Connect with us

National

ഷിന്‍ഡെക്ക് 'പാറ്റ്‌നക്കപ്പുറം' ജീവിതമുണ്ട്: ഖുര്‍ശിദ്‌

Published

|

Last Updated

ന്യൂഡല്‍ഹി: പാറ്റ്‌നയില്‍ ബോംബ് സ്‌ഫോടനം നടന്ന് മണിക്കൂറുകള്‍ക്കകം കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ ബോളിവുഡ് സംഗീത പരിപാടിയില്‍ പങ്കെടുത്തതിനെതിരെയുണ്ടായ വിമര്‍ശങ്ങളെ പ്രതിരോധിച്ച് വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ശിദ്. പാറ്റ്‌നക്കപ്പുറം ഷിന്‍ഡെക്ക് ഒരു ജീവിതമുണ്ടെന്നാണ് ഖുര്‍ശിദ് പറഞ്ഞത്.
സ്‌ഫോടനം നടന്നതിന് ശേഷവും നരേന്ദ്ര മോഡി പരിപാടിയില്‍ പങ്കെടുത്തതിനെ അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരത്തിലൊരു സംഭവമുണ്ടായതിന് ശേഷം എന്തു തന്നെയായാലും പരിപാടി ഉപേക്ഷിക്കുകയായിരുന്നു വേണ്ടത്. ദൗര്‍ഭാഗ്യകരമായ സംഭവമാണ് പാറ്റ്‌നയിലുണ്ടായത്. ക്രമസമാധാനം സംസ്ഥാന സര്‍ക്കാറിന്റെ ചുമതലയാണ്. സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തോടോ മന്ത്രിയോടോ ചോദിക്കാമായിരുന്നു. ഫോണില്‍ വിളിച്ചാലും മതിയായിരുന്നു.
റാലി ഉപേക്ഷിച്ചിരുന്നെങ്കില്‍ എന്തായിരുന്നു എന്നാണ് താനിപ്പോള്‍ ചോദിക്കുന്നത്. ജീവിതത്തിന്റെ ഭാഗമായ ഒരു ആഘോഷത്തില്‍ പങ്കെടുത്തതിന് ഷിന്‍ഡെയെ വിമര്‍ശിക്കുന്നു. എന്നാല്‍, മോഡിയെ സംബന്ധിച്ച് ചോദിക്കുന്നില്ല. സ്‌ഫോടനമുണ്ടായിട്ടും പരിപാടി നടക്കുകയും മോഡി പ്രസംഗിക്കുകയും ചെയ്തു. പ്രസംഗത്തില്‍ ഒരിടത്തും അവിടെ മരിച്ചവരെ സംബന്ധിച്ച് ഒന്നും പരാമര്‍ശിച്ചില്ല. അത് തിരക്കഥയില്‍ ഇല്ലായിരുന്നോ? അതോ, മറച്ചുവെച്ചതോ? പരുക്കേറ്റവരെ സന്ദര്‍ശിക്കാമായിരുന്നില്ലേ? എന്താണ് സംഭവിച്ചത് എന്നത് കണ്ടെത്താമായിരുന്നില്ലേ? പക്ഷേ പ്രസംഗം ഭംഗിയായി നടന്നു. ഖുര്‍ശിദ് ചൂണ്ടിക്കാട്ടി.

---- facebook comment plugin here -----

Latest