Connect with us

National

കേരന്‍ ഏറ്റുമുട്ടല്‍: 'തെളിവ്' നല്‍കാന്‍ കഴിയാതെ സേന

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ കേരന്‍ മേഖലയിലുണ്ടായ സൈനിക ഏറ്റുമുട്ടല്‍ സംബന്ധിച്ച് ദുരൂഹതകള്‍ വര്‍ധിക്കുന്നു. ഏറ്റുമുട്ടലില്‍ മരിച്ച നുഴഞ്ഞുകയറ്റക്കാരുടെ മൃതദേഹങ്ങളോ ആയുധങ്ങളോ കണ്ടെടുക്കാന്‍ ഇതുവരെ ഇന്ത്യന്‍ സൈന്യത്തിന് കഴിഞ്ഞിട്ടില്ല. 150 സൈനികര്‍ ഉള്‍പ്പെട്ട എട്ട് സംഘങ്ങളെ ഇതിനായി നിയോഗിച്ചിട്ടുണ്ടെങ്കിലും ആറ് ദിവസത്തെ തിരച്ചില്‍ കൊണ്ട് യാതൊരുവിധ പ്രയോജനവും ഉണ്ടായിട്ടില്ലെന്ന് കമ്മാന്‍ഡര്‍ ലെഫ്. ജനറല്‍ ഗുര്‍മിത്ത് സിംഗ് അറിയിച്ചു. പ്രത്യേക പരിശീലനം ലഭിച്ച സൈനികരുടെയും ശ്വാനപ്പടയുടെയും സഹായത്തോടെയാണ് നിയന്ത്രണരേഖയിലും പരിസരങ്ങളിലും ആയുധങ്ങള്‍ക്കും മൃതദേഹങ്ങള്‍ക്കും വേണ്ടിയുള്ള തിരച്ചില്‍ നടക്കുന്നത്.
ഏറ്റുമുട്ടല്‍ സംബന്ധിച്ച തെളിവുകള്‍ ഹാജരാക്കുന്നതിന് വേണ്ടി താന്‍ കടുത്ത സമ്മര്‍ദത്തിലാണെന്ന് ജനറല്‍ ഗുര്‍മിത്ത് സിംഗ് സമ്മതിച്ചു. മൃതദേഹങ്ങള്‍ കാണുന്നതു വരെ ഇത് സംബന്ധിച്ച് യാതൊരു വിധ അവകാശവാദങ്ങള്‍ക്കും താന്‍ തയ്യാറല്ല. പക്ഷേ, സൈനികര്‍ നല്‍കുന്ന ഉറപ്പിനെ തള്ളിക്കളയാനുമാകില്ല. മൃതദേഹങ്ങളും ആയുധങ്ങളും തങ്ങള്‍ കണ്ടതാണെന്നും കനത്ത വെടിവെപ്പ് നടക്കുന്നതിനാല്‍ ചിത്രം പകര്‍ത്താന്‍ കഴിഞ്ഞില്ലെന്നുമാണ് സൈനികര്‍ നല്‍കിയ വിശദീകരണമെന്നും സിംഗ് പറഞ്ഞു. പക് സൈന്യം മൃതദേഹങ്ങള്‍ നീക്കം ചെയ്തിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
15 ദിവസമാണ് ഇന്ത്യന്‍ സൈന്യവും പാക് നുഴഞ്ഞുകയറ്റക്കാരും തമ്മില്‍ അതിര്‍ത്തിയിലെ കേരന്‍ മേഖലയില്‍ ശക്തമായ വെടിവെപ്പ് നടന്നത്. ഏറ്റുമുട്ടലില്‍ 12 ഓളം നിഴഞ്ഞുകയറ്റക്കാര്‍ കൊല്ലപ്പെട്ടതായി സൈനിക വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു. നാല്‍പ്പതോളം പേര്‍ അടങ്ങുന്ന പാക് സായുധ സംഘം ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
അതേസമയം, ഏറ്റുമുട്ടല്‍ സംബന്ധിച്ച് കേന്ദ്രം സൈനിക നേതൃത്വത്തോട് വിശദീകരണം തേടിയിട്ടുണ്ട്. ഈ വര്‍ഷം ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നടന്ന ഏറ്റവും വലിയ ഏറ്റുമുട്ടലുകളാണ് കേരന്‍ മേഖലയില്‍ കഴിഞ്ഞ 15 ദിവസങ്ങളില്‍ ഉണ്ടായത്. അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റക്കാരുടെ ആക്രമണം ഉണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തി ന്റെ മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും കേരന്‍ മേഖല സംബന്ധിച്ച വ്യക്തമായ സൂചന നല്‍കാന്‍ അവര്‍ക്ക് കഴിയാതിരുന്നത് വീഴ്ച തന്നെയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ പറഞ്ഞു.