Connect with us

International

രാസായുധ പ്രയോഗം: സിറിയയില്‍ ആയിരത്തിലേറെ മരണം

Published

|

Last Updated

ദമസ്‌കസ്: സിറിയയില്‍ രാസായുധാക്രമണത്തില്‍ വന്‍ ആള്‍ നാശം. രാസായുധാക്രമണത്തില്‍ 1300 പേര്‍ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. എന്നാല്‍ സൈന്യം മാരക രാസായുധങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നുവെന്ന് വിമതര്‍ ആരോപിച്ചു. വിമതര്‍ക്ക് സ്വാധീനമുള്ള കിഴക്കന്‍ ദമസ്‌കസിലെ ഗൗത മേഖലയിലാണ് സൈനിക വിമാനങ്ങള്‍ രാസായുധം പ്രയോഗിച്ചത്. മരിച്ചവരിലേറെയും സ്ത്രീകളും കുട്ടികളുമാണ്. കിഴക്കന്‍ ഗൗതയിലും പശ്ചിമ ഗൗതയിലും സൈന്യം ആക്രമണം ശക്തിപ്പെടുത്തിയതായി സിറിയന്‍ മനുഷ്യാവകാശ സംഘടന വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. പ്രദേശത്ത് രാസായുധം പ്രയോഗിച്ച സൈന്യത്തിന്റെ വിമാനങ്ങള്‍ മേഖലയില്‍ നിരീക്ഷണപ്പറക്കല്‍ നടത്തുന്നതായി സിറിയന്‍ റവല്യൂഷനറി കമാന്‍ഡ് കൗണ്‍സില്‍ ആരോപിച്ചു. ശക്തമായ ബോംബാക്രമണത്തെത്തുടര്‍ന്ന് ആകാശത്ത് കട്ടിയുള്ള കറുത്ത പുകപടലങ്ങള്‍ കാണാമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന് ഇരയായവരുടെ വായില്‍ നിന്ന് നുരയും പതയും വരുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആക്രമണത്തെ തുടര്‍ന്ന് നിരവധി മൃതദേഹങ്ങള്‍ മധ്യ ദമസ്‌കസിലെ കഫ്‌റ് ബത്‌ന ആശുപത്രിയില്‍ എത്തിച്ചതായി വിമതര്‍ അറിയിച്ചു. രാസായുധ പ്രയോഗത്തെ തുടര്‍ന്ന് അവശരായി ആശുപത്രിയില്‍ കിടക്കുന്ന കുട്ടികളുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. അതേസമയം മരണത്തിന് കാരണം രാസായുധ പ്രയോഗമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
യു എന്‍ രാസായുധ പരിശോധനാ സംഘം സിറിയയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് സംഭവം. സംഭവസ്ഥലം യു എന്‍ സംഘം സന്ദര്‍ശിക്കണമെന്ന് അറബ് ലീഗ് ആവശ്യപ്പെട്ടു. അതേസമയം രാസായുധ ആക്രമണം നടന്നെന്ന ആരോപണത്തെ സിറിയ നിഷേധിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തര യു എന്‍ സുരക്ഷാ കൗണ്‍സില്‍ യോഗം വിളിച്ചു ചേര്‍ക്കണമെന്ന് പ്രതിപക്ഷ സംഘടനയായ സിറിയന്‍ ദേശീയ സഖ്യം ആവശ്യപ്പെട്ടു. അതേസമയം വിമതരില്‍ നിന്ന് തെക്ക് പടിഞ്ഞാറന്‍ ദമസ്‌കസിലെ മദാമിയത് അല്‍ ശാം തിരിച്ചു പിടിക്കാന്‍ വേണ്ടിയാണ് സൈന്യം ആക്രമണം ശക്തിപ്പെടുത്തിയതെന്ന് ബ്രിട്ടന്‍ ആസ്ഥാനമായ മനുഷ്യാവകാശ സംഘടന പറഞ്ഞു.

Latest