Connect with us

Ongoing News

ഹെല്‍മെറ്റില്ലാത്ത യാത്ര: ലൈസന്‍സ് റദ്ദാക്കാന്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് ഋഷിരാജ് സിംഗ്

Published

|

Last Updated

തിരുവനന്തപുരം: ഹെല്‍മെറ്റില്ലാത്ത ഇരുചക്ര വാഹനയാത്രക്കാരുടെ ലൈസന്‍സ് റദ്ദാക്കാന്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. അമിതവേഗത്തിലും ഹെല്‍മെറ്റില്ലാതെയും വാഹനമോടിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നു മാത്രമാണ് നിര്‍ദേശിച്ചിട്ടുളളതെന്നും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് ബൈവീലേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കുരുവിള മാത്യൂസ് നല്‍കിയ വക്കീല്‍ നോട്ടീസിനുള്ള മറുപടിയിലാണ് സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്. ഹെല്‍മെറ്റ് ധരിക്കാത്തവരുടെ ലൈസന്‍സ് റദ്ദാക്കിയതിനെതിരെയാണ് ബൈവീലേഴ്‌സ് അസോസിയേഷന്‍ കോടതിയെ സമീപിച്ചത്.
വര്‍ധിച്ച റോഡപകടങ്ങളുടെ പശ്ചാത്തലത്തില്‍, ഹെല്‍മറ്റില്ലാതെ യാത്ര ചെയ്യുന്ന ഇരുവചക്ര വാഹന യാത്രക്കാരുടെ ലൈസന്‍സ് ഒരു മാസത്തേക്ക് റദ്ദാക്കാന്‍ ഋഷിരാജ് സിംഗ് ഉത്തരവിട്ടതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധന കര്‍ശനമാക്കുകയും പോലീസും മോട്ടോര്‍ വാഹനവകുപ്പും നിരവധി പേരുടെ ലൈസന്‍സ് താത്കാലികമായി റദ്ദാക്കുകയുമുണ്ടായി. ഒരു മാസത്തോളമായി നടപടി തുടരുന്നുമുണ്ട്. ഇത് നിയമവിരുദ്ധമാണെന്ന് നേരത്തേ തന്നെ ആക്ഷേപമുണ്ടായിരുന്നെങ്കിലും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവനുസരിച്ചാണ് ലൈസന്‍സ് റദ്ദാക്കല്‍ നടപടികളെന്നായിരുന്നു മോട്ടോര്‍ വാഹന വകുപ്പിന്റെ വിശദീകരണം. ഒരു മാസമായി ഹെല്‍മെറ്റിന്റെ പേരില്‍ ജനങ്ങളെ പീഡിപ്പിക്കുകയായിരുന്നെന്നും ലൈസന്‍സ് റദ്ദാക്കല്‍ നടപടിയെക്കുറിച്ച് അന്വേഷണം വേണമെന്നും ബൈവീലേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. റദ്ദാക്കിയ ലൈസന്‍സുകള്‍ അടിയന്തരമായി തിരികെ നല്‍കിയില്ലെങ്കില്‍ ഈ ആവശ്യമുന്നയിച്ച് ഹൈക്കോടതിയെ സമീപിക്കുമെന്നും ബൈവീലേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി.

Latest