Connect with us

Kerala

എസ് വൈ എസ് സംഘടനാ സ്‌കൂള്‍, എസ് ആര്‍ ജി ക്യാമ്പ് നാളെ

Published

|

Last Updated

കോഴിക്കോട്: സംഘശാക്തീകരണം അടിസ്ഥാനമാക്കി എസ് വൈ എസ് സംവിധാനിച്ച സംഘടനാ സ്‌കൂളിന്റെ ഭാഗമായ സ്റ്റേറ്റ് റിസോഴ്‌സ് ഗ്രൂപ്പ് നാളെ കോഴിക്കോട്ട് സംഗമിക്കും. സംഘടനയുടെ ബഹുജനാടിത്തറ വിപുലപ്പെടുത്തുന്നതിനും പുതിയ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തിയുള്ള ദഅ്‌വത്തിന് പ്രവര്‍ത്തകരെ സജ്ജീകരിക്കുന്നതിനുമാണ് സംഘടനാ സ്‌കൂള്‍ മുഖ്യമായും ലക്ഷ്യമിടുന്നത്.
കഴിഞ്ഞ ഏപ്രില്‍ മാസം കാസര്‍കോട്ടു ചേര്‍ന്ന വാര്‍ഷിക കൗണ്‍സിലില്‍ മുന്നോട്ട് വെച്ച ഒരു വര്‍ഷത്തെ മെഗാ പദ്ധതിയുടെ പ്രയോഗവത്കരണം മുഖ്യ അജന്‍ഡയാക്കിയാണ് സംഘടനാ സ്‌കൂളിന്റെ അഞ്ചാം ഘട്ടം ആരംഭിച്ചത്. വെട്ടിച്ചിറയില്‍ നടന്ന സംസ്ഥാന പണിപ്പുരയുടെ ഭാഗമായിച്ചേര്‍ന്ന കാബിനറ്റ് അന്തിമരൂപം നല്‍കിയ കര്‍മ പദ്ധതി പൂര്‍ത്തീകരണത്തിന് ഊന്നല്‍ നല്‍കി അടുത്ത മാസം ആറിന് ജില്ലാ പാഠശാലകള്‍ ആരംഭിക്കും. പാഠശാലകളില്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കുന്ന എസ് ആര്‍ ജിമാര്‍ക്കുള്ള പരിശീലനമാണ് നാളെ നടക്കുന്നത്. കാലത്ത് പത്ത് മണിമുതല്‍ സമസ്ത സെന്ററിലെ എക്‌സിക്യൂട്ടീവ് ഹാളില്‍ ചേരുന്ന ക്യാമ്പില്‍ സംസ്ഥാനത്ത് നിന്നും തിരഞ്ഞെടുക്കപ്പെട്ട 60 പ്രതിനിധികള്‍ പങ്കെടുക്കും. പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, സി പി സൈതലവി മാസ്റ്റര്‍, മജീദ് കക്കാട്, മുഹമ്മദ് പറവൂര്‍, സ്വാദിഖ് വെളിമുക്ക് വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.