Connect with us

Kasargod

ഫിഷിംഗ് ഹാര്‍ബര്‍ 20 കോടിയുടെ പദ്ധതികള്‍ പൂര്‍ത്തീകരിച്ചു

Published

|

Last Updated

കാസര്‍കോട്: കാസര്‍കോടിന്റെ തീരദേശമേഖലയുടെ സമഗ്രവികസനത്തിന് തുടക്കമിടുന്ന കസബയിലെ ഫിഷിങ് ഹാര്‍ബറിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. ജില്ലയിലെ തീരദേശമേഖലയിലെ പതിനാരയിത്തിലേറെ മത്സ്യത്തൊഴിലാളികള്‍ക്ക് സഹായകമാകുന്നതാണ് ഈ പദ്ധതി. രാഷ്ട്രീയ കൃഷി വികാസ് യോജനയിലുള്‍പ്പെടുത്തി ഹാര്‍ബര്‍ നിര്‍മിക്കുന്നതിന് മത്സ്യബന്ധന തുറമുഖ വകുപ്പ് ഇതിനകം തന്നെ 20 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കി കഴിഞ്ഞു. 29 കോടി രൂപയ്ക്കുള്ള എസ്റ്റിമേറ്റിനാണ് ഭരണാനുമതി ലഭിച്ചത്.
ഹാര്‍ബറിന്റെ ഭാഗമായി വടക്ക് ഭാഗത്ത് 530 മീറ്ററും, തെക്ക് ഭാഗത്ത് 570 മീറ്ററും നീളമുള്ള രണ്ട് പുലിമുട്ടുകള്‍ ഇതിനോടകം പൂര്‍ത്തിയായി. 120 മീറ്റര്‍ നീളമുള്ള വാര്‍ഫ്, 90 മീറ്റര്‍ നീളവും 8 മീറ്റര്‍ വീതിയുമുള്ള ലേല ഹാള്‍, പാര്‍ക്കിങ് ഏരിയ, നെറ്റ് മിന്‍ഡിങ് ഷെഡ്, ബോട്ടുകളുടെ അറ്റകുറ്റപണികള്‍ക്കുള്ള വര്‍ക്ക്ഷാപ്പ്, വാച്ച്മാന്‍ ഷെഡ്, കാന്റീന്‍, ഗിയര്‍ ഷെഡ്, ടോയ്‌ലെറ്റ് ബ്ലോക്ക്, മാലിന്യ സംസ്‌ക്കരണം എന്നിവയാണ് ഹാര്‍ബറിന്റെ ഭാഗമായി നടപ്പിലാക്കുന്നത്. കോംപൗണ്ട് മതിലിന്റെയും ഗേറ്റ് ഹൗസിന്റേയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. 50 ഓളം ബോട്ടുകള്‍ അടുപ്പിക്കാനുള്ള സൗകര്യവും ഹാര്‍ബറില്‍ ഒരുക്കും.
2010ല്‍ ആരംഭിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഹാര്‍ബര്‍ എഞ്ചിനിയറിങ് ഗ്രൂപ്പാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിട്ടുള്ളത്. ജില്ലയിലെ മത്സ്യത്തൊഴിലാളികളുടെ നിരന്തരമായ ആവശ്യമാണ് ഹാര്‍ബര്‍ പൂര്‍ത്തിയാവുന്നതോടെ സാക്ഷാത്കരിക്കപ്പെടുന്നത്. അജാനൂര്‍ മുതല്‍ മഞ്ചേശ്വരം വരെയുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് ഫിഷിങ് ഹാര്‍ബര്‍ പ്രയോജനപ്പെടും. പള്ളിക്കര, കോട്ടിക്കുളം, കസബ, കീഴൂര്‍, ബേക്കല്‍ എന്നിവിടങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ക്കാണ് പ്രധാന നേട്ടം ലഭിക്കുക. ഹാര്‍ബര്‍ പൂര്‍ത്തിയാകുന്നതോടെ കാസര്‍കോട് മേഖലയിലും ജില്ലയിലെ ഇതരമേഖലയിലുമുള്ള മത്സ്യത്തൊഴിലാളികളുടെ കഷ്ടപ്പാടിന് പരിഹാരമാകും. 2000 ത്തിലധികം മത്സ്യത്തൊഴിലാളികളാണ് കസബ പ്രദേശത്ത് മാത്രമുള്ളത്. 200 ലേറെ യന്ത്രവത്കൃത ബോട്ടുകള്‍ക്ക് ഇവിടെ നിന്ന് മത്സ്യബന്ധനത്തിന് പോകാന്‍ സാധിക്കും. മത്സ്യത്തൊഴിലാളികള്‍ക്ക് കൂടുതല്‍ വിപണന സാധ്യതകളും ഇതുവഴി ലഭ്യമാകും.