Connect with us

Editorial

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞത്

Published

|

Last Updated

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിറകേ മുന്‍നിര രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ലോക്‌സഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയാനുള്ള തിരക്കിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. സഖ്യങ്ങള്‍ സംബന്ധിച്ച ഗൗരവതരമായ ആലോചനകള്‍ തുടങ്ങിയിരിക്കുന്നു. ചെറു പാര്‍ട്ടികള്‍ പലതിലും ഇളക്കം പ്രകടമാണ്. ഭരണസഖ്യത്തിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസാണെങ്കില്‍ പാര്‍ട്ടിയെ ചലനാത്മകമാക്കാന്‍ കേന്ദ്ര സര്‍ക്കാറില്‍ അഴിച്ചുപണി നടത്തുന്നു. കേന്ദ്ര വനം, പരിസ്ഥിതി മന്ത്രി ജയന്തി നടരാജന്റെ രാജി ഇതിന്റെ ഭാഗമാണ്. ഗ്രാമ വികസന മന്ത്രി ജയറാം രമേഷ്, കമ്പനികാര്യ മന്ത്രി സച്ചിന്‍ പൈലറ്റ് തുടങ്ങിയവരും മന്ത്രിക്കുപ്പായം തത്കാലം അഴിച്ചുവെച്ചേക്കും. പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ചില്‍ നടക്കുമെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷനര്‍ വി എസ് സമ്പത്ത്, കേരള നിയമനിര്‍മാണ സഭയുടെ ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സെമിനാറില്‍ ഉന്നയിച്ച വിഷയങ്ങളും പങ്ക്‌വെച്ച ആശങ്കകളും ഏറെ പ്രസക്തമാണ്. തിരഞ്ഞെടുപ്പുകളെ പെയ്ഡ് ന്യൂസുകള്‍ ഏറെ സ്വാധീനിക്കുന്നുണ്ടെന്ന വസ്തുതയാണ് അതില്‍ പ്രധാനം. ഇത് വലിയ കുറ്റകൃത്യമായി കണ്ട് രണ്ട് വര്‍ഷമെങ്കിലും തടവ് ശിക്ഷ നല്‍കാന്‍ വ്യവസ്ഥ ചെയ്യാന്‍ താന്‍ ശിപാര്‍ശ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. തിരഞ്ഞെടുപ്പ് പ്രക്രിയ കുറ്റമറ്റതാക്കാന്‍ ജനപ്രാതിനിധ്യ നിയമത്തില്‍ നിരവധി പരിഷ്‌കാരങ്ങള്‍ കമ്മീഷന്‍ മുന്നോട്ട് വെച്ചിട്ടുണ്ടെങ്കിലും പലതിനോടും കേന്ദ്ര സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ നാലാം തൂണെന്ന പ്രയോഗം ആവര്‍ത്തിച്ച് വഷളായ ഒന്നാണ്. മാധ്യമ രംഗത്തെ അരുതാത്ത പ്രവണതകള്‍ അതിന്റെ വിശ്വാസ്യത തകര്‍ക്കുന്ന തരത്തിലേക്ക് വ്യാപകമായിരിക്കുന്നു. രാഷ്ട്രീയ സംവിധാനത്തിന് ശരിയായ ദിശാബോധം നല്‍കാനുള്ള ഉത്തരവാദിത്വത്തില്‍ നിന്ന് മുഖ്യധാരാ മാധ്യമങ്ങള്‍ എന്നറിയപ്പെടുന്ന വന്‍കിട മാധ്യമ സ്ഥാപനങ്ങള്‍ ഒഴിഞ്ഞു മാറുന്നുവെന്ന് മാത്രമല്ല ജനങ്ങളെ തെറ്റായി സ്വാധീനിക്കാനുള്ള ഉപാധിയായി അവ അധഃപതിക്കുകയുമാണ്. പണം നല്‍കി പരസ്യമാണ് സാധാരണ പ്രസിദ്ധീകരിക്കാറുള്ളത്. ഏത് ഗൗരവതരമായ വാര്‍ത്തയും പരസ്യത്തിന്റെ കാരുണ്യത്തിലാണെന്ന് പഴി പറയാറുണ്ട്. പെയ്ഡ് ന്യൂസുകളുടെ കാര്യത്തില്‍ വാര്‍ത്ത തന്നെ പരസ്യമാകുകയാണ്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെയോ നേതാവിനെയോ ഉയര്‍ത്തിക്കാണിക്കുന്ന വാര്‍ത്ത വളരെ സ്വാഭാവികതയോടെ പ്രസിദ്ധീകരിക്കപ്പെടുന്നു, സംപ്രേഷണം ചെയ്യപ്പെടുന്നു. ഒരു കക്ഷിയെയോ സഖ്യത്തെയോ അധികാരത്തിലേറ്റാനുള്ള ദൗത്യത്തില്‍ മാധ്യമങ്ങള്‍ പങ്കാളികളാകുകയാണ് ചെയ്യുന്നത്. അവിടെ നില്‍ക്കുന്നില്ല ഇത്. ആരാണ് മന്ത്രിക്കസേരകളില്‍ ഇരിക്കേണ്ടത് എന്ന് തീരുമാനിക്കുന്നതില്‍ മാധ്യമ മേലാളന്‍മാര്‍ വഴി ഇടപെടല്‍ നടക്കുന്നത് നീരാ റാഡിയാ ടേപ്പില്‍ നാം കണ്ടതാണ്. അത്തരം വഴിവിട്ട സഞ്ചാരങ്ങളില്‍ നിന്ന് മാധ്യമ സ്ഥാപനങ്ങള്‍ നിരന്തരം നേട്ടങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കും. പൊതു സമ്പത്ത് തന്നെ ഈ വഴികളിലേക്ക് ഒഴുകിയേക്കാം. പൊതു ജനങ്ങളുടെ നിര്‍ണയാവകാശത്തെ അന്യായമായി സ്വാധീനിക്കുന്ന, അത് ഒരു പ്രത്യേക വഴിയിലേക്ക് തിരിച്ചുവിടുന്ന ഒരു അധോലോകം രൂപപ്പെടുകയാണ് ചെയ്യുന്നത്. ഇത് ജനാധിപത്യത്തിന്റെ അന്തസ്സത്ത തന്നെ തകര്‍ക്കുന്നു. മാധ്യമ പ്രവര്‍ത്തനത്തിന്റെ മാന്യതയുടെ കടക്കലും ഇത് കത്തി വെക്കുന്നു. അതുകൊണ്ട് ഇത്തരം ദുഷ്പ്രവണതകള്‍ക്ക് നേരെ നിയമത്തിന്റെ ഖഡ്ഗം കണിശമായും ഉയരേണ്ടതാണ്.
പോളിംഗ് സ്റ്റേഷന്‍ തിരിച്ച് വോട്ടെണ്ണുന്നത് ഒഴിവാക്കണമെന്നതാണ് കേന്ദ്ര സര്‍ക്കാറിന് തിരഞ്ഞെടുപ്പ് കമ്മീഷനര്‍ നല്‍കിയ മറ്റൊരു ശിപാര്‍ശ. പോളിംഗ് സ്റ്റേഷന്‍ തിരിച്ചുള്ള വോട്ടെണ്ണല്‍ വഴി പലപ്പോഴും സ്വാധീനമുള്ള മേഖലകള്‍ തിരിച്ചറിയാന്‍ രാഷ്ട്രീയ കക്ഷികള്‍ക്ക് കഴിയും. ഇത് ജനാധിപത്യ പ്രക്രിയയെ ദോഷകരമായി ബാധിക്കും. പതിനാല് ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഏകോപിപ്പിച്ചുള്ള യൂനിറ്റാക്കി (ടോട്ടലൈസര്‍) വോട്ടണ്ണിയാല്‍ ഇത് ഒഴിവാക്കുന്നതിന് സാധിക്കുമെന്നും അദ്ദേഹം പറയുന്നു. തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ എന്ന നിലയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പുറത്തെടുക്കുന്ന പൊടിക്കൈകളേയാണ് ഇതുവഴി കമ്മീഷന്‍ ലക്ഷ്യം വെക്കുന്നത്. തങ്ങള്‍ക്ക് വോട്ട് കുറഞ്ഞ പ്രദേശത്തേക്ക് തിരിഞ്ഞു നോക്കാത്ത പ്രവണതക്ക് അന്ത്യം കുറിക്കാനും ഈ പരിഷ്‌കരണം ഉപകരിക്കും. തിരഞ്ഞെടുക്കപ്പെടുന്നതോടെ ഒരു നേതാവ് എല്ലാവരുടെയും പ്രതിനിധിയാണെന്ന വിശാലമായ ജനാധിപത്യ മൂല്യത്തിലേക്ക് വളരാനും കക്ഷികള്‍ക്ക് സാധിക്കണം. അര്‍ഥവത്തായ വഴികളിലൂടെയാണ്, പൊള്ളയായ വാഗ്ദാനങ്ങളിലൂടെയല്ല ജനങ്ങളെ സ്വാധീനിക്കേണ്ടതെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന ഖ്യാതി അര്‍ഥവത്തായ അഭിമാനമാകാന്‍ ഇത്തരം നിരവധി പരിഷ്‌കരണങ്ങളിലൂടെയും ആത്മവിചാരണകളിലൂടെയും നമ്മുടെ രാഷ്ട്രീയ വ്യവസ്ഥ കടന്നുപോകേണ്ടിയിരിക്കുന്നു.

Latest