Connect with us

Wayanad

ബൈപാസ് റോഡ് ഉടന്‍ തുറന്നുകൊടുക്കും

Published

|

Last Updated

കല്‍പറ്റ: വയനാട്ടുകാരുടെ ചിരകാലാഭിലാഷമായ കല്‍പറ്റ ബൈപാസ് ഒടുവില്‍ യാഥാര്‍ഥ്യമാവുന്നു. ഈ മാസം അവസാനത്തോടെ റോഡ് തുറന്നുകൊടുക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നുവരുന്നത്.
ഇതോടെ ജില്ലാ ആസ്ഥാനത്തെ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരമാവും. കാലാവസ്ഥ അനുകൂലമാണെങ്കില്‍ 30നുള്ളില്‍ ബൈപാസ് തുറന്നുകൊടുക്കാന്‍ കഴിയുമെന്നു നഗരസഭാ ചെയര്‍മാന്‍ പി പി ആലി പറഞ്ഞു.
കല്‍പറ്റ അയ്യപ്പക്ഷേത്രത്തിന് സമീപം മേപ്പാടി ജങ്ഷനില്‍ തുടങ്ങി കൈനാട്ടി വരെ എത്തുന്ന ബൈപാസ് ജില്ലയിലെ ഏറ്റവും വലുതും ആദ്യത്തേതുമാണ്. പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് കല്‍പ്പറ്റയില്‍ ബൈപാസ് എന്ന ആശയത്തിന് തുടക്കമിട്ടത്. 1987ല്‍ ഭൂമി ഏറ്റെടുക്കല്‍ ആരംഭിച്ചു. റോഡ് നിര്‍മാണത്തിന് 1990ല്‍ ഫണ്ടും അനുവദിച്ചു. കോഴിക്കോട്-മൈസൂര്‍ ദേശീയപാത കടന്നുപോവുന്ന കല്‍പ്പറ്റ നഗരം മലബാറിലെ പ്രധാനപാതയാണ്. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്നുള്ള ടൂറിസ്റ്റുകള്‍ക്ക് പുറമേ കേരളത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നും വാഹനങ്ങളുടെ വന്‍ നിര തന്നെ ദിവസേന ചുരം കയറുന്നു. ചുരം കയറിയെത്തുന്ന വാഹനങ്ങളും ജില്ലയിലെ വാഹനങ്ങളും എല്ലാംചേര്‍ന്ന ഗതാഗതക്കുരുക്കില്‍ വിലയേറിയ മണിക്കൂറുകളാണ് യാത്രക്കാര്‍ക്ക് നഷ്ടമാവുന്നത്. ബൈപാസ് യാഥാര്‍ഥ്യമാവുന്നതോടെ ഇവക്കൊക്കെ പരിഹാരമാവുകയാണ.് ബൈപാസ് നിര്‍മാണം ആദ്യഘട്ടത്തില്‍ ദേശീയപാത അതോറിറ്റിയാണ് ഏറ്റെടുത്തത്.
മൈലാടിപ്പാറക്ക് അടിഭാഗത്തുള്ള വന്‍ പാറക്കെട്ടുകള്‍ പൊട്ടിച്ചു നീക്കാനാണ് ആദ്യഘട്ടത്തില്‍ ശ്രമം തുടങ്ങിയത്. കരാറുകാരന്‍ പ്രവൃത്തി അനന്തമായി നീട്ടിക്കൊണ്ടുപോയി. എസ്റ്റിമേറ്റ് റിവൈസ് ചെയ്യലും മറ്റ് പ്രവൃത്തികളുടെ ഗോഡൗണായി ബൈപാസ് പരിസരം ഉപയോഗിക്കലും മറ്റും ലക്ഷ്യങ്ങളായിരുന്നുവെന്ന ആരോപണങ്ങളും ഉയര്‍ന്നു. ഏറ്റവും ഒടുവില്‍ യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ 2012-13 സംസ്ഥാന ബജറ്റില്‍ റോഡ് നിര്‍മാണത്തിന് 14 കോടി രൂപ നീക്കിവച്ചു.
മാനന്തവാടി-കല്‍പറ്റ റോഡ്, കല്‍പ്പറ്റ-ബൈപാസ് വഴി എന്നാക്കി മാറ്റിയാണ് പൊതുമരാമത്ത് വകുപ്പ് പ്രവൃത്തി ടെന്‍ഡര്‍ ചെയ്തത്. 2012 ആഗസ്തിലാണ് എഗ്രിമെന്റ് വച്ചത്. 15 മാസം കൊണ്ട് പ്രവര്‍ത്തി പൂര്‍ത്തിയാക്കാനായിരുന്നു കരാര്‍. 30നകം പ്രവൃത്തി പൂര്‍ത്തിയാക്കണം. മേപ്പാടി ജങ്ഷന്‍ മുതല്‍ കൈനാട്ടിവരെ ആകെ 3.770 കിലോമീറ്ററും കൈനാട്ടി മുതല്‍ കമ്പളക്കാട് വരെ 6.400 കിലോമീറ്ററുമാണ് റോഡിന്റെ നീളം. ഇത്രയുംദൂരം റോഡ് ബിറ്റ്‌മെന്‍ മെക്കാഡം ആന്റ് ബിറ്റ്‌മെന്‍ കോണ്‍ക്രീറ്റ് പ്രവൃത്തിയാണ് നടക്കുന്നത്. 3.200 മീറ്റര്‍ പ്രവര്‍ത്തി പൂര്‍ത്തിയായിക്കഴിഞ്ഞു. ബിറ്റ്‌മെന്‍ മെക്കാഡം പ്രവൃത്തിയാണ് പൂര്‍ത്തിയായത്.

Latest