Connect with us

Gulf

കള്ളക്കടത്തിന്റെ വഴി പുനഃനിര്‍മിക്കപ്പെടുമ്പോള്‍

Published

|

Last Updated

ഏതാണ്ട് 15 വര്‍ഷം മുമ്പ്, ഗള്‍ഫില്‍ നിന്ന് അഞ്ച് കിലോ സ്വര്‍ണം നാട്ടിലേക്ക് കൊണ്ടുപോകുന്ന “കാരിയര്‍”മാര്‍ ഉണ്ടായിരുന്നു. ഇവര്‍ക്ക് ടിക്കറ്റും 3,000 ദിര്‍ഹവുമാണ് പ്രതിഫലം. സ്വര്‍ണത്തിന്റെ ഉടമക്ക് അന്ന് രണ്ട് ലക്ഷം രൂപ വരെ ലാഭം. ഇത്തരം ഇടപാട് ചുറ്റിപ്പറ്റി നിരവധി സംഘങ്ങള്‍ രൂപപ്പെട്ടിരുന്നു.
ആരെങ്കിലും നാട്ടിലേക്ക് പോകുന്നുണ്ടെന്നറിഞ്ഞാല്‍ ഏജന്റുമാര്‍ എത്തി പ്രലോഭിപ്പിക്കും. “അഞ്ച് കിലോ സ്വര്‍ണം നാട്ടിലെത്തിച്ചാല്‍, വന്‍ തുക കൈയില്‍ വരും ടിക്കറ്റും തരാം. നികുതി അടച്ച് നേരായ വഴിക്ക് കൊണ്ടുപോകാണെന്നതിനാല്‍ നിയമത്തെ പേടിക്കേണ്ടതില്ല. ഇന്ത്യയിലെ വിമാനത്താവളത്തില്‍ കസ്റ്റംസിന് നല്‍കേണ്ട തീരുവ അടക്കം ചെയ്ത പാക്കറ്റും സ്വര്‍ണത്തോടൊപ്പം തരും” .
മുംബൈ വഴിയാണ് അന്ന് പലരും നാട്ടിലേക്ക് പോവുക. സ്വര്‍ണം കൈമാറാന്‍ അവിടെ വിമാനത്താവളത്തിനു പുറത്ത് ഏജന്റുമാര്‍ ഉണ്ടാകും. കാരിയര്‍ക്ക് ആകെയുള്ള പ്രശ്‌നം അഞ്ച് കിലോ സ്വര്‍ണം ഇറക്കുമതി ചെയ്തുവെന്ന് പാസ്‌പോര്‍ട്ടില്‍ കസ്റ്റംസ് രേഖപ്പെടുത്തും എന്നേയുള്ളൂ. അന്ന്, ഗള്‍ഫില്‍ നാട്ടിലേതിനെക്കാള്‍ ശുദ്ധമായ സ്വര്‍ണം ലഭിക്കും. ഇന്ത്യയിലേതിനെ അപേക്ഷിച്ച് വിലക്കുറവ്.
ഗള്‍ഫ് നഗരങ്ങളില്‍ വിപുലമായ ശൃംഖലയാണ് രൂപംകൊണ്ടത്. ഗ്രാമങ്ങളില്‍ ജോലി ചെയ്യുന്നവരെ പോലും ഏജന്റുമാര്‍ കണ്ടെത്തുമായിരുന്നു. നഗരത്തിലെ വിമാനത്താവളത്തില്‍ എത്തിയാല്‍ സ്വര്‍ണക്കട്ടി കടലാസില്‍ പൊതിഞ്ഞ് കാരിയരെ ഏല്‍പ്പിക്കും. പെട്ടുപോയല്ലോ എന്ന് പിന്നീടാണ് ചിന്ത ഉണരുക. ജീവന്‍ കൈയില്‍ പിടിച്ചുള്ള യാത്രയാണെന്ന് വേഗം തിരിച്ചറിയും. ഓരോ കണ്ണുകളും തിന്നിലേക്കാണെന്ന് സംശയമുണരും. പേടിച്ചാണ് വിമാനത്താവളത്തില്‍ ഇറങ്ങുക. അധോലോക സംഘങ്ങള്‍ തട്ടിയെടുത്താല്‍ ഉത്തരവാദിത്തം കാരിയര്‍ക്കാണ്. വീടും പറമ്പും പണയപ്പെടുത്തിയാല്‍ പോലും കടം വീട്ടാന്‍ കഴിയില്ല.
മുംബൈയില്‍ “അഞ്ച് കിലോ” കടത്ത് ചുറ്റിപ്പറ്റി അധോലോകം രൂപപ്പെട്ടിരുന്നു. ചിലര്‍ തട്ടിക്കൊണ്ടു പോകലിന് വിധേയമായി. ഒന്നോ രണ്ടോ കൊലപാതകങ്ങളും നടന്നിട്ടുണ്ട്. ഒരിക്കല്‍ സ്വര്‍ണം കൊണ്ടുപോയ ആളുകള്‍ രണ്ടാമത് കൊണ്ടുപോകാന്‍ ഭയപ്പെടും.
ഇതിനിടയില്‍ അനധികൃത സ്വര്‍ണക്കടത്ത് നിര്‍ബാധം നടന്നിരുന്നു. കസ്റ്റംസിന്റെ കണ്ണ് വെട്ടിച്ചാണ് സ്വര്‍ണം കടത്തുക. ഇതിന് വിദഗ്ധരായ ആളുകള്‍ ഗള്‍ഫില്‍ സ്ഥിരം സന്ദര്‍ശകരായി. അവര്‍ സ്ത്രീകളെയും ഉപയോഗിക്കുമായിരുന്നു. ഗര്‍ഭനിരോധന ഉറകളില്‍ പൊതിഞ്ഞ്, സ്ത്രീകളുടെ രഹസ്യഭാഗങ്ങൡ പോലും ഒളിപ്പിച്ച് കടത്തിയത് വാര്‍ത്തയായിരുന്നു. ചിലര്‍ കറുത്ത പേപ്പറില്‍ പൊതിഞ്ഞ് ലഗേജില്‍ ഒളിപ്പിച്ചാണ് കണ്ണുവെട്ടിക്കുക. അന്ന് സ്‌കാനിംഗ് യന്ത്രത്തിന് വലിയ ശേഷി ഉണ്ടായിരുന്നില്ല.
സ്വര്‍ണക്കടത്ത് സംഘങ്ങള്‍ ഏറ്റുമുട്ടുന്നതും പതിവായിരുന്നു. ചില കാരിയര്‍മാര്‍ സ്വര്‍ണ ഉടമകളെ വഞ്ചിച്ചതിന്റെ പേരില്‍ കൊലപാതകങ്ങള്‍ നടന്നു. കാസര്‍കോട്ട് ഒരാള്‍ വെടിയേറ്റ് മരിക്കാനിടയായി.
പിന്നീട് സ്വര്‍ണത്തിന്റെ തീരുവയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് വരുത്തി. മറ്റൊരു ഭാഗത്ത് അധോലോക സംഘങ്ങള്‍ ദുര്‍ബലമായി. നാട്ടിലേക്ക് കള്ളക്കടത്ത് നന്നേ കുറഞ്ഞു. ഇടക്കിടെ കുങ്കുമപ്പൂവ് ചിലര്‍ കടത്താറുണ്ടായിരുന്നു. അതില്‍ പറയത്തക്ക ലാഭം ലഭിച്ചിരുന്നില്ല.
ഈയിടെയായി ഗള്‍ഫില്‍ നിന്ന് സ്വര്‍ണക്കടത്തും കുങ്കുമപ്പൂ കടത്തും ശക്തിപ്പെട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസം രണ്ട് സ്ത്രീകളെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്തു. 20 കിലോ സ്വര്‍ണമാണ് ഇവരില്‍ നിന്ന് കണ്ടെത്തിയത്. കോഴിക്കോട് കോട്ടപ്പള്ളി സ്വദേശി ആസിഫ (25), തൃശൂര്‍ എടക്കഴിയൂര്‍ സ്വദേശി ആരിഫ (26) എന്നിവരാണ് അറസ്റ്റിലായത്.
സ്വര്‍ണക്കട്ടികള്‍ പര്‍ദക്കകത്തെ ജാക്കറ്റില്‍ ഒളിപ്പിച്ചുവെച്ചിരിക്കുകയായിരുന്നു. പ്രത്യേകം തയാറാക്കിയ ജാക്കറ്റുകളായിരുന്നു അവ. എക്‌സ്‌റേ യന്ത്രത്തിന് എളുപ്പം കണ്ടുപിടിക്കാന്‍ കഴിയാത്ത വിധമുള്ള ജാക്കറ്റുകളായിരുന്നു.
ആസിഫ ഗര്‍ഭിണിയാണ്. ഭര്‍ത്താവ് ദുബൈയിലുണ്ട്. ആരിഫയുടെ ഭര്‍ത്താവും മൂന്ന് വയസുള്ള കുട്ടിയും ഒപ്പമുണ്ടായിരുന്നു. ആരിഫയും ആസിഫയും നിരവധി യാത്രകള്‍ നടത്തിയിട്ടുണ്ടെന്ന് കസ്റ്റംസ് വൃത്തങ്ങള്‍ പറയുന്നു.
രണ്ടാഴ്ച മുമ്പ് മംഗലാപുരത്ത് പള്ളിക്കര സ്വദേശി കുങ്കുമപ്പൂ ശേഖരവുമായി പിടിയിലായി. അയാളും കാരിയര്‍ ആയിരുന്നുവത്രെ. സ്വര്‍ണം, കുങ്കുമപ്പൂ കടത്തുകാര്‍, ഇവരെയൊക്കെ ഉപയോഗപ്പെടുത്തുകയാണ്. ഒരു കിലോ സ്വര്‍ണം നാട്ടിലേക്ക് കടത്തിയാല്‍ നിലവിലെ നിരക്കനുസരിച്ച് 50,000 രൂപയാണ് ലാഭം. കാരിയര്‍ക്ക് 25 ശതമാനം നല്‍കിയാല്‍ തന്നെ നല്ല ലാഭമാണ്. ആസിഫക്കും ആരിഫക്കും രണ്ട് ലക്ഷം രൂപ വീതം ലഭിക്കാന്‍ സാധ്യതയുണ്ടായിരുന്നു. ഇത്തരം പ്രലോഭനങ്ങളില്‍ കുടുങ്ങുന്നവര്‍ പക്ഷേ വലിയ കണ്ണൂര്‍ കടലിലൂടെയാകും പിന്നീട് യാത്ര ചെയ്യുക.
20 കിലോ സ്വര്‍ണത്തിന്റെ ഉറവിടം ഇവര്‍ കസ്റ്റംസിനോട് പറയേണ്ടിവരും. കുറേകാലം കൊഫേപോസ പ്രകാരം ജയിലില്‍ കിടക്കേണ്ടിവരും. വന്‍ തുക കസ്റ്റംസ് പിഴ അടക്കേണ്ടി വരും.
കുഴല്‍പണ ശൃംഖലകളാണ് സ്വര്‍ണക്കടത്തിലേക്ക് തിരിഞ്ഞതെന്നാണ് ഗള്‍ഫില്‍ പ്രചരിക്കപ്പെടുന്നത്. കുഴല്‍പ്പണം ഇപ്പോള്‍ ലാഭകരമായ ബിസിനസല്ല. വിനിമയ നിരക്ക് നന്നേ കുറഞ്ഞതിനാല്‍ ബേങ്ക് വഴിയാണ് മിക്കവരും നാട്ടിലേക്ക് പണം അയക്കുന്നത്. കുഴല്‍പണ ഇടപാടുകാരുടെ കഞ്ഞികുടി അതോടെ മുട്ടി.
സ്വര്‍ണക്കടത്ത് 15 വര്‍ഷം മുമ്പത്തെ അവസ്ഥയിലേക്ക് എത്തിയിരിക്കുന്നുവെന്നാണ് മനസിലാകുന്നത്. മുംബൈ, നെടുമ്പാശ്ശേരി, മംഗലാപുരം വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് അധോലോക സംഘങ്ങള്‍ ഉയര്‍ന്നുവന്നേക്കാം. കസ്റ്റംസിലെ ഒരു വിഭാഗം ഇതിനു കൂട്ടു നിന്നേക്കാം. പക്ഷേ, നിരപരാധികളായ പലരും വഞ്ചിക്കപ്പെടാന്‍ ഇടയുണ്ട്. ജാഗ്രതപാലിക്കേണ്ടതുണ്ട്.

Latest