Connect with us

National

കൂട്ടാളികള്‍ കുടുങ്ങുമ്പോഴും ഓഡിനന്‍സിനെ കുറിച്ച് മോഡിക്ക് മൗനം

Published

|

Last Updated

അഹമ്മദാബാദ്: ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കുന്നത് തടയുന്നതിനുള്ള ഓര്‍ഡിനന്‍സ് സംബന്ധിച്ച് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് മൗനം. ഓര്‍ഡിനന്‍സ് വലിച്ചു കീറണമെന്ന രാഹുലിന്റെ അഭിപ്രായത്തെ മോഡി പരിഹസിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇത് സംബന്ധിച്ച് മോഡി നിശ്ശബ്ദത പാലിച്ചതും ശ്രദ്ധേയമാണ്. ഗുജറാത്ത് നിയമസഭയിലെ പല ബി ജെ പി അംഗങ്ങളും ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവിനെയും കോണ്‍ഗ്രസ് നേതാവ് റഷീദ് മസൂദിനെയും പോലെ അഴിമതി ആരോപണങ്ങള്‍ നേരിടുന്ന സാഹചര്യം നിലനില്‍ക്കുന്നത് കൊണ്ടാണ് ഓര്‍ഡിനന്‍സ് സംബന്ധിച്ച് മോഡി നിശബ്ദത പാലിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
2012ല്‍ നടന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ച 182 പേരില്‍ 57പേര്‍ക്കെതിരെയും ക്രിമിനല്‍ കേസുകളുണ്ട്. അംഗങ്ങളില്‍ 31 ശതമാനം പേര്‍ പ്രതികളാണെന്ന് തിരഞ്ഞെടുപ്പ് നിരീക്ഷകനായ ജഗദീപ് ചോഹ്കര്‍ ചൂണ്ടിക്കാട്ടുന്നു. ഇതില്‍ 24 പേര്‍ക്കെതിരെ വളരെ ഗൗരവമേറിയ കുറ്റങ്ങളാണ് നിലനില്‍ക്കുന്നത്. കുറ്റകൃത്യങ്ങളില്‍ മുകളില്‍ നില്‍ക്കുന്ന 10 പേരില്‍ ആറ് അംഗങ്ങളും ബി ജെ പിയുടെതാണ്. എം എല്‍ എ മാത്രമല്ല ബി ജെ പി. എം പിമാരായ പഞ്ച്മഹലില്‍ നിന്നുള്ള പ്രഭാത്സിന്‍ ചൗഹാന്‍, പോര്‍ബന്തറില്‍ നിന്നുള്ള വിത്തല്‍ റഡാദിയ എന്നിവര്‍ ഗൗരവമാര്‍ന്ന ക്രിമിനല്‍ കേസുകളാണ് നേരിടുന്നത്. ജനഗറില്‍ നിന്നുള്ള ബി ജെ പി. എം പി ദിനു സോളങ്കി ആര്‍ ടി ഐ പ്രവര്‍ത്തകനായ അമിത് ജെത്‌വയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്നു.
അനധികൃത ഖനനവുമായി ബന്ധപ്പെട്ട കേസില്‍ സോളങ്കിക്കും അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കും പങ്കുള്ളതായും ആരോപണമുണ്ട്.
മോഡിയുടെ വലംകൈയായി അറിയപ്പെടുന്ന അമിത് ഷായും പട്ടികയില്‍ ഉള്‍പ്പെടുന്നു. വ്യാജ ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന ഷാ ഇപ്പോള്‍ ബി ജെ പി ജനറല്‍ സെക്രട്ടറിയാണ്. ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുക്കാന്‍ ഏല്‍പ്പിച്ചിരിക്കുന്നത് ഷായെയാണ്.
2002ല്‍ 97 പേരുടെ മരണത്തിനിടയാക്കിയ നരോദ പാട്യ കേസുമായി ബന്ധപ്പെട്ട് മോഡിയുടെ അടുത്തയാളായിരുന്ന മുന്‍ മന്ത്രി മായ കൊട്‌നാനിയും ആരോപണം നേരിടുന്നുണ്ട്. മോഡിയുടെ ക്യാബിനറ്റിലെ മുതിര്‍ന്ന മന്ത്രി ബാബു ഭഖിരിയ 54 കോടിയുടെ അനധികൃത ഖനി വിവാദവുമായി ബന്ധപ്പെട്ട് വിചാരണ കോടതിയുടെ നടപടികള്‍ നേരിടുകയാണിപ്പോള്‍. ഭഖിരിയ ഇപ്പോഴും മന്ത്രിയായി തുടരുന്നു. ടെന്‍ഡര്‍ നടപടികളൊന്നും സ്വീകരിക്കാതെ 50 മത്സ്യബന്ധന കരാറുകള്‍ നല്‍കിയ കേസില്‍ അന്വേഷണം നേരിടുന്ന മന്ത്രി പുരുഷോത്തം സോളങ്കിയും മോഡിയുടെ ക്യാബനറ്റിലുണ്ട്.
ജൂലൈ 10ലെ സുപ്രീം കോടതി വിധി മോഡിക്കുള്ള അനുകൂല സാഹചര്യങ്ങളെ തള്ളിക്കളയാന്‍ പര്യാപ്തമാണ്. ഇക്കാരണത്താലാണ് പൊതുവെ വാക് സാമര്‍ഥ്യം പ്രകടിപ്പിക്കാറുള്ള മോഡി ഓര്‍ഡിനന്‍സ് വിഷയത്തില്‍ നിശ്ശബ്ദത പാലിക്കുന്നതെന്നും നിരീക്ഷകര്‍ വ്യക്തമാക്കുന്നു.

Latest