Connect with us

Malappuram

ചെന്നൈയില്‍ നവവധു കുത്തേറ്റ മരിച്ച സംഭവം; ദുരൂഹതയേറുന്നു

Published

|

Last Updated

താനൂര്‍: നിറമരുതൂര്‍ കാളാട് സ്വദേശിയായ നവവധു ചെന്നൈയില്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. ഭര്‍ത്താവ് മുഹമ്മദ് റഫീഖിന്റെ അറസ്റ്റിന് പിന്നാലെ സുഹൃത്തുക്കളായ അഞ്ച് പേരെ കൂടി ചിന്ന മേട്ടുപ്പാളയം പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രിയോടെ കുത്തേറ്റ നൂര്‍ജഹാനെ റഫീഖിന്റെ അടുത്ത സുഹൃത്തുക്കളായ സിദ്ദീഖ്, മുഷ്താഖ്, ഡ്രൈവര്‍, മറ്റ് രണ്ട്‌പേര്‍ എന്നിവരാണ് ആശുപത്രിയിലെത്തിച്ചതെന്നാണ് സൂചന. മരണം നടന്ന തിങ്കളാഴ്ച അജ്ഞാതരായ രണ്ട് പേര്‍ക്കൊപ്പം നൂര്‍ജഹാന്‍ നാട്ടിലേക്ക് മടങ്ങാന്‍ റെയില്‍വേ സ്റ്റേഷനിലെത്തിയതായും വിവരം ലഭിച്ചു. എന്നാല്‍ ഈ രണ്ട് പേരുമായി നൂര്‍ജഹാന്‍ വാക്കുതര്‍ക്കം നടക്കുകയും ഫഌറ്റിലേക്ക് തിരിച്ച് പോകുകയും ചെയ്തത്രേ. തുടര്‍ന്ന് റഫീഖും നൂര്‍ജഹാനും തര്‍ക്കമുണ്ടാകുകയും ഇത് പിന്നീട് കൊലപാതകത്തില്‍ കലാശിക്കുകയും ചെയ്തതായാണ് ലഭിക്കുന്ന വിവരം. വ്യാജ ചികിത്സയും മന്ത്രവാദവും ആണ് റഫീഖിന്റെ മുഖ്യ തൊഴില്‍. ഇത് സംബന്ധിച്ചും പോലീസ് അന്വേഷണം നടക്കുന്നുണ്ട്. കേരളത്തിലെ ഒരു പ്രധാന നഗരത്തിലെ റഫീഖിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്നും ഇത് സംബന്ധിച്ചും അന്വേഷണം നടക്കുമെന്നും പോലീസ് നൂര്‍ജഹാന്റെ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചയോടെ തന്നെ നൂര്‍ജഹാന്റെ പോസ്റ്റുമോര്‍ട്ടവും നടപടിക്രമങ്ങളും പൂര്‍ത്തിയായി. ഇന്ന് രാവിലെ മൃതദേഹം കാളാടിലെ വീട്ടിലെത്തിച്ച് കോരങ്ങത്ത് ജുമുഅ മസ്ജിദില്‍ കബറടക്കും.

Latest