Connect with us

Gulf

സിറിയന്‍ ജനതയുടെ ദുരിതങ്ങള്‍ക്കു കാരണം ബശാര്‍ അല്‍ അസദ്: ജി സി സി വിദേശകാര്യ മന്ത്രിമാര്‍

Published

|

Last Updated

ദുബൈ: സിറിയന്‍ ജനത അനുഭവിക്കുന്ന ദുരിതങ്ങള്‍ക്കു കാരണം പ്രസിഡന്റ് ബശാര്‍ അല്‍ അസദിന്റെ തെറ്റായ നയങ്ങളാണെന്ന് അമേരിക്കയും ജി സി സിയും സംയുക്തമായി ഇറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
ഐക്യരാഷ്ട്ര സഭയില്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും ജി സി സി വിദേശകാര്യ മന്ത്രിമാരും ചര്‍ച്ച നടത്തിയ ശേഷമായിരുന്നു പ്രസ്താവന. യു എ ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പങ്കെടുത്തു. സിറിയന്‍ രാസായുധങ്ങള്‍, ഇറാന്റെ ആണവ പദ്ധതി എന്നിവയെ കുറിച്ചാണ് മുഖ്യമായും ചര്‍ച്ച നടന്നത്.
“സിറിയയില്‍ കൂട്ടക്കൊലകള്‍ക്ക് ഉത്തരവാദി ബശാര്‍ അല്‍ അസദാണ്. അവിടെ വേഗത്തില്‍ രാഷ്ട്രീയ മാറ്റം സംഭവിക്കണം. മനുഷ്യാവകാശങ്ങള്‍ പാലിക്കപ്പെടണം. സിറിയന്‍ പ്രതിപക്ഷ മുന്നണിക്കാണ് ഞങ്ങളുടെ പിന്തുണ. കഴിഞ്ഞ വര്‍ഷം സിറിയന്‍ പ്രതിപക്ഷത്തിന് കുവൈത്തിന്റെ മുന്‍കൈയില്‍ സംഭാവന നല്‍കിയിരുന്നു. 160 കോടി ഡോളറാണ് പിരിച്ചെടുത്തത്.
അതേസമയം സിറിയന്‍ അഭയാര്‍ഥികള്‍ക്ക് അയല്‍ രാജ്യങ്ങള്‍ നല്‍കുന്ന സഹായം അഭിനന്ദനാര്‍ഹം. ഈജിപ്തില്‍ സുസ്ഥിരത അനിവാര്യം. ഭാവി പദ്ധതികള്‍ക്ക് ആസൂത്രണം ആവശ്യമാണ്. ഈജിപ്തില്‍ ജനാധിപത്യ മാര്‍ഗത്തിലൂടെ ഭരണം നടക്കണം. ഇറാന്‍ ആണവ വിരുദ്ധ കരാര്‍ പാലിക്കണം-പ്രസ്താവന ആവശ്യപ്പെട്ടു.