Connect with us

Wayanad

വേഗപ്പൂട്ട് ഇരട്ടത്താപ്പ് നയം തിരുത്തണം: സി ഐടി യു

Published

|

Last Updated

മാനന്തവാടി: വേഗപ്പൂട്ട് ഇരട്ടത്താപ്പ് നയം തിരുത്തണമെന്ന് മോട്ടോര്‍ ആന്‍ഡ് എഞ്ചിനിയറിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐ ടി യു) ബസ്സ് സെക്ടര്‍ മാനന്തവാടി താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.
ട്രാന്‍സ് പോര്‍ട്ട് കമ്മീഷ്ണറുടെ ഉത്തരവ് പ്രകാരം നടപ്പില്‍ വരുത്തുന്ന നിയമങ്ങള്‍ സ്വാഗതം ചെയ്യുന്നതോടൊപ്പം ഇതിലെ ഇരട്ടത്താപ്പ് നയങ്ങള്‍ അവസാനിപ്പിക്കണം. ചില നിയമങ്ങള്‍ തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്നതാണ്. വേഗപൂട്ട് നിര്‍ബന്ധമാക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ല. സ്വകാര്യ ബസ്സുകളില്‍ വേഗപൂട്ട് നിര്‍ബന്ധമാക്കപ്പെടുകയും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കെഎസ്ആര്‍ടിസി ബസ്സുകളില്‍ വേഗപൂട്ട് ഇല്ലാതെ സര്‍വ്വീസ് നടത്തുകയാണ്. ഇത് ഇരട്ടത്താപ്പാണ്. മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ റോഡില്‍ നടത്തുന്ന പരിശോധന കൂടാതെ പോലീസും സ്വകാര്യ ബസ്സ് തൊഴിലാളികളെ ബുദ്ധിമുട്ടിക്കുകയാണ്. റോഡിന്റെ ശോച്യാവസ്ഥയും പരിശോധനയും മൂലം യാത്രക്കാരെയും വിദ്യാര്‍ഥികളെയുംസമയത്ത് ലക്ഷ്യ സ്ഥാനത്ത് എത്തിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ്. ഇത് തൊഴിലാളികള്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു. ഇത്തരം നടപടികളില്‍ നിന്നും അധികൃതര്‍ പിന്‍മാറി തൊഴിലാളികള്‍ക്ക് സ്വതന്ത്ര്യമായി തൊഴില്‍ ചെയ്യുന്നതിനുള്ള അവസരം സൃഷ്ടിക്കണം. അല്ലാത്ത പക്ഷം താലൂക്കിലെ മുഴുവന്‍ ബസ് തൊഴിലാളികളെ സംഘടിപ്പിച്ച് ശക്തമായ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പി യു സന്തോഷ് കുമാര്‍, എ നാസര്‍, പി ബഷീര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Latest