Connect with us

Gulf

യു എ ഇയിലെ മൂന്നില്‍ ഒന്നു കുട്ടികളും അമിത വണ്ണമുള്ളവരെന്ന് യുനിസെഫ്

Published

|

Last Updated

ദുബൈ: യു എ ഇയിലെ മൂന്നില്‍ ഒന്നു കുട്ടികളും അമിത വണ്ണക്കാരാണെന്ന് യൂണൈറ്റഡ് നാഷന്‍സ് ചില്‍ഡ്രണ്‍സ് ഫണ്ട്(യുനിസെഫ്). രാജ്യത്തെ കുട്ടികള്‍ക്കിടയില്‍ അമിതവണ്ണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമായിക്കൊണ്ടിരിക്കുകയാണ്. കുട്ടികളെ ആരോഗ്യകരമായ ജീവിത ശൈലിയിലേക്ക് എത്തിക്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച സ്‌കൂള്‍ ഹെല്‍ത്ത് എജ്യുക്കേഷന്‍ പ്രൊജക്ടിന് തിങ്കളാഴ്ച തുടക്കമിട്ട പരിപാടിയിലാണ് ഗള്‍ഫ് മേഖലക്കുള്ള യൂണിസെഫ് പ്രതിനിധി ഡോ. ഇബ്രാഹിം അല്‍ സിഖ് ഇക്കാര്യം വ്യക്തമാക്കിയത്.
അമിതവണ്ണം കുറക്കാന്‍ ഭക്ഷണത്തില്‍ ആരോഗ്യകരമായ മാറ്റം വരുത്താനുള്ള പദ്ധതിക്ക് ആരോഗ്യമന്ത്രാലയം, വിദ്യഭ്യാസ മന്ത്രാലയം, എസ് ഇ എച്ച് എ ആംബുലേറ്ററി ഹെല്‍ത്ത് സര്‍വീസ് എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. അമിത വണ്ണത്തില്‍ ആഗോള തലത്തില്‍ എട്ടാം സ്ഥാനമാണ് യു എ ഇക്കുള്ളത്. 122 രാജ്യങ്ങലെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ റിപോര്‍ട്ടിലാണ് ആശങ്ക ഉയര്‍ത്തിക്കൊണ്ട് യു എ ഇ എട്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. രാജ്യത്തെ ജനസംഖ്യയില്‍ 19 ശതമാനം പ്രമേഹത്തിന്റെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ടെന്നതും ആശങ്കക്ക് വകനല്‍കുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ഒരോ എമിറേറ്റില്‍ നിന്നും ശരാശരി രണ്ട് വിദ്യാലയങ്ങളെ വീതം തിരഞ്ഞെടുത്താണ് പൈലറ്റ് പ്രൊജക്ട് നടപ്പാക്കുക. മൊത്തം 18 സര്‍ക്കാര്‍ സ്‌കൂളുകളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഓരോ വിദ്യാലയങ്ങളും പദ്ധതിയില്‍ ഇടംനേടി. ആറാം തരം മുതല്‍ ഒമ്പതാം തരം വരെയുള്ള ക്ലാസുകളിലെ കുട്ടികളെയാണ് ഇതില്‍ ഉള്‍പ്പെടുത്തുന്നത്. ഈ വിഭാഗത്തില്‍പ്പെട്ട കുട്ടികളിലാണ് കൂടുതലായും അമിതവണ്ണം ആഗോള തലത്തില്‍ കണ്ടു വരുന്നതെന്ന് അല്‍ സിഖ് വെളിപ്പെടുത്തി. കുട്ടികള്‍ക്കിടയില്‍ അമിതവണ്ണത്തിന് എതിരായി ബോധവത്ക്കരണം നടത്തുക, ഈ ലക്ഷ്യം മുന്‍ നിര്‍ത്തി വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ പരിശീലനം നല്‍കും.
വിദ്യാലയങ്ങളില്‍ നിയമിക്കുന്ന നേഴ്‌സുമാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും ഇവരിലൂടെ കുട്ടികളെ ഫലപ്രദമായി ബോധവത്ക്കരിക്കാന്‍ സാധിക്കുമെന്നും ഡോ. ഇബ്രാഹിം അഭിപ്രായപ്പെട്ടു. കുട്ടികളെ ബോധവത്ക്കരിക്കുകയാണ് അമിതവണ്ണത്തിന് പരിഹാരമുണ്ടാക്കാന്‍ മുഖ്യമായും ചെയ്യേണ്ടതെന്ന് ആരോഗ്യമന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദുബൈ മെഡിക്കല്‍ ഡിസ്ട്രിക്ടിന്റെ ഡയറക്ടര്‍ നാസര്‍ ഖലീഫ അല്‍ ബുദൂര്‍ പറഞ്ഞു.

Latest