Connect with us

Gulf

ദോഹ സോണ്‍ ആര്‍ എസ് സി സാഹിത്യോത്സവ് സമാപിച്ചു

Published

|

Last Updated

ദോഹ: നന്മകള്‍ വഴിമാറി നിന്ന് ആശയദാരിദ്ര്യം കൊഴുക്കുന്ന സമകാലിക ചുറ്റുപാടില്‍ പതറാത്ത ഇടപെടലുകളാണ് സമൂഹം ആവശ്യപ്പെടുന്നതെന്നും ആര്‍ എസ് സി പോലുള്ള ധാര്‍മ്മിക പ്രവാസി സംഘങ്ങള്‍ക്ക് അത്തരം മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ അര്‍ഹതയുണ്ടെന്നും സാഹിത്യകാരന്‍ എം.ടി.നിലമ്പൂര്‍ അഭിപ്രായപ്പെട്ടു. ദോഹ സോണ്‍ ആര്‍.എസ്.സി സാഹിത്യോത്സവില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസമരുഭൂമി വഹിക്കുന്ന പുണ്യങ്ങളെ സമൂഹത്തിലേക്ക് പ്രസരിപ്പിക്കാന്‍ അച്ചടക്കമുള്ള സംഘശക്തികള്‍ അനിവാര്യമാണ്. സെക്‌സ് റാക്കറ്റും അരുംകൊലയും അരാജകത്വം സൃഷ്ടിക്കുന്ന ദാരുണസന്ധിയില്‍ സാഹിത്യവും സര്‍ഗബോധവും സാമൂഹികവിശുദ്ധിയുടെ അസ്തമിക്കാത്ത അടയാളങ്ങളാകണം. സമൂഹം പലപ്പോഴും മൗനം കൊണ്ട് പാപങ്ങളെ നേരിടുകയോ സ്വയം പാപികളാവുകയോ ആണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇത്തരം സാഹിത്യോത്സവ് വേദികള്‍ അങ്ങിനെയുള്ള ഉയര്‍ന്ന ആലോചനകള്‍ക്ക് കൂടി ഇടമാകണം.മത്സരപരിപാടികളില്‍ പതിനഞ്ചു യൂണിറ്റുകളില്‍ നിന്നായി മാപ്പിളപ്പാട്ട്,കഥ പറയല്‍,ദഫ്മുട്ട്,പെന്‍സില്‍ ഡ്രോയിംഗ്, ജലച്ചായം, ഭാഷാകേളി, ഗണിതകേളി, വിവിധ ഭാഷാ പ്രസംഗങ്ങള്‍, പ്രബന്ധങ്ങള്‍, ക്വിസ്, കഥാ കവിതാ രചനകള്‍, ഡിജിറ്റല്‍ ഡിസൈനിംഗ്, പവര്‍പോയിന്റ്‌റ് പ്രസന്റേഷന്‍, ബുര്‍ദപാരായണം, സ്‌പോട്ട് മാഗസിന്‍, ഡോക്യുമെന്ററി, പ്രോജക്റ്റ് തുടങ്ങിയ നാല്‍പത്തിഅഞ്ചോളം ഇനങ്ങളില്‍ നൂറ്റിഇരുപതോളം പ്രതിഭകള്‍ മാറ്റുരച്ചു. വക്‌റ, ഹിലാല്‍, നജ്മ യൂണിറ്റുകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.സമാപനസംഗമം അഹമദ് സഖാഫി പേരാമ്പ്രയുടെ അധ്യക്ഷത യില്‍ ഉമര്‍ കുണ്ടുതോട് ഉദ്ഘാടനം ചെയ്തു.എം എസ് ഓ അഖിലേന്ത്യാ സെക്രട്ടറി ആര്‍ പി ഹുസൈന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. ജമാല്‍ അസ്ഹരി, അബ്ദുല്‍ സലാം ഹാജി പാപ്പിനിശ്ശേരി, മുഹ്‌യുദ്ദീന്‍ കുട്ടി സഖാഫി പൊന്മള, ബഷീര്‍ വടക്കൂട്ട്, മുഹമ്മദ് വാഴക്കാട്, അബ്ദുസ്സലാം ഹാജി പുത്തനത്താണി, നൗഷാദ് അതിരുമട, അസീസ് കൊടിയത്തൂര്‍,മൊയ്തീന്‍ ഇരിങ്ങല്ലൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഹബീബ് മാട്ടൂല്‍ സ്വാഗതവും ഹാരിസ് തിരുവള്ളൂര്‍ നന്ദിയും പറഞ്ഞു.

Latest