Connect with us

Wayanad

സബ്‌സിഡി നിര്‍ത്തലാക്കി: സര്‍ക്കാര്‍ ബസ് സര്‍വീസുകള്‍ വെട്ടിചുരുക്കുന്നു

Published

|

Last Updated

ഗൂഡല്ലൂര്‍: കേന്ദ്ര സര്‍ക്കാര്‍ ഡീസല്‍ സബ്‌സിഡി നിര്‍ത്തലാക്കിയതോടെ നീലഗിരി ജില്ലയില്‍ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസ് സര്‍വീസുകള്‍ വെട്ടിചുരുക്കുന്നു. ഗ്രാമങ്ങളിലേക്കും മറ്റും സര്‍വീസ് നടത്തുന്ന ലാഭകരമല്ലാത്ത സര്‍വീസുകളാണ് റദ്ദാക്കുന്നത്. ഇതിന്റെ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇത് ജനങ്ങളെ സാരമായി ബാധിക്കും.
ജില്ലയിലെ ഗൂഡല്ലൂര്‍-പന്തല്ലൂര്‍ താലൂക്കുകളിലെ ഗ്രാമങ്ങളിലേക്ക് സര്‍ക്കാര്‍ ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. അതും നിര്‍ത്തലാക്കിയാല്‍ സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ കടുത്ത പ്രതിസന്ധിയിലാകും. മറ്റു യാത്രാസൗകര്യങ്ങളും ഇവിടെയില്ല. പ്രധാന പാതകളില്‍ ടാക്‌സി ജീപ്പുകള്‍ സര്‍വീസ് നടത്തുന്നുണ്ടെങ്കിലും അമിത ചാര്‍ജാണ് യാത്രക്കാരില്‍ നിന്ന് ഈടാക്കുന്നത്. ചില റൂട്ടുകളില്‍ ബസ് സര്‍വീസ് നടത്തുന്നതിനാല്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന് ഇപ്പോള്‍ വലിയ സാമ്പത്തിക നഷ്ടമാണ് വരുത്തുന്നതെന്നാണ് പറയപ്പെടുന്നത്.
അതേസമയം സര്‍വീസ് നടത്തുന്ന ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ സമയനിഷ്ഠ പാലിക്കാത്തതിനാലാണ് നഷ്ടം സംഭവിക്കുന്നതെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. പലഭാഗങ്ങളിലും ജീവനക്കാര്‍ക്ക് തോന്നിയത് പോലെയാണ് സര്‍വീസ് നടത്തുന്നത്. അത്‌കൊണ്ടാണ് യാത്രക്കാരെ ലഭിക്കാത്തത്. സമയനിഷ്ഠ പാലിക്കുകയാണെങ്കില്‍ സര്‍വീസുകള്‍ ലാഭകരമായിരിക്കും. അതിനുള്ള നടപടികളാണ് അധികൃതര്‍ ആദ്യംസ്വീകരിക്കേണ്ടതെന്നാണ് ജനങ്ങള്‍ പറയുന്നത്.