പൂര്‍ത്തിയാവുക. യു എ ഇ രൂപവത്കരിക്കപ്പെടുന്നതിനു മുമ്പ് ഈ പ്രദേശത്ത് നിലനിന്നിരുന്ന ജീവിത സാഹചര്യങ്ങളും സംസ്‌കാരങ്ങളും പ്രതിഫലിപ്പിക്കുന്നതാണ് ഒന്നാം ഭാഗം.
യു എ ഇ രൂപവത്കരണവുമായി ബന്ധപ്പെട്ട ചരിത്രമുഹൂര്‍ത്തങ്ങള്‍ സന്ദര്‍ശകര്‍ക്ക് നല്‍കുന്നതായിരിക്കും രണ്ടാം ഭാഗം. ഇതുമായി ബന്ധപ്പെട്ട അപൂര്‍വ ചിത്രങ്ങളും രേഖകളും ഇവിടെ പ്രദര്‍ശിപ്പിക്കും. യു എ ഇ രൂപവത്കരണത്തിനു ശേഷം രാജ്യത്തിനും ജനങ്ങള്‍ക്കുമുണ്ടായ മുന്നേറ്റങ്ങളും വളര്‍ച്ചയും പ്രതിഫലിപ്പിക്കുന്നതാണ് മൂന്നാം ഭാഗം.

പേള്‍ എന്ന പേരിലറിയപ്പെടുന്ന നാലാം ഭാഗം ഔദ്യോഗിക സമിതിയുടെ യോഗങ്ങളും ആഘോഷങ്ങളുമായി ബന്ധപ്പെട്ട സംഗമങ്ങള്‍ സൗകര്യപ്രദമായ ഓഡിറ്റോറിയങ്ങള്‍ ഉള്‍ക്കൊള്ളുന്നവയായിരിക്കും. പൊതുസമ്മേളനങ്ങളും പ്രദര്‍ശനങ്ങളും സ്റ്റേജ് ഷോകളും നടത്താന്‍ സൗകര്യമുള്ള ഓപ്പണ്‍ തീയേറ്ററായിരിക്കും ഫെഡറല്‍ മ്യൂസിയത്തിന്റെ അഞ്ചാം ഭാഗം.

500 ആളുകള്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ടായിരിക്കും. ലൈറ്റ് ആന്‍ഡ് സൗണ്ട്, വാട്ടര്‍ ഷോകളും ഇതിന്റെ ഭാഗമായുണ്ടാകും-മത്തര്‍ അല്‍ തായര്‍ വിശദീകരിച്ചു. ദുബൈയുടെ വിനോദസഞ്ചാര ഭൂപടത്തില്‍ പ്രാധാന്യം വര്‍ധിപ്പിക്കുന്ന ഈ പദ്ധതി, പ്രദേശത്തിന്റെ ചരിത്രവും പ്രാധാന്യവും പുതിയ തലമുറക്ക് പകര്‍ന്നുനല്‍കാന്‍ കൂടി ഉപകരിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പ്രദേശത്തിന്റെ ചരിത്ര പ്രാധാന്യം മനസിലാക്കി സ്ഥലത്തെ നിരത്തിന് ഡിസംബര്‍ രണ്ടാം സ്ട്രീറ്റ് എന്ന് ഈയിടെ നാമകരണം ചെയ്തിരുന്നു.

Latest